തിരുവനന്തപുരം | സംസ്ഥാനത്ത് ലഹരി വില്‍പനക്കും വിതരണത്തിനുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്‌കൂളുകള്‍ക്ക് മുന്നിലെ പുകയില ഉത്പന്ന വില്‍പന പൂര്‍ണമായും നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്ന് ശൃംഖലയുടെ വേരറുക്കാനുളള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുകയാണ്. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനും സംശയമുനയിലുളളവരെ കര്‍ശന പരിശോധനക്ക് വിധേയമാക്കാനുമുള്ള നടപടികളാണ് നടന്നുവരുന്നതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.മയക്കുമരുന്ന് ശൃംഖലക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ സംബന്ധിച്ച് ചെന്നിത്തല മാധ്യമങ്ങളോട് വിശദീകരിച്ചു. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വ്യാപാരം നടത്തുന്ന രണ്ട് അന്താരാഷ്ട്ര സംഘങ്ങളെ പോലീസ് പിടികൂടിയിട്ടുണ്ട്. 60 ലക്ഷം രൂപയുടെ മയക്കുമരുന്നാണ് ‘ഓപറേഷന്‍ തൂഫാന്‍’ വഴി പിടിച്ചെടുത്തത്. 16 അംഗങ്ങളുള്ള ശൃംഖലയുമായി ബന്ധപ്പെട്ട ഒരു കേസില്‍ നൈജീരിയന്‍ പൗരന്‍ സാമുവല്‍ എന്ന പ്രതിയെ ഡല്‍ഹിയില്‍ നിന്ന് പിടികൂടി. പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ എല്‍സീന എന്ന വിദേശ വനിതയെ ബെംഗളൂരുവില്‍ നിന്നും പിടികൂടിയതായും മന്ത്രി വെളിപ്പെടുത്തി.തൂഫാന്‍ വിജിലന്‍സ് എന്ന സംവിധാനം രൂപവത്കരിച്ചിട്ടുണ്ടെന്നും രഹസ്യ വിവരങ്ങള്‍ ആര്‍ക്കും പോലീസിന് കൈമാറാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 9497979794, 9497927797 എന്നീ നമ്പറുകളിലേക്ക് പൊതുജനങ്ങള്‍ക്ക് വിവരമറിയിക്കാം. 9995966666 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് വഴി വിവരങ്ങള്‍ കൈമാറാം. ശാസ്ത്രീയമായ നിലയിലാണ് ഓപറേഷന്‍ തൂഫാന്‍ നടപ്പിലാക്കുന്നത്. ലഹരിക്കെതിരെ പ്രവര്‍ത്തിക്കുന്ന നടന്‍ മമ്മൂട്ടിക്കൊപ്പമുള്ള സംഘം ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ലഹരിക്കെതിരെ പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കും. ബോധവത്കരണവും നേരിടലും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകും. പോലീസില്‍ നിന്ന് അപാകത ഉണ്ടായിട്ടുണ്ടെങ്കില്‍ ആര്‍ക്കും തന്നെ വിവരമറിയിക്കാം. മുന്‍ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ തുടര്‍ച്ചയായി പുതിയ ഓപറേഷനെ കണ്ടാല്‍ മതിയെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.ഓപറേഷന്‍ തൂഫാന്റെ ഭാഗമായി ഇതുവരെ 728 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 795 പേര്‍ അറസ്റ്റിലായി. 625 ഗ്രാം എം ഡി എം എ, 48 കിലോ കഞ്ചാവ്, 130 ഗ്രാം ഹാഷിഷ് ഓയില്‍, 480 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തതായും ചെന്നിത്തല അറിയിച്ചു.