പട്ടികയിലൊതുങ്ങരുത് അഴിമതിവിരുദ്ധ പോരാട്ടം

Wait 5 sec.

കേരളത്തിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതിക്കാരായ 1,600 ഉദ്യോഗസ്ഥര്‍ വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നിരീക്ഷണത്തിലാണ.് അഴിമതിരഹിത കേരളം ലക്ഷ്യമിട്ട് വിജിലന്‍സ് നടപ്പാക്കുന്ന “പ്രൊജക്റ്റ് സീറോ’യുടെ ഭാഗമായാണ് ഉദ്യോഗസ്ഥതലത്തിലെ അഴിമതിക്കാരുടെ പട്ടിക തയ്യാറാക്കി നിരീക്ഷണത്തിലാക്കിയത്. ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന റവന്യൂ, തദ്ദേശ സ്വയംഭരണം, മോട്ടോര്‍ വാഹന വകുപ്പുകളിലാണ് അഴിമതിക്കാര്‍ കൂടുതലെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം വ്യക്തമാക്കി.നിരീക്ഷണത്തിലുള്ള 1,600 പേരില്‍ 250ഓളം പേര്‍ “റെഡ് കാറ്റഗറി’യില്‍ (കടുത്ത അഴിമതിക്കാര്‍) പെട്ടവരാണ്. അഴിമതി ശ്രദ്ധയില്‍പ്പെട്ടാല്‍ വിജിലന്‍സിനെ അറിയിക്കുന്നതിനായി ട്രോള്‍ ഫ്രീ നമ്പര്‍ -1064- സജ്ജമാക്കിയിട്ടുണ്ട്.അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് തയ്യാറാക്കുന്നത് ഇതാദ്യമല്ല. 2025 ഫെബ്രുവരിയില്‍ കടുത്ത അഴിമതിക്കാരായ 262 ഉദ്യോഗസ്ഥരുടെ പട്ടിക സജ്ജമാക്കിയിരുന്നു. 2022ല്‍ പട്ടിക തയ്യാറാക്കുകയും മിന്നല്‍ പരിശോധനകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. പരിശോധനകളില്‍ പലരും കുടുങ്ങുകയുമുണ്ടായി. എന്നാല്‍ അന്വേഷണ ഏജന്‍സികളുടെ വലയില്‍ അകപ്പെടാതിരിക്കാന്‍ അഴിമതിവീരന്മാര്‍ പുതിയ ശൈലിയും തന്ത്രവും സ്വീകരിച്ചുവരുന്നത് വിജിലന്‍സ് നേരിടുന്ന വെല്ലുവിളിയാണ്.കക്ഷിയില്‍ നിന്ന് നേരിട്ടുവാങ്ങുന്നതിനു പകരം ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് ഇപ്പോള്‍ പണം സ്വീകരിച്ചുവരുന്നത്. ആധാരം എഴുത്തുകാരെയും ഏജന്‍സികളെയും സുഹൃത്തുക്കളെയും തട്ടുകടക്കാരെയും ഇടനിലക്കാരാക്കി പണം സ്വീകരിക്കുന്നവരുമുണ്ട്. ഇടനിലക്കാരുടെ സഹായത്തോടെയുള്ള സമാന്തര അഴിമതി സംവിധാനം പല രജിസ്ട്രാര്‍, ആര്‍ ടി ഓഫീസുകള്‍ക്കും സമീപങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. അടുത്തിടെ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ചില ഉദ്യോഗസ്ഥര്‍ വിദേശത്ത് പഠിക്കുന്ന മക്കളുടെ അക്കൗണ്ടിലേക്ക് ഇടനിലക്കാര്‍ മുഖേന കൈക്കൂലി വാങ്ങിയതായി കണ്ടെത്തുകയുണ്ടായി. അഴിമതി ശൃംഖലയുടെ ആഴത്തിലേക്കും വ്യാപനത്തലേക്കുമാണ് ഇത് വിരല്‍ചൂണ്ടുന്നത്.ഇത്തവണ എ ഐ ഉപയോഗപ്പെടുത്തി കൂടുതല്‍ കാര്യക്ഷമവും പഴുതടച്ചതുമായ നീക്കമാണ് വിജിലന്‍സ് നടത്തുകയെന്നു മനോജ് എബ്രഹാം പറയുന്നു. വിജിലന്‍സ് സ്വന്തമായി വികസിപ്പിച്ച വി എ സി ബി സ്യൂട്ട് 3.0 അന്വേഷണ പ്ലാറ്റ്‌ഫോം എല്ലാ സര്‍ക്കാര്‍ വകുപ്പുകളുമായി ഡിജിറ്റലായി ബന്ധിപ്പിച്ചു നിര്‍മിതബുദ്ധിയുടെ സഹായത്തോടെ ഫയല്‍ നീക്കമുള്‍പ്പെടെ നിരീക്ഷിക്കും. നിശ്ചിതസമയത്തിനകം സേവനം നല്‍കാതിരിക്കല്‍, കൈക്കൂലിക്കുവേണ്ടി ഫയലുകള്‍ പിടിച്ചുവെക്കല്‍, പല മേശകളിലായി തട്ടിക്കളി, ടെന്‍ഡറിലെ തിരിമറി തുടങ്ങിവയെല്ലാം എ ഐ കണ്ടെത്തി അറിയിക്കും. ഉദ്യോഗസ്ഥരും ഇടനിലക്കാരും തമ്മിലുള്ള രഹസ്യബന്ധങ്ങളും ബിനാമി ശൃംഖലകളും ലൊക്കേഷന്‍, അഡ്രസ്സ്, ബേങ്ക് വിവരങ്ങള്‍ മുഖേന കണ്ടെത്താന്‍ എ ഐക്ക് സാധിക്കും. വിവിധ വകുപ്പുകളിലെ ഫയല്‍നീക്കത്തിന്റെ സോഫ്റ്റ്‌വെയര്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് വിജിലന്‍സ് കത്ത് നല്‍കിയിട്ടുണ്ട്.