ഭോപാല്‍ | രാജ്യസഭാ സ്ഥാനാര്‍ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയ സംഭവത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ കണ്ട് പരാതി അറിയിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്സ്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെയാണ് കമ്മീഷണറെ കാണുക. നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസ് വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയത്. ബി ജെ പി സ്ഥാനാര്‍ഥി മഹേഷ് കേവതിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ നടപടിയുണ്ടായത്. തെലങ്കാന കോടതിയില്‍ മീനാക്ഷിയുടെ പേരില്‍ ക്രിമിനല്‍ കേസുണ്ടെന്നും സത്യവാങ്മൂലത്തില്‍ ഇത് ബോധപൂര്‍വം മറച്ചുവെച്ചതാണെന്നുമായിരുന്നു കേവതിന്റെ ആരോപണം. എന്നാല്‍, മീനാക്ഷിയുടെ പേരില്‍ കേസുകളൊന്നുമില്ലെന്നും കാരണം കാണിക്കല്‍ നോട്ടീസ് ലഭിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് കോണ്‍ഗ്രസ്സ് പറയുന്നത്.നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ പ്രതിഷേധവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നിലെത്തിയ കോണ്‍ഗ്രസ്സ് നേതാക്കളെ പോലീസ് തടഞ്ഞിരുന്നു.