തിരുവനന്തപുരം | നടന്‍ സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടെ ഔചിത്യ ബോധമില്ലാതെ ചോദ്യങ്ങളുന്നയിച്ച ഓണ്‍ലൈന്‍ ഹാന്‍ഡിലുകളോട് രൂക്ഷമായി പ്രതികരിച്ച മകനും നടനുമായ ചന്തുവിന് പിന്തുണയുമായി ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എം പി. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ചന്തുവിന്റെ പ്രതികരണം സ്വാഭാവികമാണെന്ന് റഹീം പറഞ്ഞു.കൈയിലൊരു മൊബൈല്‍ ഫോണും മൈക്കുമുണ്ടെന്ന് കരുതി മാന്യതയുടെ സകല അതിര്‍വരമ്പുകളും ലംഘിക്കാന്‍ ഇവര്‍ക്ക് ആരാണ് അനുവാദം നല്‍കിയതെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ ചോദിച്ചു. വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള നഗ്നമായ കടന്നുകയറ്റമാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നടത്തുന്നത്. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ സമീപനവും ഇത്തരക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നു. സ്ത്രീകളുടെ അന്തസ്സിനെ അല്‍പ്പം പോലും മാനിക്കാത്ത ‘കണ്ടന്റു’കളെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു ‘പ്രേക്ഷക’ സമൂഹവും ഇവിടെയുണ്ടെന്നതും ഏറെ നിരാശപ്പെടുത്തുന്നതാണെന്നും എം പി പറഞ്ഞു.എ എ റഹീം എം പിയുടെ എഫ് ബി കുറിപ്പ്:ഏറെ പ്രിയപ്പെട്ട ഒരാളുടെ മരണത്തില്‍,ആ കഠിനയാഥാര്‍ത്ഥ്യത്തിന്റെ മുന്നില്‍ നില്‍ക്കുന്ന നിമിഷത്തെക്കുറിച്ച് ഒന്നോര്‍ത്തു നോക്കൂ…നഷ്ടമായത് സ്വന്തം അച്ഛനെയാണെങ്കിലോ?സ്വന്തം പിതാവിന്റെ ചിതയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ആ നിമിഷം…..നമുക്ക് പ്രിയപ്പെട്ടതൊന്നും നഷ്ടമാകുന്നത് ഓര്‍ക്കാന്‍ പോലും പലപ്പോഴും നമുക്ക് കഴിയാറില്ല. അങ്ങനെയെങ്കില്‍, ആ വലിയ നഷ്ടത്തിന്റെ കയ്‌പേറിയ യാഥാര്‍ത്ഥ്യത്തിന് നടുവില്‍, അച്ഛന്റെ ചിതയ്ക്ക് മുന്നില്‍ നില്‍ക്കുന്ന അതിവൈകാരിക നിമിഷത്തില്‍ പോലും ക്യാമറകളുമായി ഇരച്ചുകയറിയവരോടുള്ള ചന്തുവിന്റെ പ്രതികരണം സ്വാഭാവികമാണ്. ഏതൊരാളും അങ്ങനയേ പ്രതികരിക്കൂ…കയ്യിലൊരു മൊബൈല്‍ ഫോണും മൈക്കുമുണ്ടെന്ന് കരുതി മാന്യതയുടെ സകല അതിര്‍വരമ്പുകളും ലംഘിക്കാന്‍ ഇവര്‍ക്ക് ആരാണ് അനുവാദം നല്‍കിയത്?ഇന്ന് നമ്മുടെ നാട്ടിലെ വിവാഹങ്ങളോ, സാംസ്‌കാരിക ഒത്തുചേരലുകളോ, സ്വകാര്യ ചടങ്ങുകളോ എന്തുമാകട്ടെ… അവിടെയൊക്കെ തെല്ലും സാമൂഹികബോധമോ പ്രൊഫഷണലിസമോ ഇല്ലാതെ കടന്നുകയറി മനുഷ്യരെ വേട്ടയാടുന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വിനാശകരമായ പ്രവണതയുണ്ട്. മനുഷ്യത്വത്തെ റദ്ദ് ചെയ്യുന്ന ആ അശ്ലീലമായ കടന്നുകയറ്റത്തെ വിചാരണ ചെയ്യാന്‍ ഈ സന്ദര്‍ഭം നാം ഉപയോഗിച്ചേ തീരൂ.പൊതുവില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സ്വീകരിച്ചുപോരുന്ന സമീപനം അങ്ങേയറ്റം സ്ത്രീവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള നഗ്‌നമായ കടന്നുകയറ്റവുമാണ്. ഒരു ചടങ്ങിനെത്തുന്ന സ്ത്രീകളുടെ വസ്ത്രധാരണം, അവരുടെ ശരീരഭാഷ, സങ്കടത്തിലോ ആഹ്ലാദത്തിലോ അവര്‍ നിയന്ത്രണം വിട്ടുപോകുന്ന നിമിഷങ്ങള്‍ഇതിലൊക്കെ എവിടെയെങ്കിലും അല്പം ‘ക്ലിക്ക് ബെയ്റ്റ്’ ഒളിച്ചിരിപ്പുണ്ടോ എന്ന് നോക്കി നടക്കുന്ന കഴുകന്‍ കണ്ണുകളായി ഇവര്‍ മാറിയിരിക്കുന്നു. സ്ത്രീകളുടെ അന്തസ്സിനെ അല്പം പോലും മാനിക്കാതെ, അവരുടെ അനുവാദമില്ലാതെ ക്യാമറകള്‍ മുഖത്തേക്ക് തള്ളിത്തുറന്ന് കയറ്റുന്നതും, വഷളന്‍ തമ്പ്‌നെയിലുകളിട്ട് യൂട്യൂബില്‍ വ്യൂസ് വില്‍ക്കുന്നതും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. അത്തരം കണ്ടന്റുകളെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു ‘പ്രേക്ഷക’ സമൂഹമിവിടെയുണ്ട് എന്നതും ഏറെ നിരാശപ്പെടുത്തുന്ന കാര്യമാണ്.മനുഷ്യന്റെ കണ്ണീരും വൈകാരികതയും വ്യൂസ് കൂട്ടാനും ലൈക്ക് വാങ്ങാനുമുള്ള വെറും ഉപാധികള്‍ മാത്രമാണെന്ന് ചിന്തിക്കുന്ന ഈ സൈബര്‍ ക്രിമിനലിസം സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനമാണ്. തെല്ലും മാന്യതയില്ലാത്ത ഈ ഓണ്‍ലൈന്‍ മാധ്യമക്കൂട്ടത്തോട് ചന്തു കാട്ടിയ ആര്‍ജ്ജവം എടുത്തുപറയേണ്ടതാണ്. ആ പ്രതികരണത്തിന്, ആ പ്രതിഷേധത്തിന് പൂര്‍ണ്ണ പിന്തുണ!ഏത് ചടങ്ങിലായാലും, ഏത് സന്ദര്‍ഭത്തിലായാലും മനുഷ്യന്റെ അന്തസ്സിനും സ്വകാര്യതയ്ക്കും മുകളിലല്ല നിങ്ങളുടെ വ്യൂസും റേറ്റിംഗും എന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഓര്‍മ്മിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.മനുഷ്യത്വമില്ലാത്ത മാധ്യമപ്രവര്‍ത്തനം വെറും അശ്ലീലമാണ്!