കൊച്ചി | മലയാളം ഡിജിറ്റല്‍ മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തി ഇന്ത്യ. സര്‍ക്കാരില്‍ നിന്ന് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് മെറ്റയുടെ വിശദീകരണം. നിയമവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് ഐ ടി ആക്ട്, 2000-ലെ സെക്ഷന്‍ 79(3)(ബി) പ്രകാരം സര്‍ക്കാര്‍ നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലുള്ള വിലക്കാണെന്നാണ് ലഭിച്ച വിവരമെന്ന് നോക്യാപ് ചീഫ് എഡിറ്റര്‍ അലി ഹൈദര്‍ അറിയിച്ചു. അതേസമയം, പ്രസിദ്ധീകരിക്കപ്പെട്ടതില്‍ ഏത് ഉള്ളടക്കമാണ് നിയമവിരുദ്ധമായത് എന്ന കാര്യം മെറ്റയോ സര്‍ക്കാറോ വെളിപ്പെടുത്തിയിട്ടില്ല.ഭരണഘടനാ തത്വങ്ങളിലും ജനാധിപത്യ-മതേതര മൂല്യങ്ങളിലും അടിയുറച്ച് നിന്നുകൊണ്ടുള്ള മാധ്യമ പ്രവര്‍ത്തനമാണ് നോക്യാപ് നടത്തുന്നതെന്നും ചീഫ് എഡിറ്റര്‍ വ്യക്തമാക്കി. ഭരണകൂടങ്ങളുടെ തെറ്റായ പ്രവണതകളെ ചോദ്യം ചെയ്തും അധികാരത്തെ ഓഡിറ്റ് ചെയ്തും കൊണ്ടുള്ള മാധ്യമപ്രവര്‍ത്തനം എങ്ങനെയാണ് നിയമവിരുദ്ധമാകുന്നതെന്ന് അലി ഹൈദര്‍ ചോദിച്ചു. സംസ്ഥാനത്തെ പ്രതിപക്ഷ സ്വരമുയര്‍ത്തുന്ന മാധ്യമങ്ങളെയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെയും വിവിധ രീതികളില്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.നോക്യാപ്പിന് നേരെയുണ്ടായ നടപടി ഗൗരവമായി പരിശോധിക്കപ്പെടണം. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള ഭരണകൂടങ്ങളുടെ കടന്നുകയറ്റത്തെ ശക്തമായി എതിര്‍ത്തിട്ടുള്ള സമൂഹമാണ് കേരളത്തിലേത്. നോക്യാപിനെതിരായ ഈ നടപടിയിലും പൊതുസമൂഹത്തിന്റെ ശക്തമായ ജാഗ്രതയും ഇടപെടലും ഉണ്ടാകേണ്ടതുണ്ടെന്നും ചീഫ് എഡിറ്റര്‍ ആവശ്യപ്പെട്ടു.Content Highlights:Meta has restricted the official Facebook page of Nokcap following a directive from the government. The action was taken based on an official notice received by the platform regarding content issues. Further details regarding the official appeal and restoration efforts are currently awaited.