‘ബാബറി മസ്ജിദ് തകർന്നു വീഴുന്നത് മുറിയുടെ ജനലുകളിലൂടെ ഞങ്ങൾക്ക് അപ്പോഴും കാണാമായിരുന്നു’; 33 വർഷം മുമ്പ് ദേശാഭിമാനിയിൽ എഴുതിയ ലേഖനം പങ്കുവെച്ച് ജോൺ ബ്രിട്ടാസ് എം.പി

Wait 5 sec.

ബാബറി മസ്ജിദ് തകർത്തതിന്റെ 33-ാം വാർഷികത്തിൽ, സംഭവം നേരിട്ട് സാക്ഷ്യം വഹിച്ചുകൊണ്ടെഴുതിയ പഴയ ലേഖനം പങ്കുവെച്ച് എം.പി. ജോൺ ബ്രിട്ടാസ്. 1992 ഡിസംബർ 11-ന് ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഈ ലേഖനത്തിന് ഒരു പ്രവചന സ്വഭാവം ഉണ്ടായത് സ്വാഭാവികമാണ് എന്നും അദ്ദേഹം പറയുന്നു.1992 ഡിസംബർ 6-ന് ഞായറാഴ്ച പുലർച്ചെ നാലുമണിക്ക് ഫൈസാബാദിൽനിന്ന് അയോധ്യയിലേക്ക് കാറിൽ തിരിക്കുമ്പോൾ, ഈ യാത്ര മതേതരഭാരതത്തിന്റെ ചരമക്കുറിപ്പ് എഴുതാൻ വേണ്ടിയാകുമെന്ന് തങ്ങളിൽ ആരും വിചാരിച്ചിരുന്നില്ലെന്ന് ലേഖനത്തിൽ ബ്രിട്ടാസ് ഓർക്കുന്നു.1992 ഡിസംബർ 11ന് ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനം ……ഞായറാഴ്ച പുലർച്ചെ നാലുമണിക്ക് എഴുന്നേറ്റ് ഫൈസാബാദിൽനിന്ന് അയോധ്യയിലെ കർസേവാ സ്ഥലത്തേക്ക് കാറിൽ തിരിക്കുമ്പോൾ ഈ പോക്ക് മതേതരഭാരതത്തിന്റെ ചരമക്കുറിപ്പ് എഴുതാൻ വേണ്ടിയാകുമെന്ന് ഞങ്ങളിലൊരാൾ പോലും വിചാരിച്ചിരുന്നില്ല.ഡിസംബർ മാസത്തെ തുളച്ചുകയറുന്ന തണുപ്പിൽ ഇനിയും വെളിച്ചം വരാത്ത വീഥികളിലൂടെ ആയിരക്കണക്കിന് കർസേവകരുടെ ഇടയിലൂടെ അയോധ്യയിലെത്തിയപ്പോൾ ഭീകരതയുടെ ഒരു ലാഞ്ഛന പോലും കാണാനില്ലായിരുന്നു. പ്രതീകാത്മക കർസേവ തുടങ്ങുന്നത് 12.15-ന് മാത്രമായിരുന്നതുകൊണ്ട് ഞങ്ങൾക്ക് തർക്കസ്ഥലം പലവട്ടം സന്ദർശിക്കാൻ സമയമുണ്ടായിരുന്നു. ദർശനത്തിന് വരിയായി നിന്നിരുന്ന കർസേവകരുടെ ഇടയിലൂടെ പ്രസ്സ്കാർഡ് കാണിച്ച് മസ്ജിദ് സമുച്ചയത്തിനുള്ളിൽ പ്രവേശിച്ച് സ്ഥിതിഗതികൾ നിരീക്ഷിച്ചു. മസ്ജിദിനുള്ളിൽ അമ്പതോളം വരുന്ന സി.ആർ.പി. എഫ് ഭടന്മാർ അലസമായി നിൽക്കുന്നു. ഇരുപത്തൊന്നോളം വനിതാ സി.ആർ.പി.