വനംവകുപ്പിന്റെ നിർണായകമായ ചുവടുവെപ്പാണ് കാട്ടാനകളെ പ്രതിരോധിക്കുന്നതിന് 500 അംഗ സ്പെഷ്യൽ റിസർവ് ഫോഴ്സ് രൂപവത്കരിക്കാനുള്ള തീരുമാനം. സംസ്ഥാനത്ത് കാട്ടാന ആക്രമണം വർധിച്ച സാഹചര്യത്തിലാണ് അടിയന്തര ഘട്ടത്തിൽ അതിവേഗം ഇടപെടാൻ ശേഷിയുള്ള സേനയെന്ന ആശയം ഉയർന്നുവന്നത്. പൂർവോപരി രൂക്ഷമാണ് നിലവിൽ കാട്ടാന ശല്യവും ആക്രമണവും. മലയോര മേഖലാവാസികൾ കടുത്ത ഭീതിയോടെയാണ് ദിനങ്ങൾ തള്ളിനീക്കുന്നത്. ഇടുക്കി, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിലെ മലയോര മേഖലകളിൽ കാട്ടാന ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നത് പതിവു സംഭവമായി മാറിയിരിക്കുന്നു.കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടുന്നതും വീടുകൾ തകർക്കപ്പെടുന്നതും വ്യാപകം. ഈ പ്രദേശവാസികൾ കുട്ടികളെ സ്‌കൂളിലേയക്കുന്നതും ഭീതിയോടെയാണ്. സ്‌കൂളിലേക്കും തിരിച്ചു വിട്ടിലേക്കുമുള്ള യാത്രക്കിടെ രക്ഷിതാക്കളും കുട്ടികളും കാട്ടാനകളുടെ ആക്രമണത്തിനു ഇരയാകുന്ന സംഭവങ്ങൾ ധാരാളം. നാല് ദിവസം മുമ്പാണ് ഇടുക്കി ചിന്നക്കനാൽ സൂര്യനെല്ലിയിൽ മകനെ സ്‌കൂളിൽ വിടാൻ പോകുന്ന വഴി മാരി എന്ന മുപ്പത്തഞ്ചുകാരിയെ ആന ചവിട്ടിക്കൊന്നത്. കുട്ടി പരുക്കേറ്റ് ചികിത്സയിലാണ്. സംസ്ഥാനത്തെ കർഷകരുടെ കൂട്ടായ്മയായ കിഫയുടെ (കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസ്സോസിയേഷൻ) കണക്കനുസരിച്ച് 2021 മുതൽ 2025 വരെയുള്ള അഞ്ച് വർഷക്കാലത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 117 വരും. 2025ൽ മാത്രം 35 പേർ കൊല്ലപ്പെട്ടു. പരുക്കേറ്റവർ നൂറ് കണക്കിനു പേരാണ്.വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങി വരുമ്പോൾ നിലവിൽ റാപിഡ് റെസ്പോൺസ് ടീമുകളാണ് (ആർ ആർ ടി) ഇടപെടുന്നത്. അംഗബല ക്ഷാമവും ആധുനിക സജ്ജീകരണങ്ങളുടെ കുറവും കാരണം ആർ ആർ ടിയുടെ പ്രവർത്തനം വേണ്ടത്ര ഫലപ്രദമല്ല. സാധാരണ വനപാലകർക്കാണെങ്കിൽ വനസംരക്ഷണം, പട്രോളിംഗ്, കേസുകളുടെ നടത്തിപ്പ് തുടങ്ങി നിരവധി ചുമതലകൾ വേറെയുമുണ്ട്. ഇതിനിടയിൽ വന്യമൃഗങ്ങൾ ഇറങ്ങി വന്നാൽ കൃത്യമായ പരിശീലനമോ അത്യാധുനിക ഉപകരണങ്ങളോ ഇല്ലാത്ത ഈ വിഭാഗം ഉദ്യോഗസ്ഥർ പകച്ചു നിൽക്കേണ്ടി വരുന്നു. ആനക്കിടങ്ങുകൾ, സോളാർ തൂക്കുവേലികൾ, റെയിൽ ഫെൻസിംഗ്, റോഡിയോ കോളറുകൾ, തെർമൽ ഡ്രോണുകൾ തുടങ്ങി വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ പല സംവിധാനങ്ങളുമുണ്ടെങ്കിലും മിക്ക പ്രദേശങ്ങളിലും പ്രവർത്തനക്ഷമമല്ല. കോടിക്കണക്കിനു രൂപ ചെലവിട്ടു നിർമിച്ച ഈ പ്രതിരോധ സംവിധാനങ്ങൾ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ കാട്ടാനകൾക്ക് എളുപ്പത്തിൽ തകർക്കാൻ സാധിക്കുന്നു.