തലശേരി ക്രിക്കറ്റ് ക്ലബ് നേതൃത്വം നല്‍കുന്ന ഇന്‍ഡോര്‍ പ്രീമിയര്‍ ലീഗ് മത്സരം മാര്‍ച്ച് 17ന് റിയാദില്‍

റിയാദില്‍ തലശേരി ക്രിക്കറ്റ് ക്ലബ് നേതൃത്വം നല്‍കുന്ന ഇന്‍ഡോര്‍ പ്രീമിയര്‍ ലീഗ് മത്സരം മാര്‍ച്ച് 17ന് അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. സൗദിയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഇന്‍ഡോര്‍ ക്രിക്കറ്റ് മേളയില്‍ 12 ടീമുകള്‍ മാറ്റുരക്കും. തലശേരി ക്രിക്കറ്റ് ക്ലബ് 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുളളത്. അല്‍ ഖര്‍ജ് റോഡിലെ അര്‍ക്കാന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് ഇന്‍ഡോര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 2 മത്സരത്തിന് വേദി ഒരുക്കിയിട്ടുളളത്.

Read Also: ‘ലേണ്‍ ദി ഖുര്‍ആന്‍-2023’ ദേശീയ സംഗമം മെയ് 12ന് റിയാദില്‍ നടക്കും

50 വയസ്സിന് മുകളില്‍ പ്രായമുള്ള തലശ്ശേരിക്കാരുടെ വെറ്ററന്‍സ് ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ടൂര്‍ണമെന്റിന് പുറമെ വിവിധ കലാ, സാംസ്‌കാരിക, വിനോദ പരിപാടികളും നടക്കും. ‘ഫാമിലി ഫണ്‍ ഡേ’ എന്ന പേരില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, വിവിധ മത്സരങ്ങളും തലശ്ശേരി ഭക്ഷ്യ വിഭവങ്ങള്‍ പരിചയപ്പെടുത്തി ഫുഡ് ഫെസ്റ്റിവലും സജ്ജീകരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ സാദത്ത് ടി.എം, റഫസാദ് വാഴയില്‍, അബ്ദുല്‍ ഖാദര്‍ മോച്ചേരി, ഹാരിസ് പി.സി, അഫ്താബ് അമ്പിലായില്‍, ഫിറോസ് ബക്കര്‍, ജംഷീദ്, സാജിദ്, ഷഫീക്ക് ലോട്ടസ്, നജാഫ് മുഹമ്മദ്, ദില്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.

Story Highlights: Indoor Premier League match led by Thalassery cricket Club in Riyadh