എഫുകാരും ഉണ്ടായിരുന്നു. വരാൻപോകുന്ന വിപത്തിനെക്കുറിച്ച് ഈ പാവങ്ങൾക്ക് ഒരു സൂചനയുമുണ്ടായിരുന്നില്ലെന്ന് വ്യക്തം. ഇവർക്ക് പുറമെയുണ്ടായിരുന്ന ഉത്തർപ്രദേശ് പോലിസ് ഉദ്യോഗസ്ഥരും പി.എ.സി ജവാന്മാരും പ്രഭാതത്തിൽതന്നെ ആഹ്ലാദത്തിലായിരുന്നു. ഇവരിൽ ചിലർക്കെങ്കിലും വരാനിരിക്കുന്ന കർസേവയെക്കുറിച്ച് അറിവുണ്ടായിരുന്നു.മസ്ജിദ് സമുച്ചയത്തിൽനിന്ന് പുറത്തുകടന്ന് വിശ്വഹിന്ദു പരിഷത്ത് കർസേവകർ പാർത്തിരുന്ന മാനസ്ഭവനിൽ ഞങ്ങൾ പ്രവേശിച്ചു. അപ്പോഴേക്കും നേരം പുലർന്നിരുന്നു. തർക്കസ്ഥലത്തേക്കുള്ള കർസേവകരുടെ ഒഴുക്കിനും ശക്തികൂടി. “ജയ് സിയാ റാം” എന്ന് വിളികൊണ്ട് അന്തരീക്ഷം മുഖരിതമായി. കാവിത്തുണിയിൽ പൊതിഞ്ഞ രൂപങ്ങൾ കൂട്ടംകൂട്ടമായി ‘ ജയ് സിയാ റാം ‘ വിളിച്ച് നിർദിഷ്ട കർസേവക്ക് വേണ്ടി ബാരിക്കേഡുകൾകൊണ്ട് വേർതിരിച്ച 2.77 ഏക്കർ സ്ഥലത്തിന് ചുറ്റും സ്ഥാനം പിടിച്ചുതുടങ്ങി.സമയം രാവിലെ എട്ടു മണിയായിക്കഴിഞ്ഞിരിക്കുന്നു. കർസേവ കൃത്യമായി കാണുന്നതിന് മൂന്നുനില കെട്ടിടമായ മാനസ്ഭവൻെറ വിശാലമായ ടെറസ്സിൽ ഞങ്ങൾ സ്ഥാനം പിടിച്ചു. വി.എച്ച്.പി.യുടെ മാധ്യമവിഭാഗം കൺവീനർ അഗ്നിഹോത്രിയുടെ നിർദേശപ്രകാരമാണ് മാനസ്ഭവൻ ടെറസ്സിൽ കയറാൻ തീരുമാനിച്ചത്. സ്വതന്ത്ര ഇന്ത്യയെ ഗ്രസിക്കാൻ പോകുന്ന ഏറ്റവും വലിയ ഭീകരതക്കാണ് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് അപ്പോഴും ഞങ്ങൾക്ക് വിദൂരമായ സൂചനപോലും ഉണ്ടായിരുന്നില്ല. കർസേവാ സ്ഥലത്തേക്കുള്ള സന്യാസിമാരുടെ വരവും കാത്ത് ഞങ്ങൾ മസ്ജിദ് പരിസരത്തേക്ക് കണ്ണുനട്ടിരുന്നു. ഞങ്ങളെ അഭിമുഖീകരിച്ച് ചെറിയൊരു മൊട്ടക്കുന്നിൽ നിലനിന്നിരുന്ന മസ്ജിദ്, കർസേവകരുടെ ഏതൊരു നീക്കത്തെയും ചെറുക്കാൻ ശേഷിയുണ്ടെന്ന പ്രതീതിയാണ് ഞങ്ങളിൽ ജനിപ്പിച്ചത്. ഇരുമ്പുദണ്ഡുകളുടെ നിരവധി ബാരിക്കേഡുകൾക്കും ഉത്തർപ്രദേശ് പി.എ.