കിക്കോഫ് വിസിലിന് മുന്പ്, പന്ത് നീങ്ങിത്തുടങ്ങും മുന്പ് സ്റ്റേഡിയത്തെ മൂടുന്ന ഒരു നിശബ്ദതയുണ്ട്. ആർപ്പുവിളികളും പുകച്ചുരുളുകളും വർണനൂലുകളും നിശ്ചലമാകുന്ന നിമിഷം. അന്നേരം മൈതാന മധ്യത്തിലെ പന്തിലേക്ക്, കളിക്കാരിലേക്ക്, കൊടിക്കൂറകളിലേക്ക് കോടിക്കണക്കിന് കണ്ണുകൾ ഒന്നിച്ചു പായും. ലോകം ഒരു തുകൽ പന്തായി ചുരുങ്ങും. ലോകകപ്പ് ഫുട്ബോളിന്റെ അരങ്ങ് ഏതൊരു കളിക്കാരനെയും ദേശത്തെയും ഭ്രമിപ്പിക്കുന്നതാണ്. അവിടെ കളിക്കാത്തവൻ പിന്നെ എവിടെ കളിച്ചിട്ടെന്ത്? അവിടെ പേരില്ലെങ്കിൽ പിന്നെ മറ്റെന്ത് പെരുമ?വിശ്വകാൽപ്പന്തുത്സവംലോകകപ്പ് ഫുട്ബോളിന് നവതി പിന്നിട്ടുകഴിഞ്ഞു. ഇതിനകം 84 രാജ്യങ്ങൾ പന്ത് തട്ടാനെത്തി. സങ്കടകരമെന്ന് പറയട്ടെ ഒരിക്കൽ പോലും അവിടെ ഇന്ത്യൻ പതാക ഉയർന്നില്ല, ജനഗണമന മുഴങ്ങിയില്ല. ഇന്ത്യൻ കളിക്കാർക്ക് ഇന്നും അതൊരു സ്വപ്നഭൂമി മാത്രം. ഇനിയും ആ ശുഭസമയത്തിനായി നാം എത്രകാലം പാർത്തിരിക്കണം. 2026ൽ പങ്കാളിത്ത രാജ്യങ്ങളുടെ എണ്ണം 32ൽ നിന്ന് 48 ലേക്ക് ഉയർന്നിട്ടും ഏഷ്യൻ യോഗ്യതാ റൗണ്ടിന്റ പ്രധാന ഘട്ടത്തിലേക്ക് പോലും ഇന്ത്യൻ ടീമിന് പ്രവേശിക്കാനായില്ല.ഓർത്തു നോക്കൂ. ഒന്നരലക്ഷം ജനസംഖ്യയുള്ള കരീബിയൻ കടലിലെ ദ്വീപ് രാജ്യമായ കുറക്കാവോക്ക് പോലും ലോകകപ്പ് യോഗ്യതയുണ്ട്. ആ രാജ്യത്തെ മുഴുവൻ ജനങ്ങളെയും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് മാത്രം ഉൾക്കൊള്ളാനാകും. ഇത്തവണത്തെ ലോകകപ്പിനെത്തുന്ന 48 രാജ്യങ്ങളുടെ മൊത്തം ജനസംഖ്യ ഏകദേശം 260 കോടിയാണ്. അതിന്റെ പകുതിയിലേറെ വരും ഇന്ത്യയുടെ മാത്രം മനുഷ്യസമ്പത്ത്. മാനുഷിക വിഭവ ശേഷിയിൽ ആർക്കും പിന്നിലല്ല ഇന്ത്യ, എന്നിട്ടും നമുക്കെന്തേ ഒരിക്കൽ പോലും ലോകകപ്പ് ഫുട്ബോളിൽ പന്ത് തട്ടാൻ സാധിച്ചില്ല ?ആ ഉത്തരത്തിനായി 1950 ലേക്ക് തിരിഞ്ഞു നടക്കണം. അന്നാണ് ലോകകപ്പ് കളിക്കാൻ ഒരേയൊരിക്കൽ ഇന്ത്യക്ക് യോഗ്യത ലഭിച്ചത്. എന്നാൽ അന്ന് ഇന്ത്യ കളിക്കാനിറങ്ങിയില്ല. കാരണം എന്തായിരുന്നു? കളവുകളാണ് നാം ഇത്രയും കാലം കേട്ടത്. ബൂട്ടില്ലാത്തതിന്റെയും പണമില്ലാത്തതിന്റെയും കഥകളാണ് നമ്മെ അധികാരികൾ വിശ്വസിപ്പിക്കാൻ ശ്രമിച്ചത്. യാഥാർഥ്യം മറ്റൊന്നായിരുന്നു.1950, ഫുട്ബോൾ ചരിത്രത്തിലെ നിർണായക വർഷമാണ്. രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികളാൽ യൂറോപ്യൻ രാജ്യങ്ങൾ തകർന്നു നിൽക്കുന്നു. 