അനുഭവിച്ചതിൽ വെച്ച് ആകർഷിച്ചത് ഉമ്പുൽ മാൻഡനാണ്. മഞ്ഞു പോലെ ശുദ്ധവും തണുപ്പും നിറഞ്ഞ, ഒന്നര മീറ്റർ മാത്രം താഴ്്ചയുള്ള നീന്തൽക്കുളങ്ങളാണ് മാൻഡൻ. ഇവക്ക് ചുറ്റും നെൽപ്പാടങ്ങളുടെ പച്ചപ്പ് കൂടി ചേരുമ്പോൾ മനോഹാരിത ഇരട്ടിയാകുന്നു. ഓരോ കുളങ്ങളിലെയും വെള്ളത്തിന് ഇളം നീല നിറമാണ്. അടിയിലെ വെള്ളാരം കല്ലുകളും മരങ്ങളുടെ വേരുകളും അലങ്കാരമീനുകളുമെല്ലാം ദൃശ്യമാകുന്നവിധം നെൽത്തണ്ണീർ വെള്ളം. നടത്തിപ്പ് ഗവൺമെന്റിന് കീഴിലായതിനാൽ വിദേശികൾക്കും നാട്ടുകാർക്കുമെല്ലാം ടിക്കറ്റ് നിർബന്ധമാണ്. വെറും പതിനായിരം റുപ്പിയയാണ് അഡൾട്ട് ടിക്കറ്റ് റേറ്റ്.രണ്ട് പ്രകൃതിനിർമിതമായ കുളങ്ങളും മൂന്നിലേറെ സ്വിമ്മിംഗ് പൂളുകളുമാണ് മാൻഡനിലുള്ളത്. സ്പാ മത്സ്യങ്ങൾക്ക് മാത്രമുള്ള ഒരു കുളവുമുണ്ട് അകത്ത്. അതിൽ കാലിറക്കി വെച്ച് അഞ്ച് മിനുട്ടിരുന്നാൽ മതി, സോപ്പിട്ട് കഴുകിയത് പോലെ വൃത്തിയായി കിട്ടും. വസ്ത്രം മാറാനും കുളിക്കാനും എമ്പാടും മുറികളുണ്ട്. പക്ഷേ, മിനിമം രണ്ടായിരം റുപ്പിയ വെച്ച് വാങ്ങാൻ ഓരോ കുളിമുറിക്ക് മുമ്പിലും ജോലിക്കാരുണ്ടാകും.മെല്ലെ ഒലിക്കുന്ന വെള്ളത്തിൽ കസേരയും ടേബിളും നിരത്തി ഭക്ഷണം വിളമ്പുന്ന റസ്റ്റോറന്റുകളും മാൻഡന്റെ മാത്രം പ്രത്യേകതയാണ്. ഒരു ജ്യൂസോ എസ്‌തേയോ (ഐസിട്ട ചായ) മാത്രമാണ് കുടിക്കുന്നതെങ്കിൽ കൂടി തിരഞ്ഞെടുക്കാറുള്ളത് ഇത്തരം സ്‌പോട്ടുകളാണ്.വെള്ളത്തിനകത്തെ വിസ്മയങ്ങൾ70 മീറ്റർ വീതിയും 40 മീറ്റർ ദൈർഘ്യവുമുള്ള, മൂന്ന് മീറ്റർ വരെ ആഴമുള്ള ഏറ്റവും വലിയ ഉമ്പുലാണ് പൊംഗ്ഗോക്. അലങ്കാരമത്സ്യങ്ങളാണ് പൊംഗ്ഗോകിനെ ആകർഷണീയമാക്കുന്നത്. വ്യത്യസ്ത നിറങ്ങളിലുള്ള കോയി, നിള മത്സ്യങ്ങളാണ് പ്രധാനമായും. അണ്ടർവാട്ടർ ഫോട്ടോഗ്രഫിക്ക് പേരുകേട്ട ഉമ്പുൽ കൂടിയാണ് പൊംഗ്ഗോക്. സൈക്കിൾ, സ്‌കൂട്ടി, സ്റ്റഡി ടേബിൾ തുടങ്ങി ഒട്ടേറെ വസ്തുക്കൾ വെള്ളത്തിനകത്ത് ഒരുക്കിവെച്ചിട്ടുണ്ട്. ഫേസ് മാസ്‌കും ഗ്ലാസ്സും വാടകക്കെടുക്കാം. ഫോട്ടോജെനികായവർക്ക് ഒരിക്കലും ഒഴിച്ചുകൂടാനാകാത്ത അനുഭവമായിരിക്കും പൊംഗ്ഗോക് സമ്മാനിക്കുക.