ഏതെങ്കിലും ഒരാളുടെ മാത്രം വീഴ്ചയല്ല പരാജയത്തിന് കാരണം; സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് വിലയിരുത്തല്‍

Wait 5 sec.

തിരുവനന്തപുരം | തെരഞ്ഞെടുപ്പ് പരാജയത്തില്‍ നേതാക്കള്‍ക്കു വ്യക്തിപരമായി തെറ്റുപറ്റിയിട്ടില്ലെന്ന നിലപാടില്‍ സി പി എം സംസ്ഥാന സെക്രട്ടറിയറ്റ്. രണ്ട് ദിവസം നീളുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന സെക്രട്ടറിയറ്റിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബ്രാഞ്ച് തലം മുതല്‍ നടന്ന തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ച് ശേഷം വീണ്ടും കീഴ് ഘടകങ്ങളിലേക്ക് ചര്‍ച്ചക്കായി അയക്കും. കീഴ്ഘടകങ്ങളില്‍ ഒരു റൗണ്ട് ചര്‍ച്ച കൂടി നടത്തിയാവും അവലോകന റിപ്പോര്‍ട്ട് അന്തിമമാക്കുക. മൂന്ന് മാസത്തിനുള്ളില്‍ പാര്‍ട്ടിയില്‍ പ്രായോഗിക തിരുത്തല്‍ നടപടികള്‍ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതെങ്കിലും ഒരാളുടെ മാത്രം വീഴ്ചയല്ല പരാജയത്തിന് കാരണം. തോല്‍വിയുടെ ഉത്തരവാദിത്തം എല്ലാവര്‍ക്കും ഉണ്ട് എന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന വിലയിരുത്തല്‍.പാര്‍ട്ടി ഇടതു പക്ഷ മൂല്യങ്ങള്‍ കൈവിട്ടുവെന്നും മതേതരത്വ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നും സാമ്പത്തിക അരാജകത്വം പാര്‍ട്ടിയെ പിടിമുറിക്കി എന്നുമടക്കം ഗുരുതരമായ വിമര്‍ശനങ്ങളാണ് കീഴ് ഘടകങ്ങളില്‍ നിന്നുയര്‍ന്നത്. പിണറായി വിജയന്റേയും എം വി ഗോവിന്ദന്റേയും നിലപാടുകളെ ശക്തമായി വിമര്‍ശവിധേയമാക്കുന്ന ചര്‍ച്ചകളാണ് പാര്‍ട്ടിയില്‍ അടിമുടി നടന്നത്. എന്നാല്‍ ഇത്തരം ചര്‍ച്ചകളുടെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്നതല്ല സെക്രട്ടറിയറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ജാതി സമവാക്യവും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമാണ് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. സര്‍ക്കാരിനെതിരായ പ്രചാരണം അഴിച്ചുവിട്ടത് ഗുണം കണ്ടു. ബി ജെ പി വളര്‍ച്ച ഗൗരവത്തോടെ കാണണം. മൂന്ന് സീറ്റില്‍ ജയിച്ച ബി ജെ പി ആറിടത്ത് രണ്ടാമത് എത്തിയതും അപകടകരമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ന്യൂനപക്ഷ വിഭാഗങ്ങളിലെ അധിക വോട്ടുകള്‍ ഇത്തവണ കിട്ടിയില്ല. 2016ലും 2021ലും പരമ്പരാഗത വോട്ടുകള്‍ക്കപ്പുറം ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ വോട്ട് ലഭിച്ചു. ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളില്‍നിന്ന് കൂടുതല്‍ വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ അധിക വോട്ട് ഇത്തവണ കിട്ടിയില്ലെന്നും ഭൂരിപക്ഷ വോട്ടുകളും വിചാരിച്ച പോലെ വന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തെറ്റാണെന്നും. തളിപ്പറമ്പില്‍ സ്ഥാനാര്‍ഥിത്വം പിഴച്ചുവെന്നും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ജാഗ്രത വേണമായിരുന്നുവെന്നും യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് അയ്യപ്പ സംഗമത്തിന്റെ ശോഭ കെടുത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.പ്രതിപക്ഷ നേതാവായി പിണറായിയെ തീരുമാനിച്ചത് ഏകകണ്ഠമായാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.പരാജയത്തിന് കുട്ടായ ഉത്തരവാദിത്വമുണ്ട്. വിമര്‍ശനാത്മകമായി ഉള്‍ക്കൊണ്ട് സ്വയം തിരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സി പി എം കീഴ്ഘടകങ്ങളില്‍ നടന്ന ചര്‍ച്ചയുടെ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ തുടര്‍ ചര്‍ച്ചകളാണ് സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ പ്രധാന അജണ്ട.