കേസന്വേഷണ രീതിയില്‍ അപാകങ്ങളുണ്ടെങ്കില്‍ എ ഐ ചൂണ്ടിക്കാണിക്കും. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍, തെളിവ് കണ്ടെത്തല്‍ തുടങ്ങിയവയില്‍ ഉദ്യോഗസ്ഥര്‍ക്ക് എ ഐയുടെ സഹായം തേടാം. നടപടിക്രമങ്ങളില്‍ തെറ്റുപറ്റിയാല്‍ മുന്നറിയിപ്പ് ലഭിക്കും. കോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപോര്‍ട്ട് കുറ്റമറ്റ രീതിയില്‍ തയ്യാറാക്കാനും എ ഐ സഹായിക്കും. സ്വാധീനങ്ങള്‍ക്കോ വ്യക്തിഗത താത്പര്യങ്ങള്‍ക്കോ വഴങ്ങാതെ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം അഴിമതി സാധ്യതകള്‍ മുന്നറിയിപ്പ് നല്‍കാന്‍ എ ഐക്കാകുമെന്നാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ബ്രിട്ടന്‍, ചൈന, ബ്രസീല്‍, യുക്രൈന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ നിര്‍മിതബുദ്ധി ഉപയോഗപ്പെടുത്തുണ്ട്. ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റും എ ഐ ഉപയോഗിച്ചാണ് സംശയാസ്പദമായ വലിയ പണമിടപാടുകളും നികുതി വെട്ടിപ്പുകളും കണ്ടത്തുന്നത്.അതേസമയം, ഇതുകൊണ്ടുമാത്രം അഴിമതി പൂര്‍ണമായും തുടച്ചുനീക്കാനാകുമോ? നിയമനടപടികളിലെ കാലതാമസം, ഇന്റലിജന്‍സ് സംവിധാനത്തിന്റെ പരിമിതികള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കൂടി പരിഹരിച്ചെങ്കില്‍ മാത്രമേ അഴിമതിമുക്ത കേരളം യാഥാര്‍ഥ്യമാക്കാനാകൂ. വിജിലന്‍സ് പിടികൂടുന്ന പല അഴിമതിക്കേസുകളിലും വിചാരണ നീണ്ടുപോകുകയും സര്‍വീസ് ചട്ടങ്ങളിലെ പഴുതുകള്‍ ഉപയോഗിച്ച് കുറ്റവാളികള്‍ രക്ഷപ്പെടുകയും ഏതാനും മാസത്തെ സസ്‌പെന്‍ഷന്‍ നടപടിക്കു ശേഷം പഴയ തസ്തികയില്‍ തിരിച്ചെത്തുകയും ചെയ്യുന്നത് സാധാരണമാണ്. അഴിമതി കേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുകയും ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം. അനാവശ്യമായി ഫയലുകള്‍ വൈകിപ്പിക്കുന്നത് അഴിമതിയുടെ പരിധിയിൽപ്പെടുത്തേണ്ടതാണ്. ഓരോ സേവനത്തിനും കൃത്യമായ സമയപരിധി നിശ്ചയിക്കുകയും സമയബന്ധിതമായി സേവനം നല്‍കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റ ശമ്പളത്തില്‍ നിന്ന് പിഴ ഈടാക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്.ഉദ്യോഗസ്ഥന്‍ കൈക്കൂലി ചോദിക്കാന്‍ ഭയക്കുന്ന അന്തരീക്ഷം, ചോദിച്ചാല്‍ തടിതപ്പിയോടാന്‍ സാധിക്കാത്ത നിയമസംവിധാനം, പരാതി നല്‍കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന ഭരണസംവിധാനം എന്നിവ നടപ്പായെങ്കില്‍ മാത്രമേ അഴിമതിയെന്ന സാമൂഹിക വിപത്തിനെ സമൂഹത്തിൽ നിന്ന് വേരോടെ പിഴുതെറിയാന്‍ സാധിക്കൂ.Content Highlights:Kerala Vigilance and Anti-Corruption Bureau has placed 1,600 corrupt government officials under surveillance as part of Project Zero. Among them, nearly 250 high-risk officers are categorized in the Red Category. Vigilance Director Manoj Abraham announced that AI system VACB Suite 3.0 will monitor file movements and digital bribe networks.