ലബനന്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടി; ഇസ്‌റാഈലിന് നേരെ ഇറാന്റെ മിസൈല്‍ വര്‍ഷം

Wait 5 sec.

ടെഹ്‌റാന്‍ | ഇസ്‌റാഈലിന് നേരെ ഇറാന്റെ അതിശക്തമായ മിസൈല്‍ ആക്രമണം. ഇസ്‌റാഈലിന്റെ വടക്കന്‍ പ്രദേശങ്ങള്‍ ലക്ഷ്യമാക്കി നിരവധി മിസൈലുകളാണ് ഇറാന്‍ കൂട്ടത്തോടെ തൊടുത്തത്. അനവധി മിസൈലുകള്‍ തങ്ങള്‍ തകര്‍ത്തതായി ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെട്ടു. ലബനനിലെ ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് ഇറാന്റെ മിസൈല്‍ വര്‍ഷം.ഇറാന് കനത്ത തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ഇസ്‌റാഈല്‍ വ്യക്തമാക്കി. എന്നാല്‍ ഇസ്‌റാഈലിന്റെ ഭാഗത്തുനിന്ന് പ്രത്യാക്രമണം ഉണ്ടായാല്‍ ആക്രമണം കൂടുതല്‍ ശക്തമായി തുടരുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങള്‍ ശക്തമായതോടെ പശ്ചിമേഷ്യ കടുത്ത യുദ്ധഭീതിയിലേക്കു നീങ്ങി. അമേരിക്കന്‍ സേനയും അതീവ ജാഗ്രതയിലാണ്. ഇറാന്‍ ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കരുതെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായാണ് വിവരം. യു എസ് കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടേക്കുമെന്ന സൂചനകളെത്തുടര്‍ന്ന് ജോര്‍ദാനിലെ അമേരിക്കന്‍ എംബസി തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ താവളങ്ങള്‍ ആക്രമിക്കപ്പെടാതിരിക്കാനും ഇവിടങ്ങളില്‍ യുദ്ധസാഹചര്യം ഒഴിവാക്കാനുമുള്ള നയതന്ത്ര നീക്കങ്ങളും ഇതിനിടെ സജീവമാണ്.ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്‌റാഈല്‍ വ്യോമസേന നടത്തിയ വന്‍ വ്യോമാക്രമണമാണ് ഇറാനെ ആക്രമണത്തിന് പ്രേരിപ്പിച്ചത്. ജനവാസ മേഖലയായ ദഹിയേയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹിസ്ബുള്ളയുടെ പ്രധാന കമാന്‍ഡ് ആസ്ഥാനവും തന്ത്രപ്രധാനമായ ഭൂഗര്‍ഭ ഓപ്പറേഷന്‍ റൂമും ലക്ഷ്യമിട്ടായിരുന്നു ഇസ്‌റാഈല്‍ യുദ്ധവിമാനങ്ങളുടെ ആക്രമണം.ആക്രമണത്തില്‍ ഈ കേന്ദ്രം വിജയകരമായി തകര്‍ത്തതായി ഇസ്‌റാഈല്‍ പ്രതിരോധ സേന അവകാശപ്പെട്ടിരുന്നു. ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശമായ ദഹിയേയില്‍ തുടര്‍ച്ചയായി അതിശക്തമായ സ്‌ഫോടനങ്ങളാണ് ഉണ്ടായത്. ജനവാസ മേഖലയിലെ കെട്ടിടങ്ങള്‍ക്ക് താഴെയാണ് ഹിസ്ബുള്ളയുടെ ഈ ഭൂഗര്‍ഭ ആസ്ഥാനം പ്രവര്‍ത്തിച്ചിരുന്നതെന്ന് ഇസ്‌റാഈല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.