യൂട്യൂബർമാർ തങ്ങളുടെ ലൈഫിലെ പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത് പതിവാണ്. അതിൽ അവരുടെ ജീവിതരീതിയും ഭക്ഷണരീതിയും എല്ലാം ഉൾപ്പെടും. അത്തരത്തിൽ ഒരു വീട്ടമ്മ പങ്കുവെച്ച വീഡിയോ കണ്ട് ആകൃഷ്ടരായി എത്തിയത് കള്ളന്മാർ ആണ്. വീടിന്റെ വിശേഷങ്ങളും ആഭരണങ്ങളും പ്രദർശിപ്പിച്ച യൂട്യൂബറുടെ വീട്ടിൽ വൻ കവർച്ചയാണ് നടന്നത്. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലുള്ള മോഹനി ഗ്രാമത്തിലാണ് സംഭവം. പ്രമുഖ യൂട്യൂബറായ രചന ഗുർജറിന്റെ വീട്ടിൽ നിന്ന് സ്വർണ്ണം, വെള്ളി ആഭരണങ്ങൾ, പണം എന്നിവയുൾപ്പെടെ ഏകദേശം 8 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അജ്ഞാതരായ മോഷ്ടാക്കൾ രചനയുടെ വീട്ടിൽ അതിക്രമിച്ചു കയറിയത്. ഈ സമയത്ത് രചനയും കുടുംബവും ഉറക്കത്തിലായിരുന്നു. മോഷ്ടാക്കൾ ഇവരെ ഒരു മുറിയിൽ പൂട്ടിയിട്ട ശേഷമാണ് മോഷണം നടത്തിയത്. സ്വർണ്ണത്തിനും പണത്തിനും പുറമെ ഒരു കാർട്ടൺ എനർജി ഡ്രിങ്കും മോഷ്ടാക്കൾ കൊണ്ടുപോയിട്ടുണ്ട്. പുലർച്ചെ നാല് മണിയോടെ ഉണർന്ന കുടുംബം മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തുകയും തുടർന്ന് ബന്ധുക്കളെ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു.ALSO READ: കോൺഗ്രസ് രാഷട്രീയ മര്യാദ പാലിക്കണം; ഇൻഡ്യ മുന്നണി യോഗത്തിൽ കാര്യം ഉന്നയിക്കും: ഡോ. ജോൺ ബ്രിട്ടാസ് എംപിമോഷ്ടാക്കൾ തങ്ങളുടെ മുഖം സിസിടിവിയിൽ പതിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരു വടി ഉപയോഗിച്ച് ക്യാമറകളുടെ ദിശ മാറ്റുന്ന മുഖംമൂടി ധരിച്ച മോഷ്ടാവിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കുടുംബത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള പ്രദേശവാസികളായ ആരെങ്കിലുമാകാം ഈ കൃത്യത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള രചന ഗുർജർ അടുത്തിടെ തന്റെ വീടിന്റെ ഓരോ ഭാഗങ്ങളും ആഭരണങ്ങളും പണവും കാണിക്കുന്ന ‘ഹോം ടൂർ’ വീഡിയോകൾ പങ്കുവെച്ചിരുന്നു. വീടിന്റെ ഘടനയും വിലപിടിപ്പുള്ള വസ്തുക്കൾ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും മനസ്സിലാക്കാൻ ഈ വീഡിയോകൾ മോഷ്ടാക്കളെ സഹായിച്ചിരിക്കാമെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ നർവാർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സോഷ്യൽ മീഡിയയിൽ അമിതമായി സ്വകാര്യ വിവരങ്ങളും സമ്പത്തും പ്രദർശിപ്പിക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാകുമെന്ന് ഈ സംഭവം മുന്നറിയിപ്പ് നൽകുന്നു.The post ലൈക്കും ഷെയറും തന്നില്ല, പകരം പത്ത് ലക്ഷം കൊണ്ടുപോയി; ഹോം ടൂർ വീഡിയോ കണ്ട് യൂട്യൂബറുടെ വീട് കൊള്ളയടിച്ചു appeared first on Kairali News | Kairali News Live.