1948 ഒളിമ്പിക്സ് സംഘടിപ്പിച്ചിരുന്നെങ്കിലും ലണ്ടൻ യുദ്ധപ്രത്യാഘാതങ്ങളിൽ നിന്ന് മോചിതമായിരുന്നില്ല. 12 വർഷത്തെ ഇടവേളക്കു ശേഷം ലോകകപ്പ് പുനരാരംഭിക്കേണ്ട സാഹചര്യം ഫിഫക്ക് വലിയ വെല്ലുവിളികൾ സൃഷ്ടിച്ചു.1930ൽ ആദ്യ ലോകകപ്പ് ഉറുഗ്വേയിൽ നടന്നപ്പോൾ യോഗ്യതാ മത്സരങ്ങളുണ്ടായിരുന്നില്ല. 13 രാജ്യങ്ങൾ പങ്കെടുത്തു. നാല് വർഷങ്ങൾക്കുശേഷം ഇറ്റലി ലോകകപ്പ് സംഘടിപ്പിച്ചു.16 സ്ഥാനങ്ങൾക്കായി 36 രാജ്യങ്ങൾ യോഗ്യതയിൽ ഏറ്റുമുട്ടി. 1938ൽ ഫ്രാൻസിൽ 16 സ്ഥാനങ്ങൾക്കായി 37 ടീമുകൾ പോരാടിയെങ്കിലും യോഗ്യത നേടിയ ഓസ്ട്രിയ പിന്നീട് പിന്മാറി. പിന്നാലെ രണ്ടാം ലോകമഹായുദ്ധം ഫുട്ബോളിനെയും വിഴുങ്ങി. 1942, 1946 ലോകകപ്പുകൾ റദ്ധാക്കപ്പെട്ടു.പ്രതിസന്ധികൾക്കിടെ 1950 ലോകകപ്പിന് ആതിഥേയരാകാൻ ആരുണ്ട്? 1946 ഫിഫ കോൺഗ്രസിൽ ലോകകപ്പ് സംഘടിപ്പിക്കാൻ തയ്യാറാണെന്ന് ബ്രസീൽ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് രാജ്യങ്ങൾ ടീമുകളെ അയക്കാൻ തയ്യാറായി. പക്ഷേ, ജർമനി ഇല്ലെന്ന് തറപ്പിച്ചു പറഞ്ഞു. 16 സ്ഥാനങ്ങൾക്കായി മുപ്പതോളം രാജ്യങ്ങൾ യോഗ്യതാ മത്സരങ്ങൾക്കിറങ്ങിയെങ്കിലും 13 സംഘങ്ങൾ മാത്രമാണ് പങ്കെടുക്കാനെത്തിയത്.ഇന്ത്യൻ കഥ1948 ലണ്ടൻ ഒളിമ്പിക്സ് ഫുട്ബോളിലെ മികച്ച പ്രകടനത്തിന് പിന്നാലെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ 1950 ലോകകപ്പിന് ടീമിനെ അയക്കാൻ താത്പര്യപ്പെട്ടു. പങ്കെടുക്കാൻ തയ്യാറാണെന്ന് കാണിച്ച് 1949 ജനുവരിയിൽ ഇന്ത്യ ഫിഫക്ക് കേബിൾ സന്ദേശം കൈമാറി. ഫിലിപ്പീൻസ്, ബർമ എന്നിവരോടൊപ്പം ഇന്ത്യയെ ചേർത്ത് യോഗ്യതാ ഗ്രൂപ്പും പ്രഖ്യാപിച്ചു. 1949 മാർച്ച് 27ന് കൊൽക്കത്തയിലെ ഗ്രേറ്റ് ഈസ്റ്റേൺ ഹോട്ടലിൽ പ്രസിഡന്റ് മൊഈനുൽ ഹഖിന്റെ അധ്യക്ഷതയിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ വാർഷിക പൊതുയോഗം.ഇതിനോടകം ഫിലിപ്പീൻസ് പിന്മാറിയതിനാൽ ഇന്ത്യയും ബർമയും തമ്മിലുള്ള ഹോം – എവേ മത്സരങ്ങളിലൂടെയാണ് യോഗ്യത നിർണയിക്കേണ്ടിയിരുന്നത്. യോഗം വലിയ ചർച്ചകൾക്ക് വേദിയായി – ലോകകപ്പിൽ പങ്കെടുക്കുന്നത് ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് ഗുണകരമാകുമോ ? ലോകകപ്പിൽ പ്രൊഫഷണൽ ടീമുകളെ നേരിടേണ്ടിവരുമെന്ന ഭയം ഫെഡറേഷൻ ഭാരവാഹികളെ വേട്ടയാടി.1948 ഒളിമ്പിക്സിൽ ഫ്രാൻസിനോട് 2-1ന് പോരാട്ടവീര്യം കാണിച്ചു തോറ്റതിലൂടെ യൂറോപ്പിലടക്കം ഇന്ത്യൻ ടീമിന് നല്ല പേര് ലഭിച്ചിരുന്നു. ലോകകപ്പിന് പോയി വൻ തോൽവി നേരിട്ടാൽ ആ സൽപ്പേര് നഷ്ടമാകുമോ എന്ന് പ്രസിഡന്റ് മൊഈനുൽ ഹഖ് ആശങ്ക പ്രകടിപ്പിച്ചു. അതിനാൽ ഫെഡറേഷന് ഒരു തീരുമാനത്തിലെത്താൻ സാധിച്ചില്ല. കമ്മിറ്റി അംഗങ്ങളിൽ ചിലർ ലോകകപ്പിൽ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചപ്പോൾ മറ്റു ചിലർ എതിർത്തു. എങ്കിലും ബർമക്കെതിരെ യോഗ്യതാ മത്സരം കളിക്കാനും തയ്യാറെടുപ്പിനായി ടീമിനെ സിലോൺ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് പര്യടനത്തിന് അയക്കാനും തീരുമാനമായി.കൊൽക്കത്തയിൽ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു. 1949 ആഗസ്റ്റ് 28ന് ബർമ യോഗ്യതാ മത്സരത്തിൽ നിന്ന് അപ്രതീക്ഷിതമായി പിന്മാറുന്നതായി അറിയിച്ചതോടെ ഇന്ത്യ യോഗ്യത ഉറപ്പാക്കി. എന്നാൽ, അന്ന് ഈ നേട്ടം ഇന്ത്യൻ ഫുട്ബോൾ രംഗത്ത് വലിയ ആവേശമൊന്നും സൃഷ്ടിച്ചില്ല. കളിക്കാർക്കു പോലും ലോകകപ്പിന്റെ പ്രാധാന്യം മനസ്സിലായിരുന്നില്ല. ഒളിമ്പിക്സിൽ കളിക്കുന്നതാണ് കൂടുതൽ മഹത്വമെന്നാണ് അവർ കരുതിയത്.ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാമ്പ് കൊൽക്കത്ത മൈതാനിലെ സിറ്റി എ സി ഗ്രൗണ്ടിൽ ആരംഭിച്ചെങ്കിലും ടീം ലോകകപ്പിന് പുറപ്പെട്ടില്ല. എന്തുകൊണ്ട് ടീം പോകുന്നില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പറഞ്ഞതുമില്ല. അവർ പുറത്തിറക്കിയ പത്രക്കുറിപ്പുകൾക്ക് വ്യക്തത ഇല്ലായിരുന്നു.പിന്നീട് പല കഥകളും പ്രചരിച്ചു – ഇന്ത്യൻ താരങ്ങൾക്ക് ബൂട്ടില്ലാതെ കളിക്കാനായിരുന്നു ആഗ്രഹം, ഫിഫ അത് അനുവദിച്ചില്ല – ഈ വാദത്തിന് യാഥാർഥ്യവുമായി ഒരു ബന്ധമില്ല. ഫിഫ ലോകഫുട്ബോളിൽ ബൂട്ടുകൾ നിർബന്ധമാക്കുന്നത് 1953 ലാണ്. 1948 ലണ്ടൻ ഒളിമ്പിക്സിലും 1952 ഹെൽസിങ്കി ഒളിമ്പിക്സിലും ഇന്ത്യൻ താരങ്ങൾ ബൂട്ടില്ലാതെ കളിച്ചിട്ടും ഫിഫ എതിർപ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ല. 1955 ലാണ് ഇന്ത്യൻ ഫുട്ബോളിൽ ബൂട്ട് നിർബന്ധമാക്കുന്നത്.