‘ഡിഇഒ ഓഫീസ് കയറി മടുത്തു’; മകൻ്റെ മരണത്തിന് കാരണം ഭാര്യയുടെ 14വർഷത്തെ ശമ്പളം മുടങ്ങിയത് തന്നെയെന്ന് പിതാവ്.

Wait 5 sec.

പത്തനംതിട്ട: പത്തനംതിട്ട നാറാണംമുഴിയിലെ ഷിനോജിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമം തന്നെയെന്ന് ഉറപ്പിച്ച് പിതാവ് ത്യാഗരാജന്‍. എയഡഡ് സ്‌കൂള്‍ അധ്യാപികയായ മകൻ്റെ ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളം ലഭിച്ചിരുന്നില്ലായെന്നും മകന്റെ ആത്മഹത്യക്ക് കാരണം ഹൈക്കോടതി ഉത്തരവ് ഡിഇഒ ഓഫീസ് ധിക്കരിച്ചതാണെന്നും ത്യാഗരാജന്‍ ആരോപിച്ചു.ശമ്പളവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ ഡിഇഒ ഓഫീസ് കയറിയിറങ്ങി ഞങ്ങള്‍ മടുത്തു. മന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചു പറഞ്ഞിട്ട് പോലും നടപടി സ്വീകരിച്ചില്ല. കിട്ടാനുള്ള ശമ്പളത്തുകയുടെ വിശദാംശങ്ങള്‍ ഹെഡ്മാസ്റ്റര്‍ ഡിഇഒ ഓഫീസില്‍ സമര്‍പ്പിച്ചിരുന്നു. സ്‌കൂള്‍ മാനേജരുടെ വക്കീലാണ് കേസ് നീട്ടിക്കൊണ്ടു പോയത്. 2025 ജനുവരി 7ന് മുമ്പ് ശമ്പളത്തുക മുഴുവന്‍ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 36000 വീതം നാലുമാസം മകന്റെ ഭാര്യക്ക് ശമ്പളത്തുക കിട്ടി. പക്ഷെ യഥാര്‍ത്ഥ ശമ്പളത്തുക നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ലായെന്നും ഷിനോജിന്റെ പിതാവ് വ്യക്തമാക്കി.എന്നാല്‍ ആരോപണം നിഷേധിച്ച് വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തി. ഡിഇഒ ഓഫീസില്‍ നിന്നും ശമ്പള ഫിക്‌സേഷനുള്ള ഉത്തരവ് ഹെഡ്മാസ്റ്റര്‍ക്ക് നല്‍കിയിരുന്നു. ശമ്പളം നല്‍കാനുള്ള നിര്‍ദ്ദേശം ഡിഡിഒ ആയ ഹെഡ് മാസ്റ്റര്‍ക്ക് നല്‍കിയിരുന്നുവെന്നും ഹൈക്കോടതി ഉത്തരവ് രണ്ട് അധ്യാപികമാര്‍ക്കും അനുകൂലമായിരുന്നുവെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)