ആരുടേതാണ് വലിയ പിഴവുകള്‍?

Wait 5 sec.

ലോക്‌സഭയിലെ ഓപറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍, കോണ്‍ഗ്രസ്സ് സര്‍ക്കാറുകള്‍ വരുത്തിയ പിഴവുകളുടെ ദുരന്തമാണ് രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് എന്ന് പ്രധാനമന്ത്രി പ്രസ്താവിക്കുകയുണ്ടായി. പാക് അധീന കശ്മീര്‍ വിട്ടുകൊടുത്തത് ആരെന്ന് കോണ്‍ഗ്രസ്സ് പറയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. യാഥാര്‍ഥ്യം തിരിച്ചറിയണമെങ്കില്‍ ചരിത്രത്തില്‍ തന്നെ പരതണം.സ്വാതന്ത്ര്യാനന്തരം 500ലധികം നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂനിയനില്‍ ചേര്‍ന്നു. വിട്ടുനിന്ന മൂന്ന് നാട്ടുരാജ്യങ്ങളില്‍ ഒന്നായിരുന്നു കശ്മീരിലെ ഹരിസിംഗ് മഹാരാജാവിന്റെ രാജ്യം. ഹൈദരാബാദ് നിസാമും ജുനഗഡ് നവാബുമായിരുന്നു മറ്റു രണ്ട് രാജാക്കന്മാര്‍. പാകിസ്താനില്‍ നിന്നും മറ്റും പഠാന്‍ ഗോത്രക്കാര്‍ കശ്മീരിലേക്ക് കടന്നു കയറ്റം  തുടങ്ങിയപ്പോള്‍ ഹരിസിംഗ് ഇന്ത്യയുടെ സഹായം തേടി. ഇന്ത്യയില്‍ ലയിക്കാത്ത, ഇന്ത്യയുടെ ഭാഗമാകാത്ത ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈനിക ഇടപെടല്‍ അധിനിവേശമാകുമെന്ന വിശ്വാസമാണ് നെഹ്‌റുവിനും കോണ്‍ഗ്രസ്സിനും ഉണ്ടായിരുന്നത്.അന്നത്തെ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന സര്‍ദാര്‍ പട്ടേലിന്റെയും മറ്റും ശ്രമഫലമായി കശ്മീരിനെ ഇന്ത്യയില്‍ ലയിപ്പിക്കാന്‍ തീരുമാനമായി. ലയന കരാര്‍ ഒപ്പിട്ടതോടെ നെഹ്‌റു ഇന്ത്യന്‍ സൈന്യത്തെ കശ്മീരിലേക്ക് അയച്ചു. ആസ്ഥാനം ജമ്മുവിലേക്ക് മാറ്റിയ ഹരിസിംഗിനെ ഇന്ത്യന്‍ സേന സംരക്ഷിച്ചു. കശ്മീരിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഇന്ത്യന്‍ സേനയുടെ അധീനതയിലായി. കുറച്ച് ഭാഗം പാകിസ്താന്റെ അധീനതയിലുമായി. ഇന്ത്യന്‍ സൈന്യവും പാക് ഗോത്ര സൈന്യവും തമ്മിലുള്ള യുദ്ധം ഐക്യരാഷ്ട്ര സഭയുടെ ഇടപെടലോടെ നിര്‍ത്തേണ്ടിവന്നു. ചുരുക്കത്തില്‍ ഇതാണ് കശ്മീര്‍ വിഷയത്തില്‍ സംഭവിച്ചത്. 2019ല്‍ 40 സൈനികരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നേരിട്ട ഏറ്റവും ഭീകരമായ ആക്രമണമാണ് പഹല്‍ഗാം ഭീകരാക്രമണം. മനുഷ്യത്വത്തിന് നേരെയുള്ള കടന്നാക്രമണം എന്നാണ് ലോകനേതാക്കള്‍ വിശേഷിപ്പിക്കുന്നത്. കാരണം ബലിയാടായത് നിരായുധരായ നിരപരാധികളാണ്. രണ്ട് ബി ജെ പി പ്രധാനമന്ത്രിമാരുടെയും ഭരണത്തില്‍ രാജ്യം നിരവധി ഭീകരാക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടുണ്ട്.