ധവളപത്രവും സാമ്പത്തിക യാഥാര്‍ഥ്യങ്ങളും

Wait 5 sec.

ആശങ്കാജനകമാണ് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്രത്തിലെ കണക്കുകള്‍. 5.07 ലക്ഷം കോടി രൂപയുടെ ഭീമമായ കടബാധ്യതയാണ് ധവളപത്രം തുറന്നു കാണിക്കുന്നത്. കുടിശ്ശിക ബാധ്യതകള്‍ വേറെയുമുണ്ട്. ട്രഷറി പ്രതിസന്ധി തുടരുകയാണ്. കടമെടുത്ത പണം മാത്രമാണ് ട്രഷറിയില്‍ അവശേഷിക്കുന്നതെന്ന് റിപോര്‍ട്ട് വെളിപ്പെടുത്തുന്നു.സംസ്ഥാനത്തെ റവന്യൂ വരുമാനത്തിന്റെ 77 ശതമാനം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, വായ്പകളുടെ പലിശ എന്നിവക്കായാണ് ചെലവഴിക്കപ്പെടുന്നത്. ബാക്കി വരുന്ന 23 ശതമാനം കൊണ്ടുവേണം മറ്റു ഭരണച്ചെലവുകളും വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപദ്ധതികളും മുന്നോട്ട് കൊണ്ടുപോകാന്‍. മറ്റു സംസ്ഥാനങ്ങളില്‍ ശമ്പള- പെന്‍ഷന്‍ ചെലവ് കേരളത്തെ അപേക്ഷിച്ച് വളരെ കുറവാണ്. 40 ശതമാനം മുതല്‍ 60 ശതമാനം വരെയാണ് തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍. ഗുജറാത്ത് വരുമാനത്തിന്റെ 45 ശതമാനത്തില്‍ താഴെ മാത്രമാണ് ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും മാറ്റിവെക്കുന്നത്. 60 ശതമാനത്തോളം വ്യവസായ പാര്‍ക്കുകള്‍, തുറമുഖങ്ങള്‍, റോഡുകള്‍ തുടങ്ങി മൂലധന വികസനത്തിനായി ചെലവഴിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കുകയും സംസ്ഥാനത്തിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യും.അതേസമയം ശമ്പള- പെന്‍ഷന്‍ ഇനങ്ങളില്‍ കേരളത്തിന്റെ ചെലവ് കുത്തനെ വര്‍ധിച്ചതിന് വ്യക്തമായ കാരണങ്ങളുണ്ട്. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും സാമൂഹിക വികസനത്തിലും കേരളം കൈവരിച്ച നേട്ടങ്ങള്‍ക്കു പിന്നില്‍ അധ്യാപകരും ആരോഗ്യപ്രവര്‍ത്തകരും മറ്റും ഉള്‍ക്കൊള്ളുന്ന ലക്ഷക്കണക്കിനു ജീവനക്കാരാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളും ആശുപത്രികളും പൊതുസംവിധാനങ്ങളും കൂടുതലുമാണ്. ശരാശരി ആയുര്‍ദൈര്‍ഘ്യ നിരക്കും രാജ്യത്ത് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നു (77 വയസ്സില്‍ കൂടുതല്‍) കേരളത്തില്‍. ഇത് പെന്‍ഷന്‍ ഇനത്തിലും ആരോഗ്യ- സാമൂഹിക സുരക്ഷാ പദ്ധതികളിലും കൂടുതല്‍ ബാധ്യത വരുത്തുക സ്വാഭാവികം. ക്ഷേമ സംസ്ഥാനമെന്ന നിലയില്‍ ഇവയൊന്നും പെട്ടെന്ന് വെട്ടിക്കുറയ്ക്കുക പ്രായോഗികവുമല്ല.സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ചര്‍ച്ച ചെയ്യുമ്പോള്‍ കേന്ദ്ര- സംസ്ഥാന ധനബന്ധവും സ്പര്‍ശിക്കേണ്ടതുണ്ട്. ജി എസ് ടി നടപ്പാക്കിയ ശേഷം സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്രോതസ്സില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. രാജ്യത്ത് ജി എസ് ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതും സാമ്പത്തിക സഹായത്തിലും കടമെടുപ്പിലും കേന്ദ്രം കാണിക്കുന്ന വിവേചനവും പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്യുന്നു. കേരളം മാത്രമല്ല, പല സംസ്ഥാനങ്ങളും നേരിടുന്നുണ്ട് ഈ പ്രശ്‌നങ്ങള്‍. ഈ സാഹചര്യത്തില്‍ സാമ്പത്തിക ഞെരുക്കത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും സംസ്ഥാന ഭരണകൂടത്തിന്റെ മേല്‍ കെട്ടിവെക്കുന്നത് വസ്തുനിഷ്ഠമാകില്ല.