ഗസ്സ | അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിച്ച് മുസ്‌ലിംകളുടെ മൂന്നാമത്തെ പുണ്യകേന്ദ്രമായ മസ്ജിദുൽ അഖ്സയിൽ കയറി പ്രാർഥന നടത്തി ഇസ്റാഈൽ ദേശീയ സുരക്ഷാ മന്ത്രിയും തീവ്രവലതുപക്ഷ നേതാവുമായ ഇതാമൻ ബെൻഗവീർ. പതിറ്റാണ്ടുകളായി മസ്ജിദിന്റെയും കോമ്പൗണ്ടിന്റെയും നിയന്ത്രണം ജോർദാനാണെങ്കിലും മനഃപൂർവം പ്രകോപനം സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ബെൻഗവീർ മസ്ജിദിനകത്ത് കയറി ജൂത പ്രാർഥന നടത്തിയത്.യഹൂദ വിശ്വാസികൾക്ക് മസ്ജിദ് കോമ്പൗണ്ടിൽ പ്രവേശിക്കാമെങ്കിലും പ്രാർഥിക്കാൻ അനുവാദമില്ലെന്നിരിക്കെയാണ് മന്ത്രിയുടെ പ്രകോപന നീക്കം. ഏറെ കാലമായി മസ്ജിദിന്റെ നിയന്ത്രണം കൈവശപ്പെടുത്താനുള്ള നീക്കമാണ് ഇസ്റാഈൽ ഭരണകൂടം നടത്തുന്നത്. തിസ്അ ബിആവ് എന്ന പേരിൽ യഹൂദ വിശ്വാസികൾ ആചരിക്കുന്ന വാർഷിക ദിനത്തിലായിരുന്നു അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഇസ്റാഈൽ മന്ത്രി മസ്ജിദിൽ പ്രവേശിച്ച് പ്രാർഥന നടത്തിയത്.മസ്ജിദിനകത്ത് യഹൂദ പ്രാർഥന അനുവദിക്കണമെന്ന വാദമുയർത്തി നേരത്തേയും നിരവധി തവണ ബെൻഗവീറും മറ്റ് തീവ്രവലതുപക്ഷ നേതാക്കളും മസ്ജിദിനകത്ത് പ്രവേശിച്ചിരുന്നു. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനടക്കം മുസ്‌ലിംകൾക്ക് കടുത്ത നിയന്ത്രണത്തോടെ പരിമിത പ്രവേശനമാണ് ഇസ്റാഈൽ അനുവദിക്കുന്നത്. എന്നാൽ, ഇസ്റാഈൽ പോലീസിന്റെ കാവലിൽ നിരവധി ജൂത കുടിയേറ്റക്കാർ മസ്ജിദിനകത്ത് കയറി പ്രാർഥന നടത്തുന്നുണ്ട്.അൽ അഖ്സ മസ്ജിദിലും കോമ്പൗണ്ടിലും നിലനിൽക്കുന്ന നിയമങ്ങൾ ഇസ്റാഈൽ മാറ്റാൻ ശ്രമിക്കുന്നത് മുസ്‌ലിംകൾക്കിടയിൽ കനത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാൽ, ഇത് വകവെക്കാതെയാണ് ഇസ്റാഈൽ ഭരണകൂട പ്രതിനിധികളടക്കമുള്ളവർ മസ്ജിദിൽ കയറുന്നത്. ബെൻഗവീറിന്റെ നടപടിയെ ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ വക്താവ് നബീൽ അബു റുദൈനീഹ് ശക്തമായി അപലപിച്ചു.എല്ലാ മര്യാദകളും പരിധികളും ലംഘിക്കുന്നതാണിത്. ഇസ്റാഈൽ സർക്കാറിന്റെ പ്രകോപന നടപടികൾ അവസാനിപ്പിക്കുന്നതിന് അമേരിക്ക അടക്കമുള്ള അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ രൂക്ഷ വിമർശവുമായി സഊദിയും രംഗത്തെത്തി. മന്ത്രിയുടെ നടപടി മേഖലയെ അസ്ഥിരപ്പെടുത്തുമെന്ന് സഊദി വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.