ഒരു തുള്ളി രക്തം അനേകം ജീവനുകള്‍ക്ക് പ്രതീക്ഷ; റിയാദില്‍ ഒ ഐ സി സി ജനകീയ രക്തദാന ക്യാമ്പ് ജൂണ്‍ 12ന്

Wait 5 sec.

റിയാദ് | സഊദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ബ്ലഡ് ബേങ്കിന്റെ സഹകരണത്തോടെ ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ രക്തദാന ക്യാമ്പ് ജൂണ്‍ 12ന് (വെള്ളി) രാവിലെ എട്ട് മുതല്‍ സുമൈസി ആശുപത്രിയില്‍ നടക്കും. ജീവന്‍ രക്ഷിക്കുന്ന മഹത്തായ സാമൂഹിക ദൗത്യമായി സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഒ ഐ സി സിയുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. പ്രാദേശിക സംഘടനകള്‍, മുഖ്യധാരാ കൂട്ടായ്മകള്‍, സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ രക്തദാനത്തിന് സന്നദ്ധരായവരുടെ രജിസ്‌ട്രേഷന്‍ നേരത്തെ ആരംഭിച്ചതായും സംഘാടകര്‍ അറിയിച്ചു.രക്തദാതാക്കളുടെ രജിസ്‌ട്രേഷന്‍, മെഡിക്കല്‍ പരിശോധനകള്‍, ലഘു ഭക്ഷണ ക്രമീകരണങ്ങള്‍, ഗതാഗത സൗകര്യങ്ങള്‍ എന്നിവ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനായി 101 അംഗ സ്വാഗതസംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്. വിവിധ മേഖലകളിലെ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഈ സംഘമാണ് ക്യാമ്പിന്റെ സമഗ്ര ഏകോപന ചുമതല വഹിക്കുന്നത്.റിയാദിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തത്തോടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൊന്നാക്കി ക്യാമ്പിനെ മാറ്റുകയാണ് സംഘാടകരുടെ ലക്ഷ്യം. 1500-ലധികം ആളുകളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന പരിപാടിക്ക് റിയാദിലെ പൊതുസമൂഹത്തിന്റെ പൂര്‍ണ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് ഒ ഐ സി സി നേതാക്കള്‍ അഭ്യര്‍ഥിച്ചു.രക്തദാനം നടത്തുന്ന എല്ലാവര്‍ക്കും ഒ ഐ സി സിയുടെയും മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റിന്റെയും സംയുക്ത സര്‍ട്ടിഫിക്കറ്റ് നല്‍കും. കൂടാതെ റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന രക്തദാതാക്കള്‍ക്ക് വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഗതാഗത സൗകര്യം ആവശ്യമായാല്‍ ബന്ധപ്പെട്ട ഭാരവാഹികളുമായി മുന്‍കൂട്ടി ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.ക്യാമ്പിലെത്തുന്നവരുടെ സൗകര്യാര്‍ഥം വാഹന പാര്‍ക്കിംഗിനായി സുമൈസി ആശുപത്രിയിലെ ഗേറ്റ് നമ്പര്‍ 15-ന് സമീപം പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രക്തദാന ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവേശവും ആനന്ദവും പകരുന്നതിനായി വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.രക്തദാനം മനുഷ്യജീവന്‍ രക്ഷിക്കുന്ന ഏറ്റവും മഹത്തായ സേവനങ്ങളിലൊന്നാണെന്നും കൂടുതല്‍ പേര്‍ ഈ സാമൂഹിക സംരംഭത്തിന്റെ ഭാഗമാകണമെന്നും ഒ ഐ സി സി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍, പ്രോഗ്രാം ചെയര്‍മാന്‍ ഷിഹാബ് കൊട്ടുകാട്, ജനറല്‍ കണ്‍വീനര്‍ മാത്യു ജോസഫ്, കോര്‍ഡിനേറ്റര്‍ ഷംനാദ് കരുനാഗപ്പള്ളി, ഒ ഐ സി സി മീഡിയ കണ്‍വീനര്‍ അശ്‌റഫ് മേച്ചേരി, ട്രഷറര്‍ സന്തോഷ് വിളയില്‍ പങ്കെടുത്തു.