സി ഭടന്മാരുടെ വലയത്തിനുള്ളിലുമാണ് മസ്ജിദ് എന്ന ധാരണയല്ല അതിന്റെ ശക്തിയെക്കുറിച്ചുള്ള ധാരണ ഞങ്ങളുടെ മനസ്സിൽ നിറച്ചത്. മറിച്ച്, ശക്തമായ മതേതര ഇന്ത്യയുടെ പ്രതീകം എന്ന നിലക്ക് പ്രഭാതത്തിലെ കാറ്റും കോളുമില്ലാത്ത ആകാശത്തെ അഭിമുഖീകരിച്ചുകൊണ്ട് തലയെടുത്തുനിൽക്കുന്ന മസ്ജിദിന്റെ മൂന്ന് കൂറ്റൻ മിനാരങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തകർന്നടിയുമെന്ന് എങ്ങനെ പ്രതീക്ഷിക്കാൻ കഴിയും.സമയം പത്തു മണിയോടടുക്കുന്നു. കോടതിവിധി ലംഘിച്ച് കഴിഞ്ഞ ജൂലൈയിൽ വിശ്വഹിന്ദു പരിഷത്ത് തർക്കസ്ഥലത്ത് നിർമിച്ച രാമ ചബുത്ര (കോൺക്രീറ്റ് പ്ലാറ്റ്ഫോം) യിൽ ചിലർ ശുചീകരണ പ്രവർത്തനം ആരംഭിച്ചു. കാവിവസ്ത്രങ്ങൾ അണിഞ്ഞ സന്യാസിമാർ കൂട്ടംകൂട്ടമായി ചബൂത്രയി ലേക്ക് പ്രവേശിച്ചു തുടങ്ങി. എല്ലാത്തിനും നേതൃത്വം നൽകിക്കൊണ്ട് വി.എച്ച്.പി. ജനറൽ സെക്രട്ടറി അശോക് സിംഗാൾ കർസേവാ സ്ഥലത്ത് ചുറ്റിക്കറങ്ങുന്നു. 10.15 ആയിക്കാണും. ബി.ജെ.പി നേതാക്കളായ എൽ.കെ.അദ്വാനിയേയും മുരളി മനോഹർ ജോഷിയേയും വഹിച്ചുകൊണ്ടുള്ള വാഹന വ്യൂഹം തർക്കസ്ഥഥലത്തിന് വെളിയിൽ വന്നുനിന്നു. ആർത്തലച്ചുവരുന്ന കർസേവകർക്കിടയിലൂടെ സുരക്ഷാഭടന്മാരുടെ സഹായത്തോടെ എൽ. കെ. അദ്വാനിയും ജോഷിയും തർക്കസ്ഥലത്തേക്ക് പ്രവേശിച്ചപ്പോൾ കർസേവകർ ഇളകിമറിഞ്ഞു. ‘ജയ് സിയാ റാം’ വിളി ഗർജനത്തിൻറ തലത്തിലേക്കുയരുന്നത് ഞങ്ങൾ മനസ്സിലാക്കി. അദ്വാനിയുടെ വരവ് എരിയുന്ന അഗ്നിയെ ആളിക്കത്തിക്കുകയാണെന്ന് തിരിച്ചറിയാൻ ഈ കാഴ്ച മാത്രം ദർശിച്ചാൽ മതിയായിരുന്നു.പത്തരയായതോടെ ഉത്തർപ്രദേശ് പോലിസും ആർ.എസ്.എസ് വളണ്ടിയർമാരും തീർത്തിരുന്ന സുരക്ഷാ വലയം തകർന്നു തുടങ്ങി. സന്യാസിമാർക്കും തെരഞ്ഞെടുക്കപ്പെട്ട ഏതാനും കർസേവകർക്കും വേണ്ടി വേർതിരിച്ചിരുന്ന സ്ഥലത്തേക്ക് വേലിക്കെട്ടുകൾ തകർത്തുകൊണ്ട് കർസേവകർ പ്രവേശിച്ചു തുടങ്ങി. ഇവരെ തർക്കസ്ഥലത്തുനിന്ന് മാറ്റുന്നതിന് ആർ.എസ്.എസിന്റെ വളണ്ടിയർമാർ ശ്രമിക്കുന്നത് കാണാമായിരുന്നു. മുക്കാൽ മണിക്കൂറോളം കാക്കിനിക്കർ ധരിച്ച ആർ.എസ്.