മറ്റൊരു കാരണമായി സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിക്കപ്പെട്ടു. ബ്രസീലിലെ റിയോ ഡി ജനീറോയിലേക്കുള്ള യാത്ര ചെലവേറിയതായിരുന്നു. യഥാർഥത്തിൽ അന്ന് ഒരു ഏഷ്യൻ ടീമും ബ്രസീലിലേക്ക് പോയിരുന്നില്ല എന്നതും സത്യമാണ്. യാത്രാചെലവിന്റെ ഒരു ഭാഗം വഹിക്കാമെന്ന് ഫിഫ അറിയിച്ചിരുന്നെങ്കിലും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ മടിച്ചുനിന്നു. പിന്നീട് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ – ടീം തിരഞ്ഞെടുപ്പിലെ അഭിപ്രായവ്യത്യാസവും മതിയായ പരിശീലനസമയം ലഭിക്കാത്തതുമാണ്- പിന്മാറ്റത്തിന് കാരണമെന്ന് പറഞ്ഞു. വൈകി വിവരം ലഭിച്ചതിനാൽ വിമാനയാത്ര നടത്തേണ്ടിവരുമെന്നും അതിലൂടെ ചെലവ് കൂടുമെന്നും വിശദീകരിച്ചു.എന്നാൽ യഥാർഥ കാരണം അതല്ലായിരുന്നു. പ്രധാന പ്രശ്നം ഫെഡറേഷൻ നേതൃത്വത്തിലെ ചേരിപ്പോരും അനാസ്ഥയും മാത്രം. മുംബൈ, ബംഗാൾ സംസ്ഥാന ഫുട്ബോൾ അസോസിയേഷനുകൾ ടീമിനെ ബ്രസീലിലേക്ക് അയക്കാൻ ഫണ്ട് ശേഖരണം വരെ നടത്തി. ഫിഫയും നല്ലൊരു തുക വാഗ്ദാനം ചെയ്തു. പരിശീലന ക്യാമ്പുകളും വിദേശ പര്യടനങ്ങളും നടന്നു. എന്നിട്ടും തീരുമാനമെടുക്കുന്നതിൽ നിന്ന് അധികാരികൾ പിന്നോട്ടടിച്ചു.1950 മാർച്ച് 21 ന് ഡൽഹിയിലെ പ്രശസ്തമായ ഡെവിക്കോസ് റസ്റ്റോറന്റിൽ ഫെഡറേഷൻ യോഗം ചേർന്ന് ലോകകപ്പിൽ പങ്കെടുക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ശ്രമിച്ചിരുന്നു. യോഗത്തിൽ പ്രധാനമായും ചർച്ചയായത് ചെലവായിരുന്നു. യാത്രക്കായി ഏകദേശം ഒരു ലക്ഷം രൂപ വേണ്ടിവരുമെന്ന് ജനറൽ സെക്രട്ടറി എം ദത്ത റായ് അറിയിച്ചു. ഫെഡറേഷന്റെ ഖജനാവിൽ പണമില്ലായിരുന്നു. എന്നാൽ ഫണ്ട് കണ്ടെത്താനുള്ള മാർഗങ്ങൾ ധാരാളം ഉണ്ടായിരുന്നിട്ടും ടീമിനെ അയക്കാൻ ഫെഡറേഷൻ താത്പര്യം കാണിച്ചില്ല.ഇന്ത്യ, ഇറ്റലി, സ്വീഡൻ, പാരാഗ്വേഅതേസമയം, ബ്രസീലിലെ വിദേശകാര്യമന്ത്രി റൗൾ ഫെർണാണ്ടസ് 1950 മേയ് 22ന് നടത്തിയ ലോകകപ്പ് നറുക്കെടുപ്പിൽ ഇന്ത്യയെ ഇറ്റലി, സ്വീഡൻ, പരാഗ്വേ എന്നിവരോടൊപ്പം ഗ്രൂപ്പ് 3 ൽ ഉൾപ്പെടുത്തി. ജൂൺ 28 നായിരുന്നു ഇന്ത്യ ആദ്യ മത്സരം കളിക്കേണ്ടിയിരുന്നത്. ജൂൺ 15 ന് ഇന്ത്യൻ ടീം റിയോയ്ക്ക് പുറപ്പെടുമെന്ന പ്രാഥമിക തീരുമാനം പോലും ഉണ്ടായി. കളിക്കാരെ വിട്ടുകൊടുക്കാൻ ക്ലബുകൾക്ക് കത്തുകളും അയച്ചു.എന്നാൽ പെട്ടെന്ന് ഫെഡറേഷൻ പിന്നോട്ടടിച്ചു. ലോകകപ്പ് തുടങ്ങാൻ രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ “ചെലവ്, തയ്യാറെടുപ്പ് കുറവ്’ തുടങ്ങിയ കാരണങ്ങൾ പറഞ്ഞു യാത്ര റദ്ദാക്കി. ഒടുവിൽ ഇന്ത്യ ബ്രസീലിലെത്തിയില്ല.