മുനമ്പം വഖ്ഫ് ഭൂമി: മുസ്‌ലിം ലീഗ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് സംരക്ഷണ സമിതി

Wait 5 sec.

കൊച്ചി | മുനമ്പം വഖ്ഫ് ഭൂമി വിഷയത്തില്‍ സമൂഹത്തില്‍ അനാവശ്യ ചര്‍ച്ചകളുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് വഖ്ഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുനമ്പം വഖ്ഫ് ഭൂമി ഉമീദ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ പ്രസ്താവന യാഥാര്‍ഥ്യങ്ങള്‍ക്ക് വിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് സമിതി കണ്‍വീനര്‍ ടി എ മുജീബ് റഹ്മാന്‍ പറഞ്ഞു.രാജ്യത്തെ മുഴുവന്‍ വഖ്ഫ് സ്വത്തുക്കളുടെയും വിവരങ്ങള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മാസങ്ങള്‍ക്ക് മുമ്പുതന്നെ നിര്‍ദേശമുണ്ടായിരുന്നിട്ടും മുനമ്പം ഭൂമിയുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്തത് അനുവദിച്ച കാലാവധിയുടെ അവസാന ദിവസം മാത്രമാണ്. 1950ല്‍ വഖ്ഫ് ചെയ്ത മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമി 2019ല്‍ വഖ്ഫ് ബോര്‍ഡിന്റെ ആസ്തി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. ആസ്തി പട്ടികയില്‍ ഉള്‍പ്പെടുത്താനും ഉമീദ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാനും കാലതാമസമുണ്ടായെന്നാണ് വസ്തുതയെന്നിരിക്കെ, വഖ്ഫ് ബോര്‍ഡ് ധൃതി കാണിച്ചുവെന്ന പി എം എ സലാമിന്റെ പ്രസ്താവന യാഥാര്‍ഥ്യങ്ങള്‍ വളച്ചൊടിക്കലാണ്.ഭൂമി പ്രശ്നം റവന്യു വസ്തുതര്‍ക്കമാണ്. അതിനെ മതവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമായി ചിത്രീകരിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ആരും ശ്രമിക്കരുത്. സുപ്രീം കോടതിയുടെയും വഖ്ഫ് ട്രൈബ്യൂണലിന്റെയും പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ അന്തിമതീരുമാനം പറയേണ്ടത് ബന്ധപ്പെട്ട നീതിന്യായ സംവിധാനങ്ങളാണ്. നിയമനടപടികള്‍ മാനിച്ചുള്ള സമീപനമാണ് ബന്ധപ്പെട്ട എല്ലാവരും സ്വീകരിക്കേണ്ടതെന്ന് ഭാരവാഹികള്‍ പറഞ്ഞു.മുനമ്പം വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിവിധ ഘട്ടങ്ങളില്‍ കൂടുതല്‍ ഇടപെടലുകള്‍ നടന്നത് മുസ്‌ലിം ലീഗ് നേതാക്കള്‍ പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിരുന്ന യു ഡി എഫ് ഭരണകാലഘട്ടങ്ങളിലാണ്.നിസാര്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2019 മേയ് 20ന് മുനമ്പം വഖ്ഫ് ഭൂമി ആസ്തി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് യു ഡി എഫ് നിയമിച്ച പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായിരുന്ന വഖ്ഫ് ബോര്‍ഡ് കമ്മിറ്റിയുടെ കാലത്തായിരുന്നു. ആദ്യഘട്ടത്തില്‍ പറവൂര്‍ കോടതിയെ സമീപിച്ചപ്പോഴും തുടര്‍ന്ന് വിവിധ കാലഘട്ടങ്ങളില്‍ നടന്ന നിയമനടപടികളിലും ഫാറൂഖ് കോളജ് തന്നെ വഖ്ഫ് ഭൂമിയാണെന്ന് കോടതികള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത്തരത്തിലുള്ള ചരിത്രപരവും രേഖാപരവും നിയമപരവുമായ വസ്തുതകള്‍ നിലനില്‍ക്കുമ്പോള്‍, വിഷയത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന സമീപനമാണ് മുസ്‌ലിം ലീഗ് സ്വീകരിക്കുന്നതെന്ന് സമിതി കുറ്റപ്പെടുത്തി.വാര്‍ത്താസമ്മേളനത്തില്‍ സി എ ഹൈദ്രോസ് ഹാജി, അഡ്വ. എ എ ജലീല്‍, കെ എ സുബൈര്‍, ലുഖ്മാന്‍ മൂസ, മാവുടി മുഹമ്മദ് ഹാജി, എ എസ് അബ്ദുര്‍സാഖ്, കെ എം എ ജലീല്‍, ഒ എച്ച് മനാഫ് ഫാരിസ്, അശ്‌റഫ് വാഴക്കാല, വി എം ഫൈസല്‍ പങ്കെടുത്തു.