ഇറാന്‍ യുദ്ധം: ലോകമെമ്പാടും പട്ടിണി വര്‍ധിപ്പിക്കുമെന്ന് യു എന്‍

Wait 5 sec.

ന്യൂയോര്‍ക്ക് | അമേരിക്കയും ഇസ്‌റാഈലും ചേര്‍ന്ന് ഇറാനില്‍ നടത്തുന്ന യുദ്ധം ലോകമെമ്പാടും പട്ടിണിയും ദാരിദ്ര്യവും വര്‍ധിപ്പിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ ലോക ഭക്ഷ്യ പരിപാടി (ഡബ്ല്യു എഫ് പി ) മുന്നറിയിപ്പു നല്‍കി.യുദ്ധം മൂലം എണ്ണവിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ആഗോള ഭക്ഷ്യസുരക്ഷയെ ദോഷകരമായി ബാധിക്കുമെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട പുതിയ വിശകലന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അമേരിക്കയും ഇറാനും തമ്മില്‍ പരോക്ഷ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ഇതുവരെ അനുകൂലമായ തീരുമാനമൊന്നും ഉണ്ടായിട്ടില്ല. യുദ്ധം എപ്പോള്‍ അവസാനിക്കുമെന്നതിലും വ്യക്തതയില്ല.ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാന്‍ യുദ്ധം ആഗോള എണ്ണവിപണിയെ പിടിച്ചുലച്ചിരിക്കുകയാണ്. സാമ്പത്തികമായി തകര്‍ന്ന പാവപ്പെട്ട രാജ്യങ്ങളില്‍ ഇതിനകം തന്നെ കടുത്ത വിലക്കയറ്റം അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ധനവില, ഭക്ഷ്യവിലയിലുണ്ടാകുന്ന വര്‍ധന, വരുമാന നഷ്ടം, വ്യാപാര തടസങ്ങള്‍ എന്നിവയാണ് പ്രതിസന്ധിയുടെ ആഘാതം ഇരട്ടിയാക്കുന്നത്. രാജ്യങ്ങളിലെ നിലവിലുള്ള ദാരിദ്ര്യവും മറ്റ് പ്രതിസന്ധികളുമായി ഇത് കൂടിച്ചേരുമ്പോള്‍ ജനങ്ങളുടെ ഭക്ഷ്യസുരക്ഷയെയും ഉപജീവനത്തെയും അത് വളരെ വേഗത്തില്‍ ബാധിക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. അഫ്ഗാനിസ്ഥാന്‍, സൊമാലിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെയാണ് ഈ പ്രതിസന്ധി ഏറ്റവും ദോഷകരമായി ബാധിച്ചിരിക്കുന്നത്. ഉയര്‍ന്ന ഇന്ധനച്ചെലവ്, വിലക്കയറ്റം, വരുമാനമില്ലായ്മ എന്നിവ ഈ രാജ്യങ്ങളിലെ ജനങ്ങളെ കടുത്ത സമ്മര്‍ദത്തിലാക്കുന്നു.ഹോര്‍മുസ് കടലിടുക്ക് ഏതാണ്ട് പൂര്‍ണമായി അടച്ചിട്ടിരിക്കുന്നതിനാല്‍ എണ്ണക്കപ്പലുകളുടെ സര്‍വീസ് തടസപ്പെട്ടതാണ് എണ്ണവിപണിയെ ബാധിച്ചത്. ജൂണ്‍ അവസാനത്തോടെ എണ്ണവില ബാരലിന് 100 ഡോളറായി തുടരുകയാണെങ്കില്‍ 4.5 കോടി (45 ദശലക്ഷം) ആളുകള്‍ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് വീഴുമെന്ന മാര്‍ച്ച് മാസത്തെ കണക്കുകള്‍ ഇപ്പോള്‍ യാഥാര്‍ഥ്യമാവുകയാണെന്ന് ഏജന്‍സി വ്യക്തമാക്കി. ആഗോളതലത്തില്‍, ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (എഫ് എ ഒ) പ്രൈസ് ഇന്‍ഡക്സ് പ്രകാരം ഭക്ഷ്യവിലയില്‍ നേരിയ വര്‍ധനവ് മാത്രമേ നിലവില്‍ രേഖപ്പെടുത്തിയിട്ടുള്ളൂ എങ്കിലും ഭാവിയില്‍ കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുമെന്നാണ് വിലയിരുത്തല്‍.സൊമാലിയയില്‍ ജനസംഖ്യയുടെ മൂന്നിലൊന്നോളം വരുന്ന 65 ലക്ഷം ആളുകള്‍ 2026-ല്‍ കടുത്ത പട്ടിണി നേരിടേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ ഇത് 1.74 കോടി (17.4 ദശലക്ഷം) ജനങ്ങളെ ബാധിച്ചേക്കാം. സൊമാലിയയിലെയും അഫ്ഗാനിസ്ഥാനിലെയും അഡീഷണലായി വരുന്ന മറ്റ് 25 ലക്ഷത്തോളം ആളുകള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങള്‍ പോലും വാങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും.അഫ്ഗാനിസ്ഥാനില്‍ യുദ്ധത്തിന് മുമ്പ് തന്നെ 1.38 കോടി ആളുകള്‍ ഭക്ഷ്യപ്രതിസന്ധിയിലായിരുന്നു. എന്നാല്‍ യുദ്ധം നീണ്ടുപോയാല്‍ 23 ലക്ഷം ആളുകള്‍ കൂടി പുതുതായി ഈ പട്ടികയിലേക്ക് ചേരപ്പെടും. ഈ രണ്ട് രാജ്യങ്ങളും ഊര്‍ജത്തിനും ഭക്ഷണത്തിനുമായി പൂര്‍ണമായും ഇറക്കുമതിയെ ആശ്രയിക്കുന്നവരാണ്.ശ്രീലങ്കയില്‍ 13 ലക്ഷത്തോളം ആളുകള്‍ക്ക് തങ്ങളുടെ അടിസ്ഥാന ഭക്ഷണ ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നാണ് പ്രവചനം.ഭക്ഷ്യവസ്തുക്കളുടെ വിതരണച്ചെലവ് വര്‍ധിച്ചതോടെ അന്താരാഷ്ട്രതലത്തിലുള്ള മാനുഷിക സഹായ പ്രവര്‍ത്തനങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. യുദ്ധം ഇനിയും ആറ് മാസത്തേക്ക് കൂടി നീണ്ടുപോവുകയാണെങ്കില്‍ 90 ലക്ഷത്തിലധികം ആളുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സഹായങ്ങള്‍ പൂര്‍ണമായി നിലച്ചുപോകുമെന്നും ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.