ഇത്രയേറെ വിനോദങ്ങൾക്കിടയിലും പൊംഗ്ഗോകിന്റെ ശാന്തത അത്ഭുതമാണ്. മലേഷ്യയിൽ വെച്ച് നടത്തപ്പെട്ട ഒരു പ്രോഗ്രാമിന്റെ ഫൈനൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്തത് പൊംഗ്ഗോകിൽ വെച്ചായിരുന്നു. ശ്രീലങ്കയിൽ നിന്നുള്ള സുഹൃത്തുക്കൾ അന്നായിരുന്നു സോളോയിലേക്ക് വന്നത്. ഒരേ സമയം അവരെ എന്റർടൈൻ ചെയ്യിക്കാനും എനിക്ക് ഫ്രീയായി ഇരിക്കാനും പൊംഗ്ഗോക് നല്ലൊരു ഓപ്ഷനായിരുന്നു. ഇടക്ക് വെച്ച് ചെറിയ കുട്ടികളുടെ ശബ്ദം കാരണം തൊട്ടടുത്ത കടയിലേക്ക് കയറിയിരിക്കേണ്ടി വന്നതൊഴിച്ചാൽ ശാന്തമായിരുന്നു ചുറ്റും. ആ ഇന്റർവ്യൂ വിജയിക്കാനും കോഴ്‌സിൽ പങ്കെടുക്കാനും കഴിഞ്ഞു.ശുദ്ധജലം കൊണ്ടൊരു കലാവിരുത്കാഴ്ചയിൽ നന്നേ ചെറുതെന്ന് തോന്നിക്കുന്ന കൈത്തോട് പോലൊരു ഉമ്പുലാണ് ചൊക്രോ. ഇവിടെ നീന്തുന്നതിനിടക്കാണ് ആദ്യമായി മാതാഅയിർ അഥവാ “സ്പ്രിംഗ് വാട്ടറി’നെ കുറിച്ച് മനസ്സിലാക്കുന്നത്. അറിയാവുന്ന ബഹാസയിൽ നാട്ടുകാരോട് വിശിഷ്യാ കച്ചവടക്കാരോട് കാര്യങ്ങൾ അന്വേഷിക്കലാണ് പതിവ്. ട്യൂബ് വാടകക്ക് കൊടുക്കുന്ന ഒരുപ്പയോടാണ് ഇതേക്കുറിച്ച് കൂടുതൽ സംസാരിച്ചത്. ബാക്കി ഇന്റർനെറ്റ് നോക്കി മനസ്സിലാക്കി. അഗ്നിപർവതങ്ങളാണ് ഈ ജലവിരുന്നൊരുക്കുന്നതെന്ന് കേട്ടപ്പോൾ ആദ്യമൊരു ഞെട്ടലായിരുന്നു. ഉറവിടമന്വേഷിച്ച് മെറാപ്പിയിലേക്കെത്തിയപ്പോഴാണ് പ്രകൃതി നിർമിതിയുടെ രഹസ്യങ്ങളെ പ്രതി വീണ്ടും അത്ഭുതപ്പെടുന്നത്.വിവരിച്ചെഴുതേണ്ട ഉമ്പുലുകൾ വേറെയുമുണ്ട്. നിശ്ചല ചിത്രങ്ങൾക്കോ സാഹിത്യവാക്കുകൾക്കോ അനുഭവിപ്പിക്കാൻ കഴിയാത്തവിധം അസാമാന്യമാണവ.Content Highlights:The pristine volcanic freshwater springs of Umbul Manden and Ponggok offer an enchanting experience with crystal clear blue waters and vibrant marine life. Umbul Ponggok is particularly famous for its unique underwater photography setups including cycles and study tables submerged for visitors. These government managed natural pools provide a tranquil escape and are heavily tied to the volcanic geography of the region.