ഫ്രീഡം കിട്ടിയപ്പോള്‍ ഞാന്‍ അഴിഞ്ഞാടി; ആ സീന്‍ കരിയര്‍ ബ്രേക്കായി: ഹരിശ്രീ അശോകന്‍

Wait 5 sec.

പാർവതി പരിണയത്തിലെ ഭിക്ഷക്കാരന്റെ വേഷമാണ് തന്റെ കരിയറിൽ വഴിത്തിരിവായതെന്ന് ഹരിശ്രീ അശോകൻ. വേണ്ടെന്ന് വച്ച സിനിമയായിരുന്നു പാർവതി പരിണയം. ദിലീപിന്റെ നിർബന്ധത്തിലാണ് പോയി അഭിനയിച്ചത്. ആ സീൻ അഭിനയിച്ച് കഴിഞ്ഞപ്പോൾ സെറ്റിൽ കൂട്ടച്ചിരി ആയിരുന്നു. ഫ്രീഡം കിട്ടിയപ്പോൾ താൻ അഴിഞ്ഞാടിയെന്നും അത് കരിയറിലെ വലിയ ബ്രേക്ക് ആയെന്നും ഹരിശ്രീ അശോകൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.ഹരിശ്രീ അശോകന്റെ വാക്കുകൾപാർവതി പരിണയം ഷൂട്ട് ചെയ്യുന്ന സമയത്ത് ​ഗുരുവായൂർ വച്ച് ദിലീപ് അഭിനയിക്കുന്ന ഒരു സിനിമ ഷൂട്ട് ചെയ്യുകയായിരുന്നു. അതിൽ എനിക്ക് ത്രൂ ഔട്ട് വേഷമാണ്. പപ്പു ചേട്ടന്റെ മകനായിട്ട്. അത് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് പെട്ടന്നാണ് പാർവതി പരിണയത്തിന്റെ സെറ്റിൽ ജോയിൻ ചെയ്യണം എന്നുപറഞ്ഞ് വിളിക്കുന്നത്. ആകെ മൂന്ന് സീനുകൾ മാത്രമായിരുന്നു അതിലുണ്ടായിരുന്നത്. അതുകൊണ്ട് ഒരു ഷൂട്ടിന്റെ ഇടയിൽ നിന്ന് മറ്റൊന്നിലേക്ക് പോകാൻ ഞാൻ താൽപര്യം കാണിച്ചിരുന്നില്ല. പക്ഷെ, ദിലീപ് പറഞ്ഞു എന്തായാലും പോണം എന്ന്. അങ്ങനെ ​ഗുരുവായൂർ വച്ച് നടക്കുന്ന ഷൂട്ടിൽ നിന്നും ചെറിയ ബ്രേക്ക് എടുത്ത് ചാവക്കാട് നടക്കുന്ന പാർവതി പരിണയത്തിലേക്ക് പോകുന്നത്.അവിടെ പോയപ്പോൾ മൂന്ന് സീൻ മാത്രമാണ് ഉള്ളത്. ഞൊണ്ടൽ അഭിനയിക്കുന്ന ഒരു ഭിക്ഷക്കാരൻ. പക്ഷെ, ഷൂട്ട് നടക്കുന്ന സമയത്ത് ഞാൻ സംവിധായകനോട് ചോദിച്ചു, ഒരു സാധനം ഞാൻ കയ്യിൽ നിന്നും ഇടട്ടെ എന്ന്. പുള്ളി ഓക്കേ പറഞ്ഞപ്പോൾ ഞാൻ ഇട്ടതാണ് 'കൈ കാൽ ആവതില്ലാത്തവനാണേ, ഈ പാവപ്പെട്ടവന് വല്ലതും തരണേ, ഹമ്മ.. ഹമ്മ, ഹമ്മ ഹമ്മ ഹമ്മ' എന്നത്. അന്ന് ആ പാട്ട് ഭയങ്കര ഹിറ്റായിരുന്നു. ആ സീനും ഭയങ്കര ഹിറ്റായി. ഷൂട്ട് ചെയ്യുമ്പോൾ തന്നെ സെറ്റിൽ കൂട്ടച്ചിരി ആയിരുന്നു. അവിടെ നിന്നും മൂന്ന് സീൻ ഉണ്ടായിരുന്ന ആ ക്യാരക്ടർ അവർ 12 സീനാക്കി വലുതാക്കി. ഫ്രീഡം കിട്ടിയപ്പോൾ ഞാൻ അഴിഞ്ഞാടി. അത് കരിയറിലെ വലിയ ബ്രേക്ക് ആയി.