വീണ്ടും ചർച്ചയായി ചെമ്പിരിക്ക ഖാസിയുടെ മരണം

Wait 5 sec.

കാസർകോട് | ചെമ്പരിക്ക ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം വീണ്ടും ചർച്ചയാകുന്നു. സമസ്ത ഇ കെ വിഭാഗം സംസ്ഥാന ഉപാധ്യക്ഷനായിരുന്ന അബ്ദുല്ല മുസ്‌ലിയാരുടെ മരണവുമായി ബന്ധപ്പെട്ട് സി ഐ സി ജനറൽ സെക്രട്ടറി അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയുടെ പരാമർശമാണ് വീണ്ടും ചർച്ചകൾക്കിടയാക്കിയിരിക്കുന്നത്. വല്ലാതെ കളിച്ചാൽ മരണവുമായി ബന്ധപ്പെട്ട എല്ലാ രഹസ്യങ്ങളും പുറത്തുകൊണ്ടുവരുമെന്നായിരുന്നു പൊതുപരിപാടിയിൽ ഹകീം ഫൈസിയുടെ പരാമർശം. ഇ കെ വിഭാഗവും ഹകീം ഫൈസിയുടെ സി ഐ സിയും തമ്മിൽ തർക്കം തുടരുന്ന പശ്ചാത്തലത്തിലാണ് ഖാസിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടുള്ള പ്രസംഗം. ഖാസി സമസ്തയുടെ അധ്യക്ഷ പദവിയിലെത്തേണ്ടതായിരുന്നു. എന്നാൽ അതിന് സാധിച്ചില്ല. ഇതിൽ ചെറിയ ദുരൂഹതകളുണ്ട്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ടതാണ് ഇതെന്നും ഹകീം ഫൈസി പ്രസംഗത്തിൽ പറയുന്നു.2010 ഫെബ്രുവരി 15ന് പുലർച്ചെ 6.50നാണ് ഖാസിയുടെ മൃതദേഹം വീട്ടിൽ നിന്ന് മാറി 900 മീറ്റർ അകലെയുള്ള ചെമ്പിരിക്ക കടപ്പുറത്ത് നിന്ന് 40 മീറ്റർ അകലെ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ മരണം കൊലപാതകമാണെന്ന് ബന്ധുക്കളും നാട്ടുകാരും ഉറച്ച് വിശ്വസിക്കുമ്പോഴും ഈ ദിശയിലേക്കുള്ള അന്വേഷണം ഇനിയും നടന്നിട്ടില്ലെന്നാണ് ആക്ഷേപം. മൗലവിയുടെ ഘാതകരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ 15 വർഷമായിട്ടും സാധിച്ചിട്ടില്ല. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും സി ബി ഐയും മാറി മാറി അന്വേഷണം നടത്തിയിട്ടും പ്രതികൾ ഇപ്പോഴും കാണാമറയത്താണ്. അബ്ദുല്ല മൗലവിയുടെ ചെരിപ്പും ഊന്നുവടിയും ടോർച്ചും കരയോട് ചേർന്ന പാറക്കൂട്ടങ്ങളുടെ മുകളിൽ അടുക്കിവെച്ച നിലയിലും വീടിനോട് ചേർന്ന മൗലവിയുടെ സ്വകാര്യമുറി പുറത്തു നിന്ന് താഴിട്ട് പൂട്ടിയ നിലയിലുമായിരുന്നു. സംഭവം നടന്ന് 12 ദിവസം കഴിഞ്ഞാണ് വീട്ടിലെത്തി പോലീസ് മൊഴിയെടുത്തത്. 2010 മാർച്ചിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.ഒരുമാസം തികയുന്നതിന് മുമ്പ് തന്നെ കേസ് സി ബി ഐയും ഏറ്റെടുത്തു. സി ബി ഐ തുടക്കത്തിൽ കാര്യമായ നീക്കങ്ങൾ നടത്തിയെങ്കിലും പിന്നീട് അന്വേഷണം വഴിമുട്ടി. ആത്മഹത്യയെന്ന് പറഞ്ഞ് അന്വേഷണം നിർത്തിയ പോലീസ് തുടരന്വേഷണം അവസാനിപ്പിച്ചതിനെതിരെ ഖാസിയുടെ മകൻ കോടതിയിൽ ഹരജി നൽകി. എന്നാൽ സി ബി ഐ അന്വേഷണം പുനരാരംഭിക്കാൻ സമയം നീട്ടി ചോദിക്കുകയായിരുന്നു. മൂന്നാംതവണ റീജ്യനൽ കോടതി ശാസിച്ചപ്പോഴാണ് സി ബി ഐ റിപോർട്ട് സമർപ്പിച്ചത്.2016ൽ സി ബി ഐ റിപോർട്ട് തള്ളിയ കോടതി കൂടുതൽ ശാസ്ത്രീയ അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് 2017ൽ സി ബി ഐ നൽകിയ രണ്ടാമത്തെ റിപോർട്ടും തൃപ്തികരമല്ലെന്ന് കണ്ട് കോടതി നിരസിച്ചു. എന്നാൽ, വീണ്ടും അന്വേഷണം നടത്താൻ സി ബി ഐ തയ്യാറായതുമില്ല. പരസഹായമില്ലാതെ പുറത്തിറങ്ങാത്ത അബ്ദുല്ല മുസ്‌ലിയാർ വീട്ടിൽ നിന്ന് 900 മീറ്റർ അകലെ കടപ്പുറത്ത് പാതിരാത്രി എങ്ങനെ എത്തിപ്പെട്ടു എന്നതിന് അന്വേഷണ ഏജൻസികൾ ഇതുവരെയും തൃപ്തികരമായ വിശദീകരണം നൽകിയിട്ടില്ല. കണ്ണടയും തലപ്പാവും ധരിക്കാതെ പുറത്തിറങ്ങാത്ത അബ്ദുല്ല മൗലവി മരിച്ച നിലയിൽ കാണപ്പെട്ട ദിവസം ഇവ രണ്ടും മുറിയിലാണ് കണ്ടെത്തിയത്.ഖാസിയുടെ കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് ഇ കെ വിഭാഗവും സമസ്തയും അബ്ദുല്ല മൗലവി ഖാസിയായിരുന്ന മഹല്ലുകളും മുന്നിട്ടിറങ്ങണമെന്ന് ചെമ്പരിക്ക മഹല്ല് ജമാഅത്ത് സെക്രട്ടറി കുന്നിൽ മുഹമ്മദ് ആവശ്യപ്പെട്ടു.