അന്നത്തെ സാഹചര്യത്തിൽ ഈ തീരുമാനം വലിയ വിവാദമൊന്നും സൃഷ്ടിച്ചില്ല. ഇന്ന് ലോകകപ്പിന് യോഗ്യത നേടുന്ന ഒരു രാജ്യം പങ്കെടുക്കാതെ പിന്മാറുകയെന്നത് ചിന്തിക്കാനാകാത്ത കാര്യമാണ്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ എന്നും ഒളിമ്പിക്സിനാണ് മുൻഗണന നൽകിയിരുന്നത്. ലോകകപ്പിനെ അവർ ഗൗരവത്തോടെ കണ്ടിരുന്നില്ല. കളിക്കാരും അതേ മനോഭാവത്തിലായിരുന്നു. ലോകകപ്പ് ഫുട്ബോളിൽ പങ്കെടുക്കുന്നത് പോലും മഹത്തായ കാര്യമായി പിന്നീട് മാറുമെന്ന് 76 വർഷം മുമ്പ് അവർക്ക് ഗ്രഹിക്കാൻ സാധിച്ചിരിക്കില്ല. എന്നാൽ പിന്നെയും 36 വർഷങ്ങൾ കഴിഞ്ഞു 1986 മെക്സിക്കോ ലോകകപ്പിന് വേണ്ടിയാണ് ഇന്ത്യ ആദ്യമായി യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത് എന്നത് ഫുട്ബോൾ ഭരണക്കാരുടെ മനോഭാവം കൃത്യമായി വെളിവാക്കുന്നുണ്ട്.1950 ലെ ഇന്ത്യയുടെ പിന്മാറ്റം സൈലൻ മന്ന, അഹമ്മദ് ഖാൻ, മേവാലാൽ, കോട്ടയം സാലി, തിരുവല്ല പാപ്പൻ, അസീസുദ്ദീൻ, എസ് രാമൻ തുടങ്ങിയ ഇതിഹാസ താരങ്ങൾക്ക് ലോകകപ്പ് വേദിയിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ ലഭിച്ച വലിയ അവസരം നഷ്ടമാക്കി. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ പിഴവുകളിൽ ഒന്നായി 1950ലെ പിന്മാറ്റം എക്കാലവും വിലയിരുത്തപ്പെടും. നഷ്ടപ്പെട്ട ആ അവസരം ഇന്നും ഇന്ത്യൻ ഫുട്ബോളിന്റെ മുഖത്ത് ഉണങ്ങാത്ത മുറിവായി കിടപ്പുണ്ട്. ഓരോ ലോകകപ്പ് വരുമ്പോഴും ആ മുറിവിൽ ഖേദത്തിന്റെ മുളക് പുരളുന്നു. ഇന്ത്യയുടെ ദേശീയ ഗാനം ലോകകപ്പ് വേദിയിൽ ഒരിക്കലെങ്കിലും മുഴങ്ങുന്നതുവരെ, ആ വേദന ശമിക്കുകയുമില്ല.റഫറൻസ്:ഇന്ത്യൻ എക്സ്പ്രസ്സ് ദിനപത്രം: 1946-1950ഫിഫ ഫയൽസ് 1949, 1950എ ഐ എഫ് എഫ് ആർക്കൈവ്സ്‌ശൈലൻ മന്ന അഭിമുഖം (ആനന്ദബസാർ പത്രിക) 1993Content Highlights:India qualified for the 1950 FIFA World Cup in Brazil but withdrew due to federation mismanagement and financial concerns rather than the popular myth of wanting to play barefoot. The All India Football Federation prioritized the Olympics over the World Cup, missing a historic opportunity for the nation. This withdrawal remains the biggest blunder in Indian football history, leaving an unhealed wound for generations of fans.