ന്യൂഡല്‍ഹി | കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ വഞ്ചനയില്‍ ഘടക കക്ഷികളുടെ പ്രതിഷേധത്തിനിടെ നാളെ ന്യൂഡല്‍ഹിയില്‍ ഇന്ത്യാ സഖ്യത്തിന്റെ യോഗം ചേരും. ഡി എം കെ, ജെ എം എം, സി പി എം കക്ഷികളാണ് കോണ്‍ഗ്രസ്സ് നിലപാടില്‍ പ്രതിഷേധം ഉയര്‍ത്തുന്നത്.യോഗത്തില്‍ നിന്ന് ഡി എം കെ വിട്ടു നില്‍ക്കും. കോണ്‍ഗ്രസിനെതിരെയുള്ള അതൃപ്തി സി പി എം നേരിട്ട് അറിയിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് ഇന്ത്യ സഖ്യത്തിന്റെ യോഗം ചേരുക. 23 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.നാളത്തെ ഇന്ത്യ സഖ്യ യോഗത്തില്‍ പങ്കെടുക്കാനെത്തിയ തൃണമൂല്‍ നേതാവ് മമത ബാനര്‍ജി എ എ പി നേതാവ് അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. അഭിഷേക് ബാനര്‍ജിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. തൃണമൂലിന്റെ കീര്‍ത്തി ആസാദ് എം പിയും ഡല്‍ഹിയില്‍ മമത ബാനര്‍ജിയെ കാണാനെത്തി.ഇന്ത്യ സഖ്യം എന്നും ഐക്യത്തോടെ നിലകൊള്ളുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ചിലര്‍ തിരക്കുകള്‍ മൂലം അസൗകര്യം അറിയിച്ചു. എന്നാല്‍ എല്ലാവരും എന്‍ ഡി എ സര്‍ക്കാരിന്റെ നയങ്ങളോടും നടപടികളോടും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.മുന്നണി മര്യാദ പാലിക്കാതെ കോണ്‍ഗ്രസ് എടുത്ത തീരുമാനങ്ങളാണ് ഡി എം കെയിലും ജെ എം എമ്മിലും സി പി എമ്മിലും അതൃപ്തി പുകയാന്‍ കാരണം. എന്‍ സി പി ശരത് പവാര്‍ പക്ഷവും ശിവസേന ഉദ്ധവ് താക്കറെ പക്ഷവും പങ്കെടുത്തേക്കില്ല. കേരളത്തില്‍ സി പി എമ്മും ബി ജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ പ്രചരണം നടത്തിയതില്‍ കോണ്‍ഗ്രസിനോട് സി പി എം ദേശീയ നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്. എന്തുകൊണ്ട് പിണറായി വിജയനെ ഇ ഡി ചോദ്യംചെയ്യുന്നില്ല എന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യവും ഇന്ത്യാ സഖ്യത്തിന്റെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടുകള്‍ക്കെതിരായിരുന്നു എന്നാണ് സി പി എം നിലപാട്. തമിഴ്‌നാട്ടില്‍ ഡി എം കെയുടെ വോട്ടു വാങ്ങി ജയിച്ചിട്ട് സഖ്യം പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഡി എം കെയോട് ആലോചിക്കുകപോലും ചെയ്യാതെ കൂറുമാറി വിജയ് സര്‍ക്കാറില്‍ പങ്കാളിയായി. കോണ്‍ഗ്രസ്സിന്റെ ഈ കാലുമാറ്റ നിലപാടില്‍ പ്രതിഷേധിച്ചാണ് ഡി എം കെ ഇന്ത്യാ സഖ്യത്തില്‍ നിന്നു വിട്ടു നില്‍ക്കുന്നത്.