എസ് വളണ്ടിയർമാർ വ്യക്തമായി ചുവടുവെച്ച അതിർത്തിഭേദകരെ പിടിക്കാൻ ശ്രമിച്ചെങ്കിലും എവിടെനിന്നോ നിർദേശം കിട്ടിയപോലെ ഇവർ അൽപം ദൂരെ തീർത്തിരുന്ന താവളത്തിലേക്ക് പിന്മാറി. ആർ.എസ്.എസ് വളണ്ടിയർമാർ തർക്കസഥലത്ത് വെറും നാടകമാടുകയായിരുന്നുവെന്ന് മനസ്സിലാക്കാൻ അധികം നേരമൊന്നും വേണ്ടിവന്നില്ല. അപ്പോഴേക്കും നാലു വശത്തുനിന്നും കല്ലേറാരംഭിച്ചു. കപ്പിയും കയറും ഉപയോഗിച്ച് കർസേവകർ മസ്ജിദ് സമുച്ചയത്തിലേക്ക് കായികാഭ്യാസികളെപ്പോലെ വലിഞ്ഞുകയറുന്നത് ജയ് സിയാ റാം അട്ടഹാസങ്ങൾക്കിടയിൽ മാനസഭവൻ ടെറസിൽനിന്നുകൊണ്ട് ഞങ്ങൾ നോക്കിക്കണ്ടു. 12 മണിക്ക് കർസേവകർ മസ്ജിദ് മിനാരങ്ങൾക്ക് മുകളിൽ കയറി പിക്കാസുപയോഗിച്ച് തകർക്കൽ ആരംഭിച്ചു. നിമിഷങ്ങൾക്കുള്ളിൽ സമുച്ചയത്തിനുള്ളിലുണ്ടായിരുന്ന സി.ആർ.പി.എഫ് ഭടന്മാർ ജീവനുംകൊണ്ട് ഓടുന്നത് കാണാമായിരുന്നു. മസ്ജിദ് സംരക്ഷിക്കാൻ എന്ന വ്യാജേന അയോധ്യയിലേക്ക് അയച്ച കേന്ദ്രസേനാദളങ്ങൾ മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരം സരയൂ നദിക്കരയിൽ വിശ്രമം തുടർന്നുകൊണ്ടിരുന്നു.യുദ്ധക്കളത്തിന് സമാനമായ അന്തരീക്ഷമാണ് ഞങ്ങൾക്ക് ദർശിക്കാൻ കഴിഞ്ഞത്. അലറിവിളിച്ച് ആയിരങ്ങൾ മസ്ജിദിനുള്ളിലേക്ക് പ്രവേശിച്ചു. പിക്കാസും കോടാലിയും ഇരുമ്പുദണ്ഡുകളുമെല്ലാം മസ്ജിദിന് മുകളിൽ ഉയർന്നുപതിക്കുന്നത് ഞങ്ങൾ കണ്ടു.ജനത്തിരക്കിൽ സമുച്ചയത്തിലേക്ക് പ്രവേശിക്കാൻ കഴിയാതിരുന്ന ആയിരക്കണക്കിന് കർസേവകർ വിവിധ കെട്ടിടങ്ങളുടെ മുകളിൽനിന്ന് ജയ് സിയാ റാം അലറിക്കൊണ്ടിരുന്നു. സമുച്ചയത്തിന് തൊട്ടടുത്ത് ഉയർത്തിക്കെട്ടിയ വേദിയിൽനിന്നിരുന്ന ബി.ജെ.പി-വി.എച്ച്.പി നേതാക്കളുടെ മുഖങ്ങളിൽ പല ഭാവങ്ങളും മിന്നിത്തിളങ്ങി. ഒരുവേള കർസേവകരെ പിന്തിരിപ്പിക്കാനുള്ള ആഹ്വാനങ്ങൾ ഉച്ചഭാഷിണിയിലൂടെ മുഴങ്ങി. അദ്വാനി തലതാഴ്ത്തിയിരുന്നു. രാജമാതാ വിജയരാജ സിന്ധ്യക്ക് അൽപംപോലും കുലുക്കമുള്ളപോലെ തോന്നിയില്ല. ഇവരോടൊപ്പം നിന്നിരുന്ന ഒരു സംഘം പത്രക്കാർ പല ചോദ്യങ്ങളും ചോദിക്കുന്നത് കാണാമായിരുന്നു. അരമണിക്കൂറിനുള്ളിൽ വേദിയിൽനിന്ന് തീർത്തും അവിചാരിതമായ ആഹ്വാനങ്ങൾ ഉയർന്നു. ‘തോഡ്ദോ തോഡ്ദോ’ (പൊളിച്ചോ പൊളിച്ചോ) എന്ന് സാധ്വി ഋത്വംബര ആർത്തട്ടഹസിച്ചു. മുരളി മനോഹർ ജോഷിയുടെ തോളിലേക്ക് ചാഞ്ഞ് ‘ഏക് ധക്ക ഓർ ദോ’ (ഒരു ഇടി കൂടി കൊടുക്കൂ) എന്ന് ഉമ്മാഭാരതി വിളിച്ചു പറയുന്നുണ്ടായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന അദ്വാനിയും രാജമാതായുമെല്ലാം നിസ്സംഗരായി നോക്കിനിൽക്കുന്നു. കർസേവകർ മസ്ജിദിലേക്ക് കയറുമ്പോൾ അദ്വാനിയുടേയും മറ്റും മുഖത്തുണ്ടായ ആശങ്കയുടേയും ഉൽകണ്ഠയുടേയും ഭാവങ്ങൾ കാപട്യത്തിന്റെ പ്രതിഫലനമായിരുന്നില്ലേ? അധികം ആലോചിക്കാൻ കഴിയുന്നതിനു മുമ്പ് ഞങ്ങളോടൊപ്പം മാനസ്ഭവൻറെ ടെറസിലുണ്ടായിരുന്ന കർസേവകർ ഭീകരതയുടെ പ്രതിരൂപങ്ങളായി. പോലിസുകാരും പി.എ.സി ജവാന്മാരും ഇവരോടൊപ്പം ചേർന്ന് താണ്ഡവമാടിയപ്പോൾ ഞങ്ങൾ ഫാസിസത്തിന്റെ നേർമുഖം ദർശിക്കുകയായിരുന്നു. എവിടെനിന്നാണെന്നറിഞ്ഞില്ല, പൊടുന്നനെ പത്രക്കാർക്കു നേരെ ഇരുമ്പുദണ്ഡുകൾ ഉയർന്നു. ക്യാമറകൾ തകർന്നു തരിപ്പണമായി. വനിതകൾ അടക്കമുള്ള പത്രക്കാരുടെ കൂട്ടത്തിലേക്ക് കർസേവകർ ഇരച്ചുകയറി. നിഷ്ഠൂര മർദനങ്ങൾക്കാണ് മാനസ്ഭവൻ ടെറസ് സാക്ഷ്യം വഹിച്ചത്. ‘ജയ് സിയാ റാം’ വിളി മാത്രമായിരുന്നു പത്രക്കാരുടെ പക്കലെ ഏക പ്രതിരോധം. ‘ജയ് സിയാ റാം’ എന്നുറക്കെ വിളിച്ചുകൊണ്ട് കർസേവകരിൽനിന്നു കുതറിമാറി മാനസ്ഭവൻ ഗോവണിപ്പടികൾ രണ്ടും മൂന്നും വെച്ചു ചവിട്ടിയിറങ്ങി. ഇതിനകം അടയാൻ തുടങ്ങുന്ന ഇരുമ്പുഗേറ്റ് കടന്ന് കെട്ടിടത്തിനുള്ളിൽ ഒരു മുറിയിൽ പ്രവേശിച്ചു. ഫാസിസത്തിന്റെ തേരോട്ടത്തെ ഹൃദയമിടിപ്പുകളോടെ കാത്തിരുന്നു. ബാബറി മസ്ജിദ് തകർന്നു വീഴുന്നത് മുറിയുടെ ജനലുകളിലൂടെ ഞങ്ങൾക്ക് അപ്പോഴും കാണാമായിരുന്നു.