നിപ: ആരോഗ്യമന്ത്രി കോഴിക്കോട് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് റിയാസ് എം എല്‍ എ

Wait 5 sec.

കോഴിക്കോട് | ജില്ലയില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സാഹചര്യം ഗൗരവമായി കണ്ട് ആരോഗ്യമന്ത്രി കെ മുരളീധരന്‍ കോഴിക്കോട് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് പി എ മുഹമ്മദ് റിയാസ് എം എല്‍ എ ആവശ്യപ്പെട്ടു.പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പിനെതിരെ കടുത്ത വിമര്‍ശനവുമായി സി പി എം രംഗത്തുവന്നു. രോഗവ്യാപനം തടയുന്നതില്‍ ആരോഗ്യവകുപ്പ് ഗുരുതര വീഴ്ച വരുത്തുന്നുവെന്നാണ് ആരോപണം. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളരുതെന്നും ഇക്കാര്യം ഫോണില്‍ വിളിച്ച് ആരോഗ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിയാസ് വ്യക്തമാക്കി.മുന്‍കാലങ്ങളിലെപ്പോലെ ശക്തമായ ഏകോപനം ഈ ഘട്ടത്തില്‍ അത്യാവശ്യമാണ്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന് പൂര്‍ണ പിന്തുണ നല്‍കും. ആത്മവിശ്വാസത്തോടെയും ഏകോപനത്തോടെയും സര്‍ക്കാര്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോവണം. റിയാസിന്റെ മണ്ഡലത്തിലെ രാമനാട്ടുകര മുനിസിപ്പാലിറ്റിയിലാണ് നിപ സ്ഥിരീകരിച്ചത്.നിപ്പ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചതായി സി പി എം ചൂണ്ടിക്കാട്ടി. രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങള്‍ പോലും കൃത്യമായി നിര്‍വഹിച്ചിട്ടില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ആരോപിച്ചു. രോഗവ്യാപനം ഉണ്ടായാല്‍ സ്വീകരിക്കേണ്ട അടിയന്തര മുന്‍കരുതലുകളോ പ്രതിരോധ നടപടികളോ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.നിലവില്‍ ക്വാറന്റീനില്‍ ഉള്ളവരുടെ പട്ടിക പോലും കൃത്യമല്ലെന്നും ആരോഗ്യവകുപ്പിന്റെ നടപടികള്‍ ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണെന്നും മെഹബൂബ് വിമര്‍ശിച്ചു. രാമനാട്ടുകര ഫറോക്ക് സ്വദേശിയായ 43 വയസുകാരനാണ് നിലവില്‍ നിപ സ്ഥിരീകരിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി ഐ സി യു വില്‍ ചികിത്സയിലുള്ളത്. പൂനെ എന്‍ ഐ വിയില്‍ നിന്നുള്ള ഫലവും പോസിറ്റീവ് ആയതോടെ കടുത്ത ആശങ്കയിലാണ് നാടെന്നും അദ്ദേഹം പറഞ്ഞു.