ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഘടനാപരമായ പ്രതിസന്ധികൾ

Wait 5 sec.

2014 മേയ് മാസത്തിലാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാർ കേന്ദ്രത്തിൽ അധികാരമേറ്റത്. ‘സബ്കാ സാത്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യവും വികസനത്തിന്റെ പുതിയൊരു മാതൃകയും വാഗ്ദാനം ചെയ്തുകൊണ്ടാണ് എൻ ഡി എ ഭരണം ആരംഭിച്ചത്. തുടർന്ന് 2019-ലും 2024-ലും ജനവിധി അനുകൂലമാക്കിക്കൊണ്ട് തുടർച്ചയായ ഭരണകാലയളവുകളിലേക്ക് നരേന്ദ്ര മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നവലിബറൽ സാമ്പത്തിക നയങ്ങൾ, വിപുലമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നിർമ്മാണം, വൻകിട അടിസ്ഥാനസൗകര്യ വികസനം, അന്താരാഷ്ട്ര തലത്തിലുള്ള നയതന്ത്ര ഇടപെടലുകൾ തുടങ്ങി വിവിധ കാര്യങ്ങൾ ഇക്കാലയളവിലെ ഭരണ നേട്ടമായി നരേന്ദ്ര മോദിയും അണികളും ഉയർത്തിക്കാട്ടാറുണ്ട്. എന്നാൽ, ഈ നാലായിരത്തിലധികം ദിനങ്ങൾ പിന്നിടുന്ന നീണ്ട ഭരണകാലം ഇന്ത്യൻ ജനാധിപത്യത്തിന്റെ ഘടനയിലും സാമൂഹിക വ്യവസ്ഥയിലും ഉണ്ടാക്കിയ ആഘാതങ്ങൾ വളരെ വലുതാണ്.ഭരണകൂടങ്ങളുടെ അവകാശവാദങ്ങളും പരസ്യ കോലാഹലങ്ങളും ജനങ്ങളുടെ യഥാർഥ ജീവിത സാഹചര്യങ്ങളുമായി എത്രത്തോളം പൊരുത്തപ്പെടുന്നു എന്ന് പരിശോധിക്കുന്നത് ഏത് ജനാധിപത്യ സമൂഹത്തിന്റെയും നിലനിൽപ്പിന് അനിവാര്യമാണ്. ഒരു രാജ്യത്തിന്റെ യഥാർഥ വികസനം അളക്കേണ്ടത് കേവലമായ സാമ്പത്തിക വളർച്ചാ നിരക്കുകളിലോ വൻകിട അടിസ്ഥാന സൗകര്യ പദ്ധതികളിലോ മാത്രമല്ല, മറിച്ച് അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെ ജീവിത നിലവാരത്തിലാണ്.ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വിവിധ വികസന-സാമൂഹിക സൂചികകൾ പരിശോധിക്കുമ്പോൾ, ഇന്ത്യ ഇന്ന് നേരിടുന്ന ഘടനാപരമായ പ്രതിസന്ധികളുടെ ആഴം വ്യക്തമാകും. ഇത്യാതി വെല്ലുവിളികളെക്കുറിച്ചുള്ള സഗൗരവമായ ഒരു രാഷ്ട്രീയ-സാമൂഹിക ഓഡിറ്റിംഗ് സമകാലിക ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്.ഒരു ജനാധിപത്യ രാജ്യത്തിന്റെ കരുത്തും സുതാര്യതയും നിലനിർത്തുന്നതിൽ മാധ്യമ സ്വാതന്ത്ര്യം വഹിക്കുന്ന പങ്ക് നിർണായകമാണ്. എന്നാൽ, ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 150തിലധികം റാങ്കുകൾക്ക് പിന്നിലായി 157-ാം സ്ഥാനത്ത് എത്തിനിൽക്കുന്നു എന്നത് അത്യന്തം ആശങ്കാജനകമായ ഒരു സാഹചര്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ഭരണകൂട വിമർശനങ്ങളെയും സ്വതന്ത്ര മാധ്യമപ്രവർത്തനത്തെയും ഭയത്തോടെയും അടിച്ചമർത്തലോടെയും നേരിടുന്ന ഒരു അന്തരീക്ഷം രാജ്യത്ത് നിലനിൽക്കുന്നു എന്നതിന്റെ തെളിവാണിത്. മാധ്യമങ്ങൾക്ക് മേലുള്ള അദൃശ്യമായ സെൻസർഷിപ്പും കോർപറേറ്റ് താത്പര്യങ്ങളുടെ സ്വാധീനവും സത്യം വിളിച്ചുപറയുന്ന ശബ്ദങ്ങളെ നിശബ്ദമാക്കുകയാണ്.ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമരംഗം തകരുമ്പോൾ അത് രാജ്യത്തിന്റെ സുതാര്യതയെയും ഭരണഘടനാ മൂല്യങ്ങളെയും കൂടിയാണ് തകർക്കുന്നത്.സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവർത്തനം ഇല്ലാതാകുന്നിടത്ത് ഭരണകൂടത്തിന്റെ വീഴ്ചകൾ ജനങ്ങളിലേക്ക് എത്താതിരിക്കുകയും ജനാധിപത്യം വെറുമൊരു അലങ്കാരമായി മാറുകയും ചെയ്യുന്നു. വിയോജിപ്പുകളെ രാജ്യദ്രോഹമായി ചിത്രീകരിക്കുന്ന പ്രവണതയും മാധ്യമപ്രവർത്തകർ നേരിടുന്ന കള്ളക്കേസുകളും ശാരീരികമായ ഭീഷണികളും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയെ വൻതോതിൽ ബാധിച്ചിട്ടുണ്ട്. വിവരങ്ങൾ അറിയാനുള്ള ജനങ്ങളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണിത്. ചിന്താ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും കൽത്തുറുങ്കിലടക്കപ്പെടുന്ന ഒരു സമൂഹത്തിന് എങ്ങനെയാണ് ആധുനികവും പ്രബുദ്ധവുമായ ഒരു വികസിത രാഷ്ട്രമെന്ന് അവകാശപ്പെടാനാകുക എന്ന ഗൗരവമേറിയ ചോദ്യമാണ് ഇവിടെ ഉയർന്നുവരുന്നത്.ഏതൊരു രാജ്യത്തിന്റെയും നട്ടെല്ല് അവിടുത്തെ വിദ്യാഭ്യാസ മേഖലയാണ്. എന്നാൽ ആഗോള വിദ്യാഭ്യാസ സൂചികയിൽ ഇന്ത്യ 130-ാം സ്ഥാനത്താണ് എന്നത് വിദ്യാഭ്യാസ രംഗത്ത് നാം ഇനിയും കൈവരിക്കേണ്ട ദൂരത്തിന്റെ വ്യാപ്തി കാണിക്കുന്നു. സാങ്കേതിക വിദ്യയുടെയും ഡിജിറ്റൽ വിപ്ലവത്തിന്റെയും വലിയ അവകാശവാദങ്ങൾക്കിടയിലും, ഗ്രാമീണ ഇന്ത്യയിലെ ദരിദ്ര ജനവിഭാഗങ്ങൾക്ക് ഗുണനിലവാരമുള്ള അടിസ്ഥാന വിദ്യാഭ്യാസം ഇപ്പോഴും അപ്രാപ്യമായ ഒന്നായി തുടരുകയാണ്. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും പഠനമുപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണവും ഉയർന്ന ഉന്നതവിദ്യാഭ്യാസച്ചെലവുകളും സാധാരണക്കാരായ വിദ്യാർഥികളെ പിന്നോട്ടടിക്കുന്നു.വിദ്യാഭ്യാസ മേഖലയിൽ വർധിച്ചുവരുന്ന വാണിജ്യവത്കരണവും സിലബസുകളിൽ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളും രാജ്യത്തിന്റെ തനതായ ശാസ്ത്രബോധത്തെയും ചിന്താശേഷിയെയും തളർത്തുന്നതാണ്. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള വിദ്യാഭ്യാസ നിലവാരത്തിലെ അന്തരം വർധിക്കുന്നത് സമൂഹത്തിൽ പുതിയൊരു വിവേചനത്തിന് വഴിതുറക്കുന്നു. ലോകോത്തര നിലവാരമുള്ള അറിവും തൊഴിൽ നൈപുണ്യവും എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യമായി ലഭ്യമാക്കാൻ കഴിയാത്തതാണ് വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.ജനങ്ങളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കാത്ത ഒരു വികസന മാതൃകയും പൂർണ്ണമല്ല.ആരോഗ്യ സംരക്ഷണ രംഗത്തെ തുല്യതയും ഗുണനിലവാരവും പരിശോധിക്കുന്ന സൂചികയിൽ 145-ാം സ്ഥാനത്താണ് ഇന്ത്യ. ആഗോള തലത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകളുടെയും മരുന്നുകളുടെയും വലിയ ഉത്പാദകരായി മാറുമ്പോഴും, സ്വന്തം രാജ്യത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ രാജ്യത്തിന് കഴിയുന്നില്ല എന്നത് ദയനീയമായ ഒരു അവസ്ഥയാണ്. പൊതുജനാരോഗ്യ സംവിധാനങ്ങളിലേക്ക് രാജ്യം നീക്കിവെക്കുന്ന ബജറ്റ് വിഹിതം ഇപ്പോഴും വികസ്വര രാജ്യങ്ങളേക്കാൾ എത്രയോ പിന്നിലാണ്.കൊവിഡ് മഹാമാരിക്ക് ശേഷമുള്ള കാലത്തും ആരോഗ്യമേഖലയിലെ ഘടനാപരമായ മാറ്റങ്ങൾക്ക് രാജ്യം തയ്യാറായിട്ടില്ല എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഗ്രാമീണ മേഖലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ദയനീയ അവസ്ഥയും വിദഗ്ധ ചികിത്സക്കായി കോർപറേറ്റ് ആശുപത്രികളെ മാത്രം ആശ്രയിക്കേണ്ടി വരുന്ന സാഹചര്യവും സാധാരണക്കാരെ കടക്കെണിയിലേക്കാണ് തള്ളിവിടുന്നത്. പണമില്ലാത്തവന് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ ഒരു ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിന് ഒട്ടും അനുയോജ്യമല്ല. സമഗ്രവും സൗജന്യവുമായ ആരോഗ്യ പരിരക്ഷാ പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിൽ ഭരണകൂടം പരാജയപ്പെടുന്നു എന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.