പരോളിന് കര്‍ശന മാനദണ്ഡങ്ങള്‍

Wait 5 sec.

ജയില്‍ ചട്ടങ്ങള്‍ പാലിച്ചു മാത്രമേ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കാവൂവെന്ന് ജയില്‍ വകുപ്പ് മേധാവിക്ക് കടുത്ത നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുന്‍കാലങ്ങളില്‍ ജയില്‍ വകുപ്പ് മേധാവിയുടെ വിവേചനാധികാരം ഉപയോഗിച്ച് നിരവധി തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചിരുന്നു. പോലീസ് റിപോര്‍ട്ട് എതിരായിട്ടും പരോള്‍ അനുവദിച്ചത് കടുത്ത വിവാദത്തിന് ഇടയാക്കുകയും ചെയ്തു. നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണെന്ന ഭരണഘടനാ തത്ത്വം പലപ്പോഴും ലംഘിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് പരോളിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം.\ശിക്ഷ നടപ്പാക്കാനുള്ള സ്ഥാപനങ്ങള്‍ മാത്രമല്ല ജയിലുകള്‍; കുറ്റവാളികളുടെ പുനരധിവാസവും സാമൂഹിക പുനഃസംയോജനവും ലക്ഷ്യമാക്കുന്ന സംവിധാനം കൂടിയാണ്. ഇതടിസ്ഥാനത്തിലാണ് പരോള്‍ പോലുള്ള ആനുകൂല്യങ്ങള്‍ ജയില്‍ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയത്. ഇത് തടവുകാരന്റെ അവകാശമല്ല. നിയമം അനുശാസിക്കുന്ന വ്യവസ്ഥകള്‍ പാലിക്കപ്പെടുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യം മാത്രമാണ്. തടവുകാരന്റെ കുടുംബത്തിലെ അടിയന്തര സാഹചര്യങ്ങള്‍, ചികിത്സ, സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്തല്‍, നല്ല പെരുമാറ്റം തുടങ്ങിയവ പരിഗണിച്ചാണ് പരോള്‍ നല്‍കേണ്ടത്. ചട്ടങ്ങള്‍ക്ക് വിധേയമല്ലാതെ രാഷ്ട്രീയ പ്രേരിതമായി പരോള്‍ അനുവദിക്കുന്നത് നീതിന്യായ വ്യവസ്ഥയെയും നിയമ വ്യവസ്ഥയിലുള്ള പൊതുജന വിശ്വാസത്തെയും ദുര്‍ബലപ്പെടുത്തും.കേരളത്തില്‍ പരോള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പലതവണ വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ടി പി ചന്ദ്രശേഖരൻ വധക്കേസ്, പെരിയ ഇരട്ടക്കൊലക്കേസ് തുടങ്ങിയ പ്രമാദമായ കേസുകളിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച നടപടികളില്‍ പ്രത്യേകിച്ചും. ടി പി വധക്കേസില്‍ പ്രതികള്‍ പുറത്തിറങ്ങിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു ജയില്‍ മേധാവി പരോള്‍ അനുവദിച്ചത്. പ്രാദേശിക പോലീസ് റിപോര്‍ട്ടും പ്രതികൂലമായിരുന്നു. കോടതി കഠിന തടവിനു ശിക്ഷിച്ച കുറ്റവാളികളുടെ കാര്യത്തില്‍ പോലും ജയില്‍ താമസം കേവലം സാങ്കേതികത്വം മാത്രമായി മാറുകയും പ്രതികള്‍ യഥേഷ്ടം പുറത്തിറങ്ങി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്ന സ്ഥിതിവിശേഷം സംജാതമാകുകയും ചെയ്തു. പരോള്‍ അനുവദിക്കുന്നതിലെ വിവേചനത്തിന്റെ പ്രത്യാഘാതം ഗുരുതരമാണ്. സാധാരണക്കാരനു ലഭിക്കാത്ത ഇളവുകള്‍ മറ്റു ചിലര്‍ക്ക് ലഭിക്കുന്നുവെന്ന ധാരണ സമൂഹത്തില്‍ രൂപപ്പെടും. അത് ജയില്‍ ഭരണത്തിന്റെ വിശ്വാസ്യത തകര്‍ക്കും. അതിനപ്പുറം കോടതി വിധിച്ച പൂര്‍ണ ശിക്ഷ അനുഭവിക്കാതെ പ്രതികള്‍ നിരന്തരം പുറത്തുവന്ന് വിഹരിക്കുന്നത് ഇരകളുടെയും അവരുടെ കുടുംബങ്ങളുടെയും നീതിബോധത്തെ മുറിവേല്‍പ്പിക്കുകയും ചെയ്യും.