മനാമ / സെപാംഗ്: സ്വന്തം നാട്ടിൽ നിന്നും 6,000 കിലോമീറ്ററിലധികം അകലെ മലേഷ്യയിലെ സെപാംഗ് ഇന്റർനാഷണൽ സർക്യൂട്ടിൽ (SIC) ആവിഷ്‌കരിച്ച ‘ഫോർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാന്റ് പ്രി 2026’ ടൂർണമെന്റിന് ആവേശകരമായ തുടക്കം. പ്രദേശികവും ആഗോളവുമായ അസാധാരണ സാഹചര്യങ്ങളെ തുടർന്ന് മാറ്റിെവക്കേണ്ടി വന്ന ബഹ്‌റൈൻ ഗ്രാന്റ് പ്രി, മലേഷ്യയുടെ സഹകരണത്തോടെ വീണ്ടും കലണ്ടറിലേക്ക് തിരിച്ചെത്തിച്ച ബഹ്‌റൈന്റെ സംഘാടക മികവിനെ എഫ്.വൺ മുൻനിര ടീം മേധാവികളും കായിക ലോകവും വാനോളം പുകഴ്ത്തി.വലിയ ആവേശത്തോടെ പതിനായിരക്കണക്കിന് ആരാധകരാണ് സെപാംഗിലെ എഫ്.വൺ ട്രാക്കിലേക്ക് ഒഴുകിയെത്തിയത്. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സർക്യൂട്ട് സന്ദർശിക്കുകയും പ്രമുഖ എഫ്.വൺ ഡ്രൈവർമാരുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.അസാധാരണ സാഹചര്യത്തിലും എഫ്.വൺ ആവേശം നിലനിർത്താൻ ബഹ്‌റൈൻ ഭരണകൂടവും മലേഷ്യയും കാണിച്ച ഇച്ഛാശക്തിയും പ്രതിബദ്ധതയും പ്രശംസനീയമാണെന്ന് വില്യംസ് ടീം പ്രിൻസിപ്പൽ ജെയിംസ് വൗൾസ്, ഫെരാരി ടീം ബോസ് ഫ്രെഡറിക് വസ്സൂർ, ആൽപൈൻ ടീം ചീഫ് ഫ്ലാവിയോ ബ്രിയറ്റോറെ എന്നിവർ വ്യക്തമാക്കി. ബഹ്‌റൈനിലെ അടിസ്ഥാന സൗകര്യങ്ങളും സംസ്കാരവും അതുപോലെ മലേഷ്യൻ മണ്ണിൽ പുനഃസൃഷ്ടിച്ച എഫ്.ഐ.എ നടപടി മികച്ചൊരു ആശയമാണെന്നും അവർ അഭിപ്രായപ്പെട്ടു.ട്രാക്കിലെ പോരാട്ടങ്ങൾക്ക് പുറമെ, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയുടെ (BTEA) നേതൃത്വത്തിൽ ഒരുക്കിയ ‘ബഹ്‌റൈൻ വില്ലേജ്’ കാണികളുടെ ശ്രദ്ധാകേന്ദ്രമായി. കുട്ട നെയ്ത്ത്, ഹെന്ന ആർട്ട്, മൺപാത്ര നിർമ്മാണം, പരമ്പരാഗത വസ്ത്രങ്ങൾ, ലൈവ് മ്യൂസിക്, ബഹ്‌റൈൻ പോലീസിന്റെ ബാൻഡ് പ്രകടനം, തനിമയാർന്ന ബഹ്‌റൈനി ഭക്ഷണവിഭവങ്ങൾ എന്നിവ വില്ലേജിൽ ഒരുക്കിയിരുന്നു. ഗ്രാമി അവാർഡ് നോമിനി ഡി.ജെ ആക്സ്വെൽ, മാർട്ടിൻ ഗാരിക്സ് എന്നിവരുടെ പ്രമുഖ സംഗീത പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.The post മലേഷ്യയിലെ സെപാംഗിൽ ചരിത്രമെഴുതി ‘ബഹ്‌റൈൻ ഗ്രാന്റ് പ്രി 2026’; വിസ്മയകരമായ സംഘാടനത്തിന് എഫ്.വൺ ടീമുകളുടെയും കായികലോകത്തിന്റെയും പ്രശംസ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.