തൃശൂര്‍| സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിനിടെ വേദി തകര്‍ന്നുവീണ സംഭവത്തെച്ചൊല്ലി തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം. കായികോത്സവത്തിന്റെ സംഘാടനത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് മേയര്‍ നിജി ജസ്റ്റിന്‍ പറഞ്ഞു. ആരും ഉദ്ഘാടനം ചെയ്യാനില്ലെന്ന് പറഞ്ഞപ്പോള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്നും മേയര്‍ വ്യക്തമാക്കി.കായികമേള സംഘടിപ്പിക്കുന്നതിന് ആവശ്യമായ അനുമതികള്‍ തേടാതെയാണ് സംഘാടകര്‍ പരിപാടി നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. മേളയിലെ സുരക്ഷാവീഴ്ച അന്വേഷിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് കോര്‍പ്പറേഷന്റെ നിലവിലെ നിലപാട്. കായിക വകുപ്പിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും വീഴ്ചയാണ് സംഭവത്തില്‍ വ്യക്തമാകുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.ദുരന്തമുണ്ടായ സ്ഥലത്തേക്ക് ജില്ലയിലെ എംഎല്‍എ ഒ ജെ ജനീഷ് തിരിഞ്ഞുനോക്കിയില്ലെന്നും സംഭവത്തില്‍ പ്രതികരിക്കാന്‍ മന്ത്രി പോലും തയ്യാറായില്ലെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.അതേസമയം, കായികമേള സംഘടിപ്പിക്കുന്ന വിവരം വിദ്യാഭ്യാസ വകുപ്പ് കോര്‍പ്പറേഷനെ അറിയിച്ചിരുന്നില്ലെന്ന് ഡെപ്യൂട്ടി മേയര്‍ എ പ്രസാദ് പറഞ്ഞു. മേയറെയോ ഡെപ്യൂട്ടി മേയറെയോ പ്രദേശത്തെ കൗണ്‍സിലര്‍മാരെയോ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നാണ് കോര്‍പ്പറേഷന്റെ പരാതി.കായികമേളയുടെ നടത്തിപ്പിലുണ്ടായ അപാകതകളുടെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനും പൊതുവിദ്യാഭ്യാസ വകുപ്പിനുമാണെന്നും അപകടത്തിന്റെ പേരില്‍ മേയറെ കുറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ഡെപ്യൂട്ടി മേയര്‍ വ്യക്തമാക്കി.Content Highlights: A heated argument erupted in Thrissur Corporation Council over the venue collapse during the State School Sports Meet. Mayor Niji Justin and Deputy Mayor A Prasad stated the corporation was not informed or permitted regarding the event, placing complete responsibility on the Education Department.