ചട്ടപ്രകാരം ഒരു തടവുകാരന് വര്‍ഷത്തില്‍ പരമാവധി 60 ദിവസമാണ് പരോള്‍ അനുവദിക്കാവുന്നത്. എന്നാല്‍ അടിയന്തര പരോളുകളുടെയും ശിക്ഷാ ഇളവുകളുടെയും പേരില്‍ ഈ പരിധി യഥേഷ്ടം ലംഘിക്കപ്പെട്ടു. ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് വലിയ തോതില്‍ പരോള്‍ നല്‍കിയതും ശിക്ഷാ ഇളവ് നല്‍കി വിട്ടയച്ചതുമുള്‍പ്പെടെയുള്ള നടപടികള്‍ കടുത്ത നിയമപോരാട്ടങ്ങള്‍ക്ക് വഴിവെച്ചതാണ്. ശിക്ഷാ കാലയളവിനിടെ 500 ദിവസത്തോളം ജയിലിനു പുറത്തായിരുന്നു ഷെറിന്‍. ഇത്തരം പരോള്‍ നിയമലംഘനത്തിലും സര്‍ക്കാറിന്റെ ഏകപക്ഷീയമായ നിലപാടുകളിലും ഹൈക്കോടതി പലതവണ അസംതൃപ്തി രേഖപ്പെടുത്തുകയും ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച പുതിയ നിര്‍ദേശ പ്രകാരം പോലീസ് റിപോര്‍ട്ടുകളും പ്രൊബേഷന്‍ ഓഫീസറുടെ നിരീക്ഷണങ്ങളും മറികടന്ന് ജയില്‍ മേധാവിമാര്‍ക്ക് സ്വന്തം താത്പര്യപ്രകാരം പരോള്‍ അനുവദിക്കാനാകില്ല. ഇത് ഉദ്യോഗസ്ഥര്‍ക്കു മേലുള്ള രാഷ്ട്രീയ സമ്മര്‍ദം കുറയ്ക്കാനും ജയില്‍ ഭരണത്തില്‍ സുതാര്യതക്കും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അതേസമയം നിയമം കര്‍ശനമാക്കിയത് പരോളുമായി ബന്ധപ്പെട്ട മനുഷ്യാവകാശപരമായ അവകാശങ്ങളെ ബാധിക്കാനിടയാകരുത്. എല്ലാ തടവുകാരും അവരുടെ കുറ്റകൃത്യങ്ങള്‍ക്കപ്പുറം മനുഷ്യരാണ്. കുടുംബത്തിലെ മരണം, ഗുരുതര രോഗം, വിവാഹം പോലുള്ള നിര്‍ണായക സാഹചര്യങ്ങളില്‍ മാനുഷിക പരിഗണനകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ട്. സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്താനും മാനസികാരോഗ്യ സംരക്ഷണത്തിനും പരോള്‍ തടവുകാര്‍ക്ക് സഹായകമാകും. പാടേ നിഷേധിക്കുകയല്ല, അത് നിയമാനുസൃത രീതിയിലും ന്യായമായ രീതിയിലും നടപ്പാക്കുകയായിരിക്കണം പുതിയ ഉത്തരവിലൂടെ ലക്ഷ്യമാക്കേണ്ടത്. മനുഷ്യത്വബോധത്തിനും നിയമ പാലനത്തിനുമിടയിലുള്ള സന്തുലിതാവസ്ഥയായിരിക്കണം പരോള്‍ സംവിധാനത്തിന്റെ അടിസ്ഥാനം. മനുഷ്യത്വ ബോധത്തിന്റെയും സഹാനുഭൂതിയുടെയും പേരില്‍ ചട്ടങ്ങള്‍ അവഗണിക്കാനാകില്ല. നിയമപാലനത്തിന്റെ പേരില്‍ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാനുമാകില്ല.പരോള്‍ ചട്ടങ്ങള്‍ കര്‍ശനമാക്കിക്കൊണ്ടുള്ള ഉത്തരവ് താത്കാലിക രാഷ്ട്രീയ നിലപാട് മാത്രമായി മാറാതെ വ്യവസ്ഥാപിതമായ ചട്ടക്കൂടായി മാറേണ്ടതുണ്ട്. ഭരണകക്ഷിയുമായി അടുപ്പമുള്ള തടവുകാരുടെ കാര്യത്തിലും കര്‍ശന നിയന്ത്രണം പാലിക്കാനുള്ള ആര്‍ജവം കാണിക്കണം. മുന്‍ യു ഡി എഫ് ഭരണത്തില്‍ ഭരണകക്ഷി അനുകൂലികളായ തടവുകാര്‍ക്കും ചില പ്രമുഖ പ്രതികള്‍ക്കും പരോളില്‍ വഴിവിട്ട ഇളവുകള്‍ അനുവദിച്ചിരുന്നതായി പരാതി ഉയര്‍ന്നിരുന്നു. അതാവര്‍ത്തിക്കാന്‍ ഇടയാക്കരുത്. നിയമം എല്ലാവര്‍ക്കും ഒരുപേലെ ബാധകമാണെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കാനും പരോള്‍ സംവിധാനത്തെ രാഷ്ട്രീയ സ്വാധീനങ്ങളില്‍ നിന്ന് പൂര്‍ണമായി മുക്തമാക്കാനും പുതിയ സര്‍ക്കാറിനും ജയില്‍ വകുപ്പിനും സാധിക്കട്ടെ. എങ്കിലേ നിയമവാഴ്ചയിലും നീതിന്യായ സംവിധാനത്തിലുമുള്ള വിശ്വാസം സമൂഹത്തില്‍ ശക്തിപ്പെടുകയുള്ളൂ. നിയമത്തിന്റെ തുല്യമായ പ്രയോഗം ഉറപ്പാക്കുകയെന്നതാണ് ഇവിടെ പ്രധാനം.