മനുഷ്യനോ യന്ത്രമോ; ഹാലൻഡ് മികവിൽ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

എത്തിഹാദ് സ്റ്റേഡിയത്തിൽ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ ആർബി ലെയ്‌പ്‌സിഗിനെതിരെ പെപ് ഗാർഡിയോള എന്ന തന്ത്രജ്ഞൻ നിരത്തിയത് പത്ത് മനുഷ്യരുടെ ഒപ്പം ഒരു യന്ത്രമനുഷ്യനെ. സ്വിച്ച് പോലും ആവശ്യമില്ല, കളിക്കളത്തിലേക്ക് ഇറക്കി വിട്ടാൽ മാത്രം മതി. പ്രീമിയർ ലീഗോ ചാമ്പ്യൻസ് ലീഗോ, ഏതും ആയിക്കോട്ടെ കളിക്കളത്തിൽ നിന്നും തിരിച്ച കയറുക ഒരു പിടി ഗോളുകളുമായി. ഇന്ന് അവന്റെ ഇരയായത് ജർമൻ ലീഗിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ ടീമുകളിൽ മൂന്നാം സ്ഥത്തുള്ള ആർബി ലെയ്‌പ്‌സിഗ്. ഒന്നും രണ്ടും അല്ല, എണ്ണം പറഞ്ഞ അഞ്ച് ഗോളുകളാണ് തുടർച്ചയായി ലെയ്‌പ്‌സിഗിന്റെ വലയിലേക്ക് കയറിയത്. അറുപത്തിമൂന്നാം മിനുട്ടിൽ സിറ്റി പരിശീലകൻ പെപ് ഹാലൻഡിനെ ബെഞ്ചിലേക്ക് വിളിച്ചില്ലായിരുന്നേൽ വീണ്ടും പല റെക്കോർഡുകളും അവൻ തിരുത്തിയെഴുതിയേനെ. Erling Haaland scores five and man city qualifies to UCL Quarter

ഏറ്റവും മികച്ച പ്രതിരോധ കോട്ടകൾ പോലും അവന്റെ മുന്നിൽ തകർന്ന് വീഴുന്നു. ഇരുപത്തി രണ്ട് വയസ്സ് മാത്രം പ്രായമുള്ള ആ റോബോട്ടിനെ തടയാൻ കെൽപ്പുള്ള പ്രതിരോധ നിരയുള്ള ക്ലബ്ബുകൾ വളരെ ചരുക്കമാണ്. റെക്കോർഡുകൾ തകർത്ത ഹലാൻഡ് മുന്നേറുമ്പോൾ ഫുട്ബോളിലെ ഇതിഹാസങ്ങളുടെ നേട്ടങ്ങൾ കടപുഴകി വീഴുമോ എന്നത് കണ്ടു തന്നെ അറിയണം. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും വേഗത്തിൽ മുപ്പത് ഗോളുകൾ തികക്കുന്ന ആദ്യ താരമായി മാറി ഹലാൻഡ്. ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരത്തിൽ അഞ്ച് ഗോളുകൾ നേടുന്ന മൂന്നമത്തെ മാത്രം താരം കൂടിയാണ്.

ഹാലാൻഡ് മികവിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് ആർബി ലെയ്‌പ്‌സിഗിനെതിരായ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ രണ്ടാം പാദ മത്സരം മാഞ്ചസ്റ്റർ സിറ്റി ജയിച്ചു കയറിയത്. രണ്ട് പാദങ്ങളിലുമായി ഒന്നിനെതിരെ എട്ട് ഗോളുകളുടെ ആധികാരിക വിജയമാണ് സിറ്റിയുടേത്. ഇന്നത്തെ മത്സരത്തിൽ ഹാലൻഡിനെ കൂടാതെ മധ്യ നിര താരങ്ങളായ ഗുൻഡോഗനും കെവിൻ ഡി ബ്രൂയ്നും ഓരോ ഗോളുകൾ വീതം നേടി.

Story Highlights: Erling Haaland scores five and man city qualifies to UCL Quarter