ഇവിടെയാണ് സ്പെഷ്യൽ റിസർവ് ഫോഴ്സ് പ്രസക്തമാകുന്നത്. കാട്ടാനകളുടെ സാന്നിധ്യം പതിവായി അനുഭവപ്പെടുന്ന ഹോട്ട്സ്പോട്ടുകളിൽ അഞ്ച് പേർ വീതമുള്ള 100 ബാച്ചുകളായാണ് പ്രത്യേക സേന രൂപവത്കരിക്കുന്നത്. വന്യജീവി സാന്നിധ്യം അനുഭവപ്പെടുന്ന മേഖലകളെക്കുറിച്ച് അറിവുള്ള ഗോത്രവർഗക്കാരും വനംവകുപ്പിൽ നിന്ന് വിരമിച്ച വിദഗ്ധരും പരിചയ സമ്പന്നരായ തദ്ദേശവാസികളുമായിരിക്കും ഇതിലെ അംഗങ്ങൾ. ആനകളുടെ സഞ്ചാരപഥങ്ങളും നീക്കങ്ങളും സദാ നിരീക്ഷിക്കുക, ജനവാസ കേന്ദ്രങ്ങളിലോ സമീപത്തോ കാട്ടാനകളുടെ സാന്നിധ്യം അനുഭവപ്പെട്ടാൽ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകുക, വനാതിർത്തിയിൽ സ്ഥാപിച്ച സൗരോർജ വേലികൾ ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പ് വരുത്തുക തുടങ്ങിവയാണ് സ്പെഷ്യൽ റിസർവ് ഫോഴ്സിന്റെ മുഖ്യപ്രവർത്തനങ്ങൾ.എന്നാൽ പ്രത്യേകസേന കൊണ്ട് മാത്രമായില്ല, കാട്ടാനയുൾപ്പെടെ വന്യമൃഗങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം നാടുകളിലിറങ്ങാനിടയായതിന്റെ കാരണങ്ങൾ പരിഹരിക്കുക കൂടി വേണം. കാടുകളുടെ ആവാസ വ്യവസ്ഥയിൽ വന്ന മാറ്റങ്ങളാണ് മുഖ്യകാരണം. രാജ്യത്തെ ഏറ്റവും സമ്പന്നമായ ജൈവ വൈവിധ്യ മേഖലയാണ് കേരളത്തിലെ വനപ്രദേശങ്ങൾ. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ പ്രദേശങ്ങൾ നിരവധി വന്യമൃഗങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ്. വനഭൂമികളുടെ വിസ്തീർണക്കുറവ്, അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റം, കൃ ഷിയിടങ്ങളുടെ വ്യാപനം, അനിയന്ത്രിതമായ നിർമാണ പ്രവർത്തനങ്ങൾ, വികസന പദ്ധതികൾ തുടങ്ങിയവ വന്യജീവികളുടെ ആവാസ വ്യവസ്ഥയെ വൻതോതിൽ ബാധിച്ചിട്ടുണ്ട്. ഇതോടെ ഭക്ഷണവും വെള്ളവും തേടി ആനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് കടന്നു വരാൻ നിർബന്ധിതരാകുകയാണ്.ഒരു വനമേഖലയിൽ നിന്ന് മറ്റൊരു വനമേഖലയിലേക്കുള്ള ആനകളുടെ പരമ്പരാഗത സഞ്ചാര പഥങ്ങളായ ‘ആനത്താര’കൾ നശിപ്പിക്കപ്പെട്ടതാണ് മറ്റൊരു കാരണം. തടസ്സപ്പെട്ടു കിടിക്കുന്ന ആനത്താരകൾ പുനഃസ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. സ്പെഷ്യൽ റിസർവ് ഫോഴ്സിനെ സജ്ജമാക്കുന്ന തോടൊപ്പം ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾ കൂടി പരിഹരിച്ചെങ്കിലേ വന്യജീവികളുടെ നാടിറക്കം നിയന്ത്രിക്കാനാകുകയുള്ളൂ.പ്രശ്നക്കാരായ കാട്ടാനകളെ നിയന്ത്രിക്കാനും ജനവാസ കേന്ദ്രങ്ങളിൽ നിന്ന് വനങ്ങളിലേക്ക് തിരിച്ചോടിക്കാനും പരിശീലനം ലഭിച്ച ‘കുങ്കി ആന'(താപ്പാന)കളുടെ വിന്യാസവും വ്യാപകമാക്കാവുന്നതാണ്. തമിഴ്നാട്ടിൽ വർഷങ്ങളായി ഇത് വിജയകരമായി നടപ്പാക്കി വരുന്നു. ആനകളെ പരിശീലിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും പരിശീലന കേന്ദ്രങ്ങളും കുറവാണെന്നതാണ് ഈ രംഗത്തെ കേരളത്തിന്റെ പരിമിതി.സർക്കാറിന്റെ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും പ്രധാനമാണ്. വനംവകുപ്പ്, റവന്യൂവകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, പോലീ സ്, ദുരന്ത നിവാരണ അതോറിറ്റി തുടങ്ങിയവ തമ്മിൽ ശക്തമായ സഹകരണം വേണം. ഒരു പ്രദേശത്ത് ആന ഇറങ്ങിയാൽ വിവിധ ഏജൻസികൾ തമ്മിലുള്ള ആശയക്കുഴപ്പം പലപ്പോഴും രക്ഷാപ്രവർത്തനങ്ങളെ ബാധിക്കാറുണ്ട്. ഈ ഏജൻസികളുടെയെല്ലാം പ്രതിനിധികൾ അടങ്ങുന്ന ഏകീകൃത കമാൻഡ് സംവിധാനം ഇതിനു പരിഹാരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.