ഫിഫ ലോകകപ്പില്‍ പ്രവേശന വിലക്ക്; ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റിന് വിസ നിഷേധിച്ച് യു എസ്

Wait 5 sec.

മെക്‌സിക്കോ സിറ്റി | ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ 2026 ല്‍ പ്രവേശന വിലക്ക്. ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജിബ്രില്‍ റജൂബ് ആണ് യു എസ് വിസ അനുവദിക്കാത്തതിനെ തുടര്‍ന്ന് മെക്‌സിക്കോയില്‍ തുടരുന്നത്.ഫിഫയുടെ ഔദ്യോഗിക അംഗീകാരമുള്ള പ്രതിനിധിയാണ് റജൂബ്. എന്നാല്‍, യു എസ് വിസ അനുവദിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം നിലവില്‍ മെക്‌സിക്കോ സിറ്റിയില്‍ തുടരുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇന്നലെ അര്‍ധരാത്രി ഇവിടെ നടന്ന മെക്‌സിക്കോ -ദക്ഷിണാഫ്രിക്ക ഉദ്ഘാടന മത്സരത്തില്‍ പങ്കെടുത്ത ശേഷം യു എസിലേക്ക് തിരിക്കാനിരിക്കേയാണ് റജൂബ് വിസ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വന്നത്. ആഗോള തലത്തില്‍ ഫുട്‌ബോള്‍ പ്രതിനിധികളെയും കായികപ്രേമികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന ലോകകപ്പ് വേദിയില്‍, രാഷ്ട്രീയ കാരണങ്ങളാല്‍ വിസ നിഷേധിക്കുന്നത് ഒരുതരത്തിലും നീതിയുക്തമല്ലെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ റജൂബ് വ്യക്തമാക്കി.ഫലസ്തീന്‍ ടീം ഇത്തവണ ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല. എന്നാല്‍, ഫിഫയുടെ പരമ്പരാഗത മാനദണ്ഡങ്ങള്‍ക്കനുസൃതമായി മുഴുവന്‍ ദേശീയ ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവികള്‍ക്കും ടൂര്‍ണമെന്റിലേക്ക് ക്ഷണം ലഭിക്കാറുണ്ട്. യു എസിന്റെ വിസ നിയന്ത്രണം പ്രതിസന്ധിയിലാക്കിയത് ജിബ്രില്‍ റജൂബിനെ മാത്രമല്ലെന്നാണ് അറിയുന്നത്. ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ ഫിഫ തിരഞ്ഞെടുത്ത സൊമാലിയയില്‍ നിന്നുള്ള റഫറിക്കും ഇറാഖ് ടീമിനൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ക്കും യു എസ് വിസ നിഷേധിച്ചതായി വിവരമുണ്ട്.