ചെന്നൈ | പാര്‍ട്ടി വിട്ട ബി ജെ പി തമിഴ്‌നാട് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പുതിയ രാഷ്ട്രീയ മൂവ്‌മെന്റിന് രൂപം നല്‍കി. ബി ജെ പി വിടുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ ആരംഭിച്ച ‘വി ദ ലീഡേഴ്‌സി’ന് മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് വളണ്ടിയര്‍മാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു.എന്നാല്‍, അണ്ണാമലൈയുടെ രാജിയും പുതിയ മൂവ്‌മെന്റും തമിഴ്നാട്ടിലെ ജനങ്ങളെ കബളിപ്പിക്കാനുള്ള ബി ജെ പി യുടെ ‘പ്ലാന്‍ ബി’ തന്ത്രത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍ എം പി ആരോപിച്ചു. ദ്രാവിഡ മണ്ണില്‍ സ്വാധീനമുറപ്പിക്കാന്‍ മുഖംമൂടിയണിഞ്ഞ് ബി ജെ പിയും ആര്‍ എസ് എസും പുതിയ നീക്കങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സമൂഹങ്ങളെ ശാക്തീകരിക്കുക, നേതൃത്വഗുണങ്ങള്‍ വളര്‍ത്തുക, പ്രാദേശികതലത്തില്‍ അര്‍ഥവത്തായ മാറ്റങ്ങള്‍ കൊണ്ടുവരിക എന്നിവയാണ് ‘വി ദ ലീഡേഴ്‌സി’ന്റെ ലക്ഷ്യമെന്ന് വെബ്‌സൈറ്റില്‍ പറയുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സുസ്ഥിരത, യുവജന നേതൃത്വം എന്നിവയില്‍ താല്‍പര്യമുള്ളവര്‍ക്ക് തങ്ങളുടെ ഭാഗമാകാമെന്നാണ് ആഹ്വാനം. പ്രാദേശിക പ്രവര്‍ത്തനത്തിലൂടെ മെച്ചപ്പെട്ടൊരു നാളെ കെട്ടിപ്പടുക്കാന്‍ കൈകോര്‍ക്കാമെന്നും വെബ്‌സൈറ്റ് പറയുന്നു. പുതിയ രാഷ്ട്രീയ മൂവ്‌മെന്റിന്റെ ഭാഗമായി കോയമ്പത്തൂരില്‍ എ പി ജെ അബ്ദുള്‍ കലാം സെന്റര്‍ ഫോര്‍ എത്തിക്‌സ് ആന്റ് പൊളിറ്റിക്‌സ് എന്ന സ്ഥാപനം ആരംഭിക്കുമെന്നും അണ്ണാമലൈ പ്രഖ്യാപിച്ചിട്ടുണ്ട്.‘നമുക്ക് മാറാം, മാറ്റം കൊണ്ടുവരാം’ എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്വമെന്നും വ്യക്തിപൂജാ രാഷ്ട്രീയത്തിന് പകരം ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സാധാരണക്കാരന്റെ രാഷ്ട്രീയം കെട്ടിപ്പടുക്കുമെന്നും അണ്ണാമലൈ പറഞ്ഞു. ആരുമായും മത്സരിക്കാനില്ലെന്നും ഭരണകക്ഷിയും പ്രതിപക്ഷ പാര്‍ട്ടികളും നയങ്ങള്‍ പറയട്ടെയെന്നും തങ്ങളുടെ നയങ്ങള്‍ ഉചിതമായ സമയത്ത് വ്യക്തമാക്കുമെന്നും അണ്ണാമലൈ പറഞ്ഞു.മുന്‍ ഐ പി എസ് ഓഫീസര്‍ കൂടിയായ കെ അണ്ണാമലൈ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍, ബി എല്‍ സന്തോഷ് എന്നിവരുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പാര്‍ട്ടി വിട്ടത്. അഭിമാനിയായ ഒരു തമിഴനും ഭാരതീയനുമെന്ന തന്റെ വ്യക്തിത്വം നിലനിര്‍ത്തി തമിഴ്നാടിന്റെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് തുടരുമെന്നാണ് അണ്ണാമലൈയുടെ പ്രതികരണം.ബി ജെ പി മുന്‍ തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തിയത്.