'അനന്തൻ കാട്'ൽ കൃഷ്ണൻകുട്ടിയായി ഇന്ദ്രൻസ്; ക്യാരക്ടർ പോസ്റ്റർ പുറത്ത്

Wait 5 sec.

ആര്യയെ നായകനാക്കി ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന 'അനന്തൻ കാട്' എന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നടൻ ഇന്ദ്രൻസ് അവതരിപ്പിക്കുന്ന കൃഷ്ണൻകുട്ടി എന്ന ശക്തമായ കഥാപാത്രത്തിന്റെ ലുക്കാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. കാളകൾക്ക് നടുവിൽ, നെറ്റിയിൽ ഭസ്മക്കുറിയുമായി നിൽക്കുന്ന ഇന്ദ്രൻസിന്റെ വേറിട്ട ഭാവം ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. 'ടിയാൻ' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രം ജൂൺ 25-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.തിരുവനന്തപുരത്തിന്റെ മുൻകാല ചരിത്ര പശ്ചാത്തലം ഇതിവൃത്തമാക്കുന്ന സിനിമയിൽ തമിഴ് സംസാരിക്കുന്ന കഥാപാത്രമായാണ് ആര്യ എത്തുന്നത്. മുരളി ഗോപി, സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അച്യുത് കുമാർ എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ പ്രൊജക്റ്റായ ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് അവതരിപ്പിക്കുന്നത്.'കാന്താര'യിലൂടെ പ്രശസ്തനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന മലയാള ചിത്രം കൂടിയാണിത്. സാങ്കേതിക വിഭാഗത്തിൽ എസ്.യുവ ഛായാഗ്രഹണവും രോഹിത് വി എസ് വാരിയത്ത് എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. ആർ. ശക്തി ശരവണൻ ആക്ഷൻ കൊറിയോഗ്രഫിയും ബിനോയ് സദാശിവൻ വിഎഫ്എക്സ് വിഭാഗവും നിർവഹിക്കുമ്പോൾ പ്രണവ് മോഹൻ പ്രൊഡക്ഷൻ കൺട്രോളറായും ആതിര ദിൽജിത്ത് പിആർഒയായും പ്രവർത്തിക്കുന്നു. ഒബ്സിക്യൂറ എന്റർടൈൻമെന്റ്സ് ഡിജിറ്റൽ മാർക്കറ്റിംഗും ഡ്രീം ബിഗ് ഫിലിംസ് വിതരണവും നിർവഹിക്കുന്ന ചിത്രം മികച്ചൊരു ദൃശ്യവിരുന്നായിരിക്കുമെന്നാണ് സൂചന.