ബി ജെ പി സ്ഥാപക അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന അടല്‍ ബിഹാരി വാജ്പയിയുടെ ഭരണകാലത്താണ് പാകിസ്താന്റെ കാര്‍ഗില്‍ നുഴഞ്ഞുകയറ്റവും ഭീകരരുടെ പാര്‍ലിമെന്റ് ആക്രമണവും അക്ഷര്‍ധാം ടെമ്പിള്‍ ആക്രമണവും വിമാനം തട്ടികൊണ്ടുപോകല്‍ സംഭവവും ഉണ്ടായത്.1999ല്‍ പാകിസ്താനില്‍ പ്രധാനമന്ത്രി നവാസ് ശരീഫും പട്ടാള മേധാവി പര്‍വേസ് മുശര്‍റഫുമായിരുന്നു. അവരുടെ ഭരണകാലത്താണ് പാകിസ്താന്‍ പട്ടാളവും ഭീകരരും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറ്റം നടത്തിയത്. ഏതാണ്ട് ആറ് മാസം കഴിഞ്ഞാണ് ഇന്ത്യന്‍ ഭരണകൂടം വിവരം അറിയുന്നത് തന്നെ. അതും കാര്‍ഗില്‍ പ്രദേശത്തെ ആട്ടിടയന്മാര്‍ ഇന്ത്യന്‍ സേനക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍. മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ശക്തരായ ഇന്ത്യന്‍ സേന പാകിസ്താന്‍ സേന കൈയടക്കിയ മുഴുവന്‍ പ്രദേശങ്ങളും തിരിച്ചുപിടിച്ചു രാജ്യത്തിന്റെ അഭിമാനം കാത്തു. 1999 ജൂലൈ 26ന് ഇന്ത്യന്‍ സേന വിജയദൗത്യം പൂര്‍ത്തിയാക്കി. അതിനുശേഷം ജൂലൈ 26 കാര്‍ഗില്‍ വിജയദിനമായി ആചരിക്കുന്നു. കാര്‍ഗില്‍ ഓപറേഷനില്‍ ഇന്ത്യക്ക് നഷ്ടമായത് 500 ലധികം സേനാംഗങ്ങളെയാണ്.1999 ഡിസംബര്‍ 24നാണ് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഭീകരര്‍ അഫ്ഗാനിസ്ഥാനിലെ കാണ്ഠഹാറിലേക്ക് തട്ടിക്കൊണ്ടുപോയത്.176 യാത്രക്കാരുള്ള വിമാനമാണ് തട്ടിക്കൊണ്ടുപോയത്. നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനം അമൃത്‌സറില്‍ ഇറക്കിയെങ്കിലും ഭീകരരില്‍ നിന്ന് വിമാനത്തെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. കാണ്ഠഹാര്‍ വിമാനത്താവളം താലിബാന്‍ നിയന്ത്രണത്തിലുമായിരുന്നു. പാകിസ്താന്‍ ചാരസംഘടനയുടെ സഹായം വിമാന റാഞ്ചികളായ ഭീകരര്‍ക്ക് ലഭിച്ചിരുന്നു.ഒരാഴ്ച നീണ്ട അനിശ്ചിതത്വത്തിന് ശേഷം വാജ്പയി സര്‍ക്കാര്‍ ഭീകരരുടെ ആവശ്യം അംഗീകരിച്ച് മൂന്ന് കൊടുംഭീകരരെ ഇന്ത്യന്‍ ജയിലില്‍ നിന്ന് വിട്ടയക്കുകയും കാണ്ഠഹാറില്‍ എത്തിക്കുകയും ചെയ്തു. മൗലാന മസൂദ് അസ്ഹര്‍ ഈ മൂന്ന് പേരില്‍ ഒരാളായിരുന്നുവെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ശേഷിച്ച യാത്രക്കാരെ ഡിസംബര്‍ 31ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഒരു യുദ്ധം തോറ്റതിനേക്കാള്‍ വലിയ അടിയറവ് രാജ്യത്തിന് പറയേണ്ടിവന്നു.2001 ഡിസംബര്‍ 13നാണ് ലോകത്തെ ഞെട്ടിച്ച ഭീകരരുടെ ഇന്ത്യന്‍ പാര്‍ലിമെന്റ് അക്രമണം. പാകിസ്താന്‍ ഭീകരസംഘടനകളായിരുന്നു ഇതിന്റെ പിന്നിലും. ഡല്‍ഹി പോലീസിലെ ആറ് പേരും പാര്‍ലിമെന്റ്സെക്യൂരിറ്റി സേനയിലെ രണ്ട് പേരും ഒരു പൂന്തോട്ടക്കാരനും ഈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. അഞ്ച് ഭീകരരും വധിക്കപ്പെട്ടു. കേന്ദ്ര മന്ത്രിമാരും പാര്‍ലിമെന്റംഗങ്ങളും ഭീകരാക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. 