ഭീകരതയുടെ നിമിഷങ്ങൾ എണ്ണിക്കഴിഞ്ഞ ഞങ്ങൾക്ക് രക്ഷപ്പെടുക മാത്രമായിരുന്നു ലക്ഷ്യം. വലിയ വില കൊടുത്ത് വാങ്ങിയ കാവിത്തുണികൾ ചീന്തി പങ്കുവെച്ചെടുത്ത് തലയിലും കഴുത്തിലും കെട്ടി. നടുക്കയത്തിൽ മുങ്ങുന്നവന് നേർക്ക് നീണ്ടുവരുന്ന സഹായഹസ്തമായി ഫാസിസത്തിന്റെ ചിഹ്നമായ കാവിത്തുണി മാറിയെന്നത് ചരിത്രത്തിന്റെ വൈചിത്ര്യങ്ങളിൽ ഒന്നായിരിക്കാം. കാവിത്തുണി തലയിൽ കെട്ടി ജയ് സിയാ റാം വിളിച്ചുകൊണ്ട് കർസേവകരായി അഭിനയിച്ച് ഒരുതരത്തിൽ കെട്ടിടത്തിനു വെളിയിൽ വന്നു. രാവിലെ വന്നിറങ്ങിയ കാറിനടുത്തെത്തുകയായിരുന്നു ലക്ഷ്യം. പല വാഹനങ്ങളും കത്തിച്ചാമ്പലായി കിടക്കുന്നത് കാണാമായിരുന്നു. ഒരു മണിക്കൂറോളം മരണത്തിൻെറ നിഴലിലൂടെ വാഹനത്തിനുവേണ്ടി തെരഞ്ഞു. അവസാനം അൽപം ദൂരെ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ കയറുമ്പോഴും രക്ഷപ്പെട്ടു എന്ന വിശ്വാസം ഉണ്ടായിരുന്നില്ല. ഇതിനിടയിൽ കൂട്ടത്തിലുണ്ടായിരുന്ന മനോരമ ഫോട്ടോഗ്രാഫർ മുസ്തഫ തന്റെ വിലപിടിപ്പുള്ള ക്യാമറ ഒരു വീട്ടിൽ ഉപേക്ഷിച്ചു. ക്യാമറ കൈയിൽ പിടിക്കുന്നത് മരണം ക്ഷണിച്ചുവരുത്തലാകുമെന്ന് ഞങ്ങൾക്ക് നിശ്ചയമുണ്ടായിരുന്നു.ഫൈസാബാദ് ലക്ഷ്യംവെച്ച് ഇടുങ്ങിയ ഏതോ കാട്ടുവഴിയിലൂടെ കാർ നിങ്ങിയപ്പോൾ പുറകിൽ കൊലവിളികൾ ഉയരുന്നത് കേൾക്കാമായിരുന്നു. ആർത്തട്ടഹസിച്ച് പത്രക്കാരുടെ സമീപത്തേക്ക് കുതിക്കുന്ന കർസേവകരെ പിന്തിരിപ്പിക്കാൻ സർവശക്തിയുമെടുത്ത് കാറിലുള്ളവർ ‘ജയ് സിയാ റാം’ വിളിച്ചു. പല വൈതരണികൾ പിന്നിട്ട് പ്രധാന നിരത്തിലെത്തിയപ്പോൾ പതിനായിരങ്ങളാണ് റോഡിന് ഇരുവശവും നിന്നിരുന്നത്. മസ്ജിദ് പൊളിച്ച് തിരികെ പോകുന്നവരാണ് എന്ന് ധരിച്ച് ആഹ്ളാദത്തോടെയാണ് ഇവർ ഞങ്ങളെ വരവേറ്റത്. പല സ്ഥലത്തും കാർ നിർത്തി ഇവർ ഞങ്ങളുടെ കൈ പിടിച്ചു കുലുക്കി. ജയ് സിയാ റാം എന്ന് പ്രത്യഭിവാദ്യം ചെയ്യാനല്ലാതെ ഞങ്ങൾക്കൊന്നിനും കഴിയുമായിരുന്നില്ല. ഹോട്ടൽമുറിയിൽ തിരിച്ചെത്തി വാർത്ത എഴുതുമ്പോഴേക്കും മസ്ജിദ് പൂർണ്ണമായും തകർന്ന് നിലം പരിശായി കഴിഞ്ഞിരുന്നു.