കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം

Wait 5 sec.

തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം ആദ്യ ഘട്ടത്തില്‍ നടപ്പാക്കും. ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം നടപ്പിലാക്കാനാണ് നീക്കം. ജൂണ്‍ 15ന് തന്നെ കെ എസ് ആര്‍ ടി സി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്റെ തുടര്‍ നടപടികളാണ് ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി ഗതാഗതമന്ത്രി സി പി ജോണ്‍ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി.100 ദിവസങ്ങളിലെ ലാഭനഷ്ട കണക്കുകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത കമ്മീഷണറോട് ആവശ്യപ്പെടും. ഒരു ഓര്‍ഡിനറി ബസ്സു പോലുമില്ലാത്ത മണ്ഡലങ്ങളില്‍ ബസുകള്‍ കൊണ്ടുവരുന്നത് ആലോചിക്കും. എല്ലാം സ്ത്രീകള്‍ക്കും മറ്റു മാനദണ്ഡങ്ങള്‍ ഇല്ലാതെ സൗജന്യ യാത്ര അനുവദിക്കും. പണം സര്‍ക്കാര്‍ നല്‍കാനാനാണ് തീരുമാനം. അതുകൊണ്ടുതന്നെ കോര്‍പ്പറേഷന് ബാധ്യത ആവില്ല എന്നാണ് വിലയിരുത്തല്‍. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപനത്തില്‍ കെ എസ് ആര്‍ ടി സിയിലെ പ്രതിപക്ഷ യൂണിയനുകള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കെ എസ് ആര്‍ ടി സിക്ക് ഉണ്ടാകുന്ന ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോടിക്കണക്കിന് രൂപ പദ്ധതി നടത്തിപ്പിലൂടെ സര്‍ക്കാരിന് ബാധ്യത വരുമെന്നുമാണ് സി ഐ ടി യു നിലപാട്.