2001 നവംബറില്‍ കശ്മീരിലെ ശ്രീനഗര്‍ അസംബ്ലിയും ഭീകരാക്രമണത്തിന് വിധേയമായിരുന്നു. ഭീകരര്‍ 38 പേരെ കൊലപ്പെടുത്തി. 2002 മാര്‍ച്ചിലും നവംബറിലും ജമ്മുവിലെ രഘുനാഥ ക്ഷേത്രത്തില്‍ ഭീകരാക്രമണം ഉണ്ടായി. 25 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 65ലധികം പേര്‍ക്ക് പരുക്കേറ്റു.2002 സെപ്തംബറിലാണ് ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രം ഭീകരര്‍ ആക്രമിച്ചത്. 30 പേരെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. 80ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രണ്ട് ഭീകരരെയും രക്ഷാസേന കൊലപ്പെടുത്തി. ഭീകരരുടെ ബോംബാക്രമണത്തില്‍ മുംബൈയില്‍ 2003 ജനുവരിക്കും ആഗസ്റ്റിനുമിടയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 67 ആണ്. അതിന്റെ ഇരട്ടിയോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.  മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം കശ്മീരിലും പഞ്ചാബിലും നിരന്തരം ഭീകരാക്രമണങ്ങള്‍ നടക്കുകയുണ്ടായി. 2015 മാര്‍ച്ചിനും 2019 മാര്‍ച്ചിനുമിടയില്‍ ജമ്മു കശ്മീരിലെ പാംപോര്‍, ജമ്മു, ഉധംപൂര്‍, ഉറി, ബാരാമുള്ള, ഹന്ത്‌വാര, നഗ്രോദ, അമര്‍നാഥ്, സുന്‍ജുവന്‍, പുല്‍വാമ എന്നിവിടങ്ങളിലെ ഭീകരാക്രമണങ്ങളിലും പഞ്ചാബിലെ ഗുരുദാസ്പൂര്‍, പത്താന്‍കോട്ട് എന്നിവിടങ്ങളിലെ ഭീകരാക്രമണങ്ങളിലും നൂറുകണക്കിന് സൈനികര്‍ക്കും സിവിലിയന്മാര്‍ക്കും ജീവഹാനി സംഭവിച്ചു. പുല്‍വാമയില്‍ മാത്രം 40 സൈനികര്‍ ഭീകരാക്രമണത്തിന് ഇരയായി വീരമൃത്യു വരിച്ചു.ഇന്ത്യന്‍ സൈനികശക്തി 1971ലെ പാകിസ്താന്‍ യുദ്ധത്തില്‍ തന്നെ ഇന്ദിരാ ഗാന്ധി ലോകത്തെ അറിയിച്ചിട്ടുണ്ട്. 14 ദിവസം മാത്രം നീണ്ടുനിന്ന യുദ്ധത്തില്‍ ഇന്ത്യയുടെ വിജയം സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയുള്ള വിജയം കൂടിയായിരുന്നു. കോണ്‍ഗ്രസ്സിന്റെ ചരിത്രം ചികയുന്നതിന് പകരം ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നവര്‍ പരതേണ്ടത് സ്വന്തം ഭൂതകാലമാണ്.എന്തായാലും, അതിര്‍ത്തി കടന്നുള്ള ഭീകരതയെ ചെറുക്കാന്‍ രാജ്യം ഭിന്നതകള്‍ മറന്ന് ഐക്യത്തോടെ നിലകൊള്ളണം. ബഹുസ്വരതയും മതനിരപേക്ഷതയും നമ്മുടെ ഉറച്ച നിലപാടുകളായിരിക്കണം.