പിറ്റേന്ന്, ചൊവ്വാഴ്ച പുലർച്ചെ വീണ്ടും അയോധ്യയിലെത്തിയപ്പോൾ പുതിയ സ്ഥലത്ത് പ്രവേശിച്ച പ്രതീതിയായിരുന്നു. മസ്ജിദ് ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. ഇവിടെ ഒരു മസ്ജിദ് ഉണ്ടായിരുന്നുവെന്ന് ഇനി ചരിത്രഗ്രന്ഥങ്ങളിലൂടെ വരുംതലമുറ അറിയണം. തീർത്തും ആസൂത്രിതമായായിരുന്നു സംഘ്പരിവാർ കരുക്കൾ നീക്കിയത്. മസ്ജിദിന്റെ കഷണങ്ങൾ പോലും തർക്കസ്ഥലത്തിന് വെളിയിലേക്ക് തള്ളി. ചെറിയൊരു കുന്ന് വെട്ടിയിറക്കി അഞ്ചടി ഉയരത്തിൽ ചുടുകട്ടയും സിമൻ്റും ഉപയോഗിച്ച് ഭിത്തികെട്ടി ഉള്ളിൽ രാമവിഗ്രഹം പ്രതിഷ്ഠിച്ച് താൽക്കാലിക അമ്പലം ഉയർത്തി. പൂജക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ആർ.എസ്.എസ്-വി.എച്ച്.പി നേതാക്കൾ സംഭവസ്ഥലത്തുനിന്ന് പിന്മാറിയത്. എല്ലാം കഴിഞ്ഞ് സംഭവസ്ഥലത്തെത്തിയ സി.ആർ.പി.എഫ് ഭടന്മാർ താൽക്കാലിക ക്ഷേത്രത്തിന് കാവൽ നിൽക്കുന്നു! ഇതെല്ലാം ഇന്ത്യയെ നയിക്കാൻ നിയോഗിക്കപ്പെട്ടവരുടെ മനസ്സറിവോടെയായിരുന്നുവെന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധി മാത്രം മതിയാകും.ആക്രമിക്കപ്പെട്ട മറ്റു മുസ്ലീം പള്ളികളാണ് അയോധ്യയിൽനിന്ന് മടങ്ങുമ്പോൾ കാണാൻ കഴിഞ്ഞത്. ഫാസിസത്തിന്റെ തേരോട്ടം തുടങ്ങിയതേയുള്ളൂ. ഹിന്ദുരാഷ്ട്രത്തിന്റെ അടിത്തറയാണ് അയോധ്യയിൽ പാകപ്പെട്ടത്. സ്വതന്ത്ര ഇന്ത്യയുടെ ഗതി ഇനി പഴയതുപോലെയാകില്ലെന്ന് ഉറപ്പ്. ഫാസിസത്തിന്റെ രഥയോട്ടം ഇവിടെ തുടങ്ങിയിരിക്കുന്നു. ‘കാശി, മഥുര ബാക്കി’ (കാശിയും മഥുരയും ബാക്കിയുണ്ട്) എന്ന മുദ്രാവാക്യത്തിന് പിന്നിലെ ഭീകരത ഇനിയെങ്കിലും ഇന്ത്യൻ ജനത തിരിച്ചറിഞ്ഞിരുന്നെങ്കിൽ?(ജോൺ ബ്രിട്ടാസ്, ദേശാഭിമാനി 11.12.1992)The post ‘ബാബറി മസ്ജിദ് തകർന്നു വീഴുന്നത് മുറിയുടെ ജനലുകളിലൂടെ ഞങ്ങൾക്ക് അപ്പോഴും കാണാമായിരുന്നു’; 33 വർഷം മുമ്പ് ദേശാഭിമാനിയിൽ എഴുതിയ ലേഖനം പങ്കുവെച്ച് ജോൺ ബ്രിട്ടാസ് എം.പി appeared first on Kairali News | Kairali News Live.