തസ്തികകളുടെ പുനഃക്രമീകരണം, പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, ലാഭകരമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കല്‍, ശമ്പള പരിഷ്‌കരണം പത്ത് വര്‍ഷത്തിലൊരിക്കല്‍, ജി എസ് ടി ചോര്‍ച്ച തടയല്‍, പങ്കാളിത്ത പെന്‍ഷന്‍ സംവിധാനം ശക്തമാക്കല്‍ തുടങ്ങി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ചില പരിഷ്‌കാരങ്ങള്‍ ഭരണച്ചെലവ് കുറയ്ക്കുന്നതിനായി ധവളപത്രം മുന്നോട്ടു വെക്കുന്നുണ്ട്. ഡിജിറ്റലൈസേഷന്റെയും ഇ-ഗവേര്‍ണന്‍സിന്റെയും ഈ കാലത്ത് പല വകുപ്പുകളിലെയും പരമ്പരാഗത തസ്തികകള്‍ അനാവശ്യമായി മാറിയിട്ടുണ്ട്. ഇത്തരം തസ്തികകളിലെ ജീവനക്കാരെ മറ്റു വകുപ്പുകളിലേക്ക് മാറ്റി പുനഃക്രമീകരിക്കുന്നതിലൂടെ പുതിയ നിയമനങ്ങളില്‍ നിയന്ത്രണങ്ങള്‍ വരുത്താവുന്നതാണ്. കെ എസ് ആര്‍ ടി സി, വാട്ടര്‍ അതോറിറ്റി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 78,851 കോടിയായി ഉയര്‍ന്നതായി ധവളപത്രം ചൂണ്ടിക്കാണിക്കുന്നു. തുടര്‍ച്ചയായി നഷ്ടം വരുത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ അപ്പടി നിലനിര്‍ത്തുന്നത് നികുതിദായകരായ പൊതുസമൂഹത്തോട് കാണിക്കുന്ന അനീതിയാണ്.ശമ്പള പരിഷ്‌കരണം പത്ത് വര്‍ഷത്തിലൊരിക്കലാക്കുകയെന്ന ധവളപത്രത്തിലെ നിര്‍ദേശം നടപ്പായാല്‍ കേരളത്തിന്റെ ധനസ്ഥിതിക്ക് വലിയ ആശ്വാസമാകും. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഒട്ടുമിക്ക സംസ്ഥാന ജീവനക്കാര്‍ക്കും പത്ത് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നത്. കേരളത്തില്‍ അഞ്ച് വര്‍ഷം കൂടുമ്പോഴുള്ള നിലവിലെ ശമ്പള- പെന്‍ഷന്‍ പരിഷ്‌കരണം പൊതുഖജനാവിന് വരുത്തിവെക്കുന്ന അധിക ബാധ്യത ചെറുതല്ല. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുന്ന തുകയില്‍ ഗണ്യമായ കുറവ് വരാന്‍ ഇടയാക്കുന്നുണ്ട്. പത്ത് വര്‍ഷത്തിലൊരിക്കല്‍ എന്ന രീതിയിലേക്ക് മാറുമ്പോള്‍ കൃത്യമായ സാമ്പത്തിക ആസൂത്രണത്തോടെ ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കാനും മൂലധന ചെലവുകള്‍ക്കായി കൂടുതല്‍ പണം കണ്ടെത്താനും സാധിക്കും.സാമൂഹിക ക്ഷേമവും സര്‍ക്കാര്‍- പൊതുമേഖലാ ജീവനക്കാരുടെ താത്പര്യങ്ങളും സംരക്ഷിക്കുന്നതോടൊപ്പം സാമ്പത്തിക അച്ചടക്കം പാലിക്കുകയെന്നതാണ് സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ശമ്പളവും പെന്‍ഷനും ജീവനക്കാരുടെ അവകാശമാണെന്നതില്‍ തര്‍ക്കമില്ല. അതോടൊപ്പം വരും തലമുറക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങളും വ്യവസായ സൗഹൃദ അന്തരീക്ഷവും സൃഷ്ടിക്കാനും സര്‍ക്കാറിന് ബാധ്യതയുണ്ട്. ഭരണപരമായ ചെലവില്‍ കര്‍ശന നിയന്ത്രണം പാലിച്ചെങ്കില്‍ മാത്രമേ കടക്കെണിയില്‍ നിന്ന് കരകയറി വികസന രംഗത്ത് കൂടുതല്‍ മുന്നേറാന്‍ സാധിക്കുകയുള്ളൂ. പ്രതിപക്ഷം, ജീവനക്കാരുടെ സംഘടനകള്‍, വ്യവസായ സമൂഹം, സാമ്പത്തിക വിദഗ്ധര്‍ തുടങ്ങിയവരെയെല്ലാം പങ്കെടുപ്പിച്ചുള്ള സമഗ്രമായ ചര്‍ച്ച ഇക്കാര്യത്തില്‍ അനിവാര്യമാണ്.0