മന്ത്രിയുടെ രാജി; കൊക്രോച്ച് സമരം സംസ്ഥാനങ്ങളിലേക്ക്

Wait 5 sec.

ന്യൂഡല്‍ഹി | കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ കോക്രോച്ച് ജനത പാര്‍ട്ടി (സി ജെ പി). ഇതിന്റെ ഭാഗമായി പാര്‍ട്ടി നേതാവ് അഭിജിത് ദീപ്‌കെ വിവിധ സംസ്ഥാനങ്ങളില്‍ നേരിട്ടെത്തി പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച, സി ബി എസ് ഇ വിഷയങ്ങളില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് സംഘടിപ്പിച്ച ആദ്യ പ്രതിഷേധത്തിന് പിന്നാലെയാണ് പ്രക്ഷോഭം സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.ഡല്‍ഹി ഉള്‍പ്പെടെയുള്ള രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള യുവാക്കളെ ഒന്നിപ്പിച്ചു കൊണ്ട് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ വീണ്ടും സംഘടിപ്പിക്കാനാണ് തീരുമാനം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിനൊപ്പം വരും ദിവസങ്ങളില്‍ രാജ്യവ്യാപകമായി യുവാക്കളെ അണിനിരത്തിയുള്ള വന്‍ പ്രതിഷേധങ്ങള്‍ക്കാണ് സി ജെ പി ലക്ഷ്യമിടുന്നത്.രാജ്യതലസ്ഥാനത്തെ ആദ്യ പരസ്യപ്രതിഷേധം മികച്ച ജനപിന്തുണയോടെ സമാധാനപരമായി സംഘടിപ്പിച്ച് രാജ്യവ്യാപക ശ്രദ്ധനേടിയ പ്രക്ഷോഭത്തില്‍, മന്ത്രി രാജിവച്ചില്ലെങ്കില്‍ സര്‍ക്കാര്‍ രാജി ചോദിച്ച് വാങ്ങണമെന്ന് സി ജെ പി വക്താക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ച കാത്തിരിക്കുമെന്നും ഇല്ലെങ്കില്‍ പതിമൂന്നിന് രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിഷേധം എങ്ങനെ, എവിടെയൊക്കെയെന്നതില്‍ സി ജെ പിയില്‍ ആലോചന തുടരുകയാണ്.പ്രതിഷേധം അണപൊട്ടുമ്പോഴും ധര്‍മ്മേന്ദ്രപ്രധാനെ സംരക്ഷിക്കുന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. പരീക്ഷ നടത്തിപ്പ് സ്വയംഭരണാവകാശമുള്ള സംവിധാനത്തിനാണെന്നും സംവിധാനം പാളിയാല്‍ മന്ത്രി ഉത്തരവാദിയാകുന്നതെങ്ങനെയെന്നുമാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ചോദിച്ചത്. സര്‍ക്കാര്‍ ഒളിച്ചോടില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ജന്തര്‍ മന്തറിലെ സമരത്തെ വിമര്‍ശിച്ചും യുവാക്കളുടെ പിന്തുണ ബി ജെ പിക്കാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമാക്കുകയാണ് ബി ജെ പി.ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടുള്ള സി ജെ പി വെബ്‌സൈറ്റിലെ ഹര്‍ജിയില്‍ ഒപ്പിട്ടവരുടെ എണ്ണം ലക്ഷങ്ങള്‍ കടന്ന് മുന്നേറുകയാണ്. മൂന്ന് കോടിയോളം പേരാണ് നിലവില്‍ സി ജെ പിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഡല്‍ഹിയിലെ സമരത്തില്‍ എസ് എഫ് ഐ, ഐസ തുടങ്ങിയ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം സി ജെ പിയോട് അകലം പാലിക്കുകയാണ് കോണ്‍ഗ്രസ്.