സമസ്ത: സമഗ്രതയുടെ സഞ്ചാരം

Wait 5 sec.

മാറുന്ന കാലത്തെയും സാമൂഹിക പശ്ചാത്തലങ്ങളെയും പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ട് മനുഷ്യരോട് സംവദിക്കുന്ന ജീവിത സംഹിതയാണ് ഇസ്്ലാം. ഈ സവിശേഷമായ സ്വഭാവമാണ് കാലങ്ങളും ദേശങ്ങളും കടന്ന മതത്തെ അതിന്റെ തനതായ സ്വഭാവത്തില്‍ നിലനിര്‍ത്തുന്നത്. അതുകൊണ്ട് തന്നെ ഇസ്്ലാം ഒരു നിർദിഷ്ട കാലഘട്ടത്തിലോ ഭൂപ്രദേശത്തോ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒരു വ്യവസ്ഥയല്ല. വ്യത്യസ്ത സാഹചര്യങ്ങളോട് ചേര്‍ന്ന് സ്വീകരിക്കേണ്ട സമീപന രീതികൾ തികച്ചും വൈജ്ഞാനികമായ പ്രക്രിയ ആകയാല്‍ പണ്ഡിതന്മാരിലൂടെ തന്നെയാകണം മതത്തിന്റെ അന്തസ്സത്ത കൈമാറ്റം ചെയ്യപ്പെടേണ്ടത്.വ്യത്യസ്ത സാഹചര്യങ്ങളിലെ മതപ്രയോഗത്തിന്റെ കൃത്യമായ രീതിശാസ്ത്രം പണ്ഡിതലോകത്തുണ്ട്. നിസ്വാർഥമായ സമീപനത്തിലൂടെ ഈ വഴിയെ ധന്യമാക്കിയ അനേകം പണ്ഡിതരുടെ ജീവിതമാണ് ഇന്നും ഇസ്്ലാമായി നാം അനുഭവിക്കുന്നത്. വരട്ടുതത്ത്വവാദങ്ങള്‍ക്കോ തീവ്ര ചിന്താഗതികള്‍ക്കോ ഇവിടെ സ്ഥാനമില്ല. പശ്ചാത്തലങ്ങളെ കൃത്യമായി വായിച്ചെടുക്കാനും ഇസ്്ലാമിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടാതെ പ്രമാണങ്ങളെ മനസ്സിലാക്കാനും അഗാധ ജ്ഞാനവും ദീര്‍ഘവീക്ഷണവുമുള്ള പണ്ഡിതർക്ക് മാത്രമേ സാധിക്കൂ.ഇസ്്ലാമിന്റെ ഈ “സമഗ്ര സ്വഭാവം’ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത് യോഗ്യരായ പണ്ഡിതന്മാരിലൂടെയാണ്. വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും അടങ്ങിയിരിക്കുന്ന ആഴമേറിയ ആശയങ്ങളെയും അതിന്റെ ചരിത്രപരമായ പശ്ചാത്തലങ്ങളെയും കാലികമായി സമന്വയിപ്പിക്കാന്‍ ഓരോ കാലത്തെയും ദേശങ്ങളിലെയും പണ്ഡിതര്‍ക്ക് സാധിക്കുമ്പോഴാണ് ഇസ്്ലാമിന്റെ യഥാർഥ സൗന്ദര്യം ദൃശ്യമാകുക. പ്രവാചകനില്‍ നിന്നും സ്വഹാബത്തില്‍ നിന്നും ആരംഭിച്ച്, താബിഉകളും ഇമാമുമാരും വഴി കണ്ണി മുറിയാതെ അത്തരം പണ്ഡിതരാല്‍ കൈമാറ്റം ചെയ്യപ്പെട്ട ഇസ്്ലാമിന്റെ തനത് രൂപമാണ് അഹ്്ലുസ്സുന്നത്തി വല്‍ ജമാഅ. തീവ്രതയിലേക്കോ ജീര്‍ണതയിലേക്കോ വഴിമാറിപ്പോകാതെ ഇസ്്ലാമിക ഉമ്മത്തിനെ നേര്‍വഴിക്ക് നയിച്ചത് ഈ പാരമ്പര്യ ചിന്താധാരയാണ്.