മനുഷ്യന്റെ ഏറ്റവും പ്രാഥമികവും അതിജീവനത്തിന് അനിവാര്യവുമായ ഒന്നാണ് ഭക്ഷ്യസുരക്ഷ. എന്നാൽ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 102-ാം സ്ഥാനത്താണ് നിൽക്കുന്നത് എന്നത് സാമ്പത്തിക അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു. ധാന്യശേഖരങ്ങൾ നിറഞ്ഞു കവിയുമ്പോഴും, വിതരണ ശൃംഖലയിലെ പാളിച്ചകളും ദാരിദ്ര്യവും കാരണം കോടിക്കണക്കിന് മനുഷ്യർ ഇപ്പോഴും ഒരു നേരത്തെ ആഹാരത്തിനായി പൊരുതുന്നു എന്നത് ജനാധിപത്യ ഇന്ത്യക്ക് വലിയൊരു അപമാനമാണ്.കുട്ടികളിലെ പോഷകാഹാരക്കുറവും വിളർച്ചയും രാജ്യത്തിന്റെ ഭാവി തലമുറയെത്തന്നെയാണ് ദോഷകരമായി ബാധിക്കുന്നത്. ഗർഭിണികളായ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യകാര്യത്തിൽ രാജ്യം പുലർത്തുന്ന ഈ അനാസ്ഥ മനുഷ്യവിഭവ ശേഷിയിൽ വലിയ നഷ്ടമാണ് വരുത്തിവെയ്ക്കുന്നത്. പട്ടിണി നിർമാർജനം ചെയ്യാൻ പ്രഖ്യാപിക്കുന്ന പദ്ധതികൾ പലതും ഉദ്യോഗസ്ഥ അഴിമതിയിലും രാഷ്ട്രീയ താത്പര്യങ്ങളിലും പെട്ട് യഥാർഥ ഗുണഭോക്താക്കളിലേക്ക് എത്തുന്നില്ല എന്നതാണ് ഏറ്റവും ക്രൂരമായ യാഥാർത്ഥ്യം.നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന ജനാധിപത്യ തത്ത്വത്തിന്റെ തകർച്ചയാണ് അന്താരാഷ്ട്ര നീതിന്യായ സൂചികയിൽ ഇന്ത്യയുടെ 143-ാം സ്ഥാനം വെളിപ്പെടുത്തുന്നത്. ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം നഷ്ടപ്പെടുന്നതും നിയമപാലന സംവിധാനങ്ങൾ ഭരണാധികാരികളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതുമായ കാഴ്ചകളാണ് രാജ്യം ഇന്ന് കാണുന്നത്. അടിച്ചമർത്തലുകളും നീതിരഹിതമായ നടപടികളും സാധാരണക്കാരന് നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നു.കുറ്റവാളികൾ സംരക്ഷിക്കപ്പെടുകയും ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവർ കള്ളക്കേസുകളിൽ കുടുങ്ങി വർഷങ്ങളോളം വിചാരണ പോലുമില്ലാതെ ജയിലിൽ കിടക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യം നിയമവാഴ്ചയുടെ പരാജയമാണ്.കോടതികളുടെ നീതിനിർവ്വഹണത്തിലെ കാലതാമസവും സാധാരണക്കാരന് താങ്ങാനാകാത്ത ഫീസുകളും നീതിയെ പണമുള്ളവന്റെ മാത്രം അവകാശമാക്കി മാറ്റുന്നു. നിയമം വേട്ടക്കാരന്റെ കൈയിലെ ആയുധമായി മാറുമ്പോൾ ജനാധിപത്യത്തിന്റെ അന്തസ്സത്ത തന്നെയാണ് ഇല്ലാതാകുന്നത്.സ്ത്രീകളുടെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും പരിശോധിക്കുന്ന വുമൺ ഫ്രീഡം ഇൻഡക്‌സിൽ ഇന്ത്യ 131-ാം സ്ഥാനത്താണ് നിൽക്കുന്നത് എന്നത് രാജ്യത്തെ സ്ത്രീകൾ നേരിടുന്ന അരക്ഷിതാവസ്ഥയുടെ മറ്റൊരു തെളിവാണ്. ദിനംപ്രതി വർദ്ധിച്ചുവരുന്ന സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും ബലാത്സംഗങ്ങളും പൊതുഇടങ്ങളിലെ സുരക്ഷിതത്വമില്ലായ്മയും ഇന്ത്യൻ സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും തൊഴിൽ ചെയ്യാനുള്ള അവകാശത്തെയും പരിമിതപ്പെടുത്തുന്നു.