സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകന്‍ ദേവസ്വം പ്ലീഡര്‍; രാജിവയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു

Wait 5 sec.

തിരുവനന്തപുരം | വിവാദമായതിനു പിന്നാലെ ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡറോട് രാജിവയ്ക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകനെ ദേവസ്വം പ്ലീഡര്‍ ആക്കിയത് വന്‍ വിവാദമായിരുന്നു.അധികാരമേറ്റെടുത്ത് ആദ്യ നാളുകളില്‍ തന്നെ നിയമനങ്ങളില്‍ സര്‍ക്കാറിനു കൈ പൊള്ളുന്നത് ഇത് രണ്ടാം തവണയാണ്. സണ്ണി ജോസഫിന്റെ അളിയന്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് രാജിവെച്ചതും വിവാദത്തെ തുടര്‍ന്നായിരുന്നു.ശബരിമല സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് സി പി എം ആരോപിച്ചിരുന്നു. കേസിലെ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ ഒരു സര്‍ക്കാരും ധൈര്യപ്പെടാത്ത കാര്യമാണ് ഇപ്പോള്‍ ചെയ്തതെന്നും യുഡിഎഫ് നടപടിയില്‍ നിഗൂഢതയുണ്ടെന്നും മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് തീരുമാനമെന്നും ആരോപിച്ചിരുന്നു.പോറ്റിക്ക് സോണിയ ഗാന്ധിയെ കാണാന്‍ രണ്ട് തവണ അവസരം ലഭിച്ചത് എങ്ങനെയാണെന്ന ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടിടല്ല. അവര്‍ക്ക് വേണ്ടിയാണോ ഈ നിയമനമെന്നായിരുന്നു സി പി എം ചോദിച്ചത്. സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത് നിയമ വ്യവസ്ഥയില്‍ കേട്ടു കേള്‍വി ഇല്ലാത്ത കാര്യങ്ങളാണെന്നും സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകന്റെ ഗവണ്മെന്റ് സ്‌പെഷ്യല്‍ പ്ലീഡര്‍ നിയമനം ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയെന്ന് മുന്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ ആരോപിച്ചിരുന്നു.സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചതില്‍ ന്യായീകരണവുമായി ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍ രംഗത്തുവന്നിരുന്നു. തീരുമാനം മുഖ്യമന്ത്രി വി ഡി സതീശന്റേതാണെന്നും മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നുമാണ് കെ മുരളീധരന്‍ പറഞ്ഞത്. പ്രതികളുടെ ദൗര്‍ബല്യം അറിയാവുന്ന ഒരാള്‍ അഭിഭാഷകനായി വരുന്നത് നല്ലതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.ഇതുവരെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു. എന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായ കെ ബി പ്രദീപിന് വേണ്ടി പുതിയ പദവി നല്‍കുകയായിരുന്നു.