സ്വഹാബയുടെ കാലം മുതല്‍ തന്നെ ഇസ്്ലാം അനുഭവിച്ച കേരളത്തിന്റെ മണ്ണിലെ മഹത്തായ അഹ്്ലുസ്സുന്ന പാരമ്പര്യത്തിന്റെ ജീവസ്സുറ്റ തുടര്‍ച്ചയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. നൂറ്റാണ്ടുകളായി കേരളത്തിലെ മുസ്്ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന മതപരവും സാംസ്‌കാരികവുമായ വ്യക്തിത്വത്തെ സംരക്ഷിക്കുന്നതിനായി 1926ലാണ് സമസ്ത രൂപവത്കൃതമാകുന്നത്. അക്കാലത്ത് ഉയര്‍ന്നുവന്ന നവീകരണ വാദങ്ങള്‍ക്കും അപചയങ്ങള്‍ക്കും എതിരെ, പരമ്പരാഗത ഇസ്്ലാമിക ജ്ഞാനശാസ്ത്രത്തെ മുറുകെപ്പിടിച്ചുകൊണ്ട് സമസ്ത രംഗത്തുവന്നു.കേരളത്തിന്റെ സവിശേഷമായ സാമൂഹിക- സാംസ്‌കാരിക പശ്ചാത്തലത്തെ കൃത്യമായി വിലയിരുത്താന്‍ സമസ്തയുടെ മുന്‍ഗാമികളായ പണ്ഡിതന്മാര്‍ക്ക് സാധിച്ചു. മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാതെ തന്നെ, ആധുനിക കാലത്തെ വെല്ലുവിളികളെ നേരിടാന്‍ അവര്‍ സമൂഹത്തെ പ്രാപ്തരാക്കി. സമസ്ത രൂപം നല്‍കിയ വ്യവസ്ഥാപിതമായ മദ്്റസാ പ്രസ്ഥാനം ഇതിനൊരു മികച്ച ഉദാഹരണമാണ്. വിപ്ലവകരമായ ഈ വിദ്യാഭ്യാസ രീതിയിലൂടെ, ഇസ്്ലാമിന്റെ സമഗ്രമായ ജ്ഞാനപാരമ്പര്യം പുതിയ തലമുറകളിലേക്ക് വിജയകരമായി കൈമാറാന്‍ സമസ്തക്ക് സാധിച്ചു.ചുരുക്കത്തില്‍, ഇസ്്ലാമിക പ്രമാണങ്ങളെ അതിന്റെ ശരിയായ പശ്ചാത്തലത്തില്‍ മനസ്സിലാക്കാനും പ്രചരിപ്പിക്കാനും സമസ്ത കാണിച്ച പണ്ഡിതോചിതമായ ജാഗ്രതയാണ് കേരളത്തിലെ മുസ്്ലിം സമൂഹത്തെ സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഉന്നതിയിലെത്തിച്ചത്. പ്രവാചക പാരമ്പര്യത്തിന്റെ ആധികാരികമായ തുടര്‍ച്ചയായി നിലകൊള്ളുന്ന സമസ്ത, ഇന്നും മാറിയ സാഹചര്യങ്ങളില്‍ ഇസ്്ലാമിക ദര്‍ശനത്തെ അതിന്റെ തനിമയോടെ കാത്തുസൂക്ഷിക്കുന്നതില്‍ അദ്വിതീയമായ ദൗത്യമാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഈ തുടര്‍ച്ചയില്‍ ഇനിയും യോഗ്യരായ പണ്ഡിതരുണ്ടാകണം. കാലങ്ങള്‍ക്കപ്പുറം കടന്ന് അറിവന്വേഷിച്ച് സമൂഹത്തെ വഴിനടത്താന്‍ ജ്ഞാനികള്‍ക്ക് തുടര്‍ച്ച ഉണ്ടാകണം. ഈ ശ്രമങ്ങള്‍ക്ക് വേഗത പകരുന്ന വിവിധ സെഷനുകളും പഠനങ്ങളുമാണ് ഇസ്്ലാമിക് സ്റ്റുഡന്റ്‌സ് സെന്‍സോറിയം എന്ന പേരില്‍ ജൂണ്‍ 11, 12 തീയതികളില്‍ തൃശൂരില്‍ വെച്ച് നടക്കുന്നത്.