പാചകവാത വില; ലോകത്തിലെ ഏറ്റവും കുറഞ്ഞ എല്‍പിജി നിരക്കാണ് ഇന്ത്യയിലെന്ന് കേന്ദ്രസർക്കാർ

Wait 5 sec.

രാജ്യത്ത് ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ പാചകവാതക വില ഇപ്പോഴും ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ ഒന്നാണെന്നും ആഗോള വിപണിയിലെ വിലക്കയറ്റവും പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും കാരണം വില വര്‍ധന അനിവാര്യമായിരുന്നുവെന്നുമാണ് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന്റെ വിശദീകരണം.ജൂണ്‍ 7 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിരക്ക് പ്രകാരം 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 29 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന്റെ വില 913 രൂപയില്‍ നിന്ന് 942 രൂപയായി ഉയര്‍ന്നു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നികുതിയിലും ഗതാഗത ചെലവുകളിലുമുള്ള വ്യത്യാസങ്ങള്‍ കാരണം വിലയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകും.വിലവര്‍ധനയ്ക്ക് പിറകേ പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം അമേരിക്ക, കാനഡ, പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും കുറഞ്ഞ നിരക്കിലാണ് പാചകവാതകം ലഭിക്കുന്നത്. പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി കണക്കിലെടുക്കുമ്പോള്‍ ഒരു സിലിണ്ടറിനു ഫലത്തില്‍ നല്‍കേണ്ടിവരുന്ന തുക ഏകദേശം 642 രൂപ മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി.അന്താരാഷ്ട്ര വിപണിയില്‍ എല്‍പിജിയുടെ ഇറക്കുമതി വില ഗണ്യമായി വര്‍ധിച്ചതാണ് പുതിയ വിലക്കയറ്റത്തിന് കാരണമെന്ന് സര്‍ക്കാര്‍ പറയുന്നു. ഇന്ത്യയിലെ എല്‍പിജി ആവശ്യത്തിന്റെ വലിയൊരു വിഹിതം ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. അതിനാല്‍ ആഗോള വിപണിയിലെ മാറ്റങ്ങള്‍ ആഭ്യന്തര വിലയെയും നേരിട്ട് ബാധിക്കുന്നു. പ്രത്യേകിച്ച് പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും ഹോര്‍മുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും ഊര്‍ജവിപണിയില്‍ വലിയ സമ്മര്‍ദം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിലയിരുത്തല്‍.ഇന്ത്യയില്‍ ഉജ്ജ്വല പദ്ധതി പ്രകാരം 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 642 രൂപയായിരിക്കുമ്പോള്‍ പാക്കിസ്ഥാനില്‍ 1046 രൂപയും നേപ്പാളില്‍ 1207 രൂപയും ബംഗ്ലാദേശില്‍ 1225 രൂപയും ശ്രീലങ്കയില്‍ 1241 രൂപയുമാണ് വില. അമേരിക്കയില്‍ 1755 രൂപയും ഓസ്‌ട്രേലിയയില്‍ 1765 രൂപയും കാനഡയില്‍ 2411 രൂപയുമാണ് പാചകവാതക വില.The post പാചകവാത വില; ലോകത്തിലെ ഏറ്റവും കുറഞ്ഞ എല്‍പിജി നിരക്കാണ് ഇന്ത്യയിലെന്ന് കേന്ദ്രസർക്കാർ appeared first on ഇവാർത്ത | Evartha.