കൈതപ്പൊയില്‍ | ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ ഭാഗമായി മര്‍കസ് ലോ കോളജ് വിദ്യാര്‍ഥി യൂണിയന്റെയും എന്‍ എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ ‘ഹാര്‍വെസ്റ്റ് ഓഫ് ഹോപ്പ്’ എന്ന പേരില്‍ ഭക്ഷ്യസുരക്ഷാ ദിനമാചരിച്ചു. കൈതപ്പൊയില്‍ ഗവണ്മെന്റ് ബഡ്സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് ഭക്ഷ്യസുരക്ഷാ ദിനമാചരിച്ചത്. കുട്ടികള്‍ക്കായി മധുര വിതരണം നടത്തുകയും കലാ-സാംസ്‌കാരിക ആസ്വാദന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷ, പോഷകാഹാരം, ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ എന്നിവയുടെ പ്രാധാന്യം വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്നതിനായി പ്രത്യേക ബോധവത്കരണ സെഷനും നടത്തി.ഇതോടനുബന്ധിച്ച് മര്‍കസ് ലോ കോളജില്‍ സാലഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാര്‍ഥികളില്‍ ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിനും പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ പ്രാധാന്യം പരിചയപ്പെടുത്തുന്നതിനുമാണ് ഫെസ്റ്റ് നടത്തിയത്. വിദ്യാര്‍ഥികള്‍ വിവിധതരം സാലഡുകള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിക്കുകയും അവയുടെ പോഷകഗുണങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.ഗവണ്മെന്റ് ബഡ്സ് സ്‌കൂളില്‍ നടന്ന പരിപാടി മര്‍കസ് ലോ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍ പിള്ള ഉദ്ഘാടനം ചെയ്തു. സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഓരോ വ്യക്തിയുടെയും അവകാശമാണെന്നും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ യുവജനങ്ങളുടെ പങ്ക് നിര്‍ണായകമാണെന്നും അവര്‍ പറഞ്ഞു.ലോ കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സി അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ഇബ്റാഹീം മുണ്ടക്കല്‍, കെ ആഷിക് ഗോപാല്‍, ബഡ്സ് സ്‌കൂള്‍ അധ്യാപകരായ അര്‍ഷാന, ഷില്‍ന എന്നിവര്‍ പ്രസംഗിച്ചു. കോളജ് യൂണിയന്‍ ഭാരവാഹികളായ മുഹമ്മദ് റഹീസ്, ദീപ എസ് അഫ്നാസ് കൊച്ചി, സി മുഹമ്മദ് മിസ്അബ് നേതൃത്വം നല്‍കി.