നിങ്ങൾ ദിവസവും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ഒന്നായിരിക്കും നിങ്ങളുടെ ഇയർബഡ്‌സുകൾ. മെട്രോ യാത്രയിൽ സംഗീതത്തിനായി, വ്യായാമം ചെയ്യുമ്പോൾ, നീണ്ടുപോകുന്ന ഓൺലൈൻ മീറ്റിങ്ങുകളിൽ, അല്ലെങ്കിൽ കിടക്കയിൽ കിടന്ന് ഇഷ്ടപ്പെട്ട പരിപാടികൾ കാണുമ്പോൾ പോലും നിങ്ങൾ ഇത് ഉപയോഗിക്കുന്നുണ്ടാകാം.എന്നാൽ ഒരു കാര്യം ഓർക്കുക: നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ വേഗത്തിൽ ഇവയിൽ വിയർപ്പ്, ചെവിക്കായം, പൊടി, എണ്ണമയം എന്നിവ അടിഞ്ഞുകൂടും. ഈ അഴുക്ക് കാഴ്ചയ്ക്ക് മോശമാണെന്ന് മാത്രമല്ല; ഇത് നിങ്ങളുടെ കേൾവി ശക്തിയെ പോലും പ്രതികൂലമായി ബാധിക്കും. വൃത്തിയാക്കാതെ ഉപയോഗിച്ചാൽ ചെവിയിൽ അണുബാധ ഉണ്ടാക്കാൻ സാധ്യത ഏറെയാണ്. അഴുക്കുകൾ അടിഞ്ഞുകൂടുന്നത് ഇയർബഡ്സുകളുടെ ശബ്ദവും ബാറ്ററി ശേഷിയും കുറയ്ക്കാനും കാരണമാകും.ചെലവേറിയ ക്ലീനിങ് കിറ്റുകൾ ഇതിനായി വാങ്ങേണ്ടതില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. വീട്ടിലുള്ള ലളിതമായ ചില വസ്തുക്കളും ശരിയായ രീതികളും ഉപയോഗിച്ച് നിങ്ങളുടെ ഇയർബഡ്‌സുകൾ പുതിയതുപോലെയാക്കാനും മികച്ച പ്രകടനം നിലനിർത്താനും സാധിക്കും. സിലിക്കൺ ടിപ്പുകൾ വേഗത്തിൽ കഴുകുന്നത് മുതൽ ചാർജിങ് കെയ്‌സ് തുടച്ചു വൃത്തിയാക്കുന്നത് വരെ, ഏതാനും മിനിറ്റുകൾ മതി വലിയ മാറ്റങ്ങൾ വരുത്താൻ.ഇയർബഡ്‌സുകൾ കൂടുതൽ കാലം നിലനിൽക്കാനും ശബ്ദ വ്യക്തത നിലനിർത്താനും, ശുചിത്വത്തോടെയിരിക്കാനും സഹായിക്കുന്ന അഞ്ചു ലളിതവും ഫലപ്രദവുമായ മാർഗ്ഗങ്ങൾ താഴെ നൽകുന്നു.1. സിലിക്കൺ അല്ലെങ്കിൽ ഫോം ടിപ്പുകൾ ചെറുചൂടുള്ള സോപ്പ് വെള്ളത്തിൽ കഴുകുകനിങ്ങളുടെ ഇയർബഡ്‌സുകൾക്ക് ഊരിയെടുക്കാവുന്ന ടിപ്പുകൾ ഉണ്ടെങ്കിൽ, അവയെ മെല്ലെ തിരിച്ച് ഊരിയെടുക്കുക. ഒരു ചെറിയ പാത്രത്തിൽ ചെറുചൂടുള്ള വെള്ളവും അൽപ്പം വീര്യം കുറഞ്ഞ ഡിഷ് സോപ്പും എടുക്കുക.ടിപ്പുകൾ 15 മുതൽ 20 മിനിറ്റ് വരെ ഈ ലായനിയിൽ മുക്കിവെക്കുക. അതിനുശേഷം വിരലുകൾ ഉപയോഗിച്ചോ കോട്ടൺ സ്വാബ് ഉപയോഗിച്ചോ അഴുക്കുകൾ നീക്കം ചെയ്യുക. ശേഷം ശുദ്ധ വെള്ളത്തിൽ കഴുകി ഒരു മൃദുവായ ടവലിൽ വെച്ച് കാറ്റിൽ ഉണങ്ങാൻ അനുവദിക്കുക. ഫോം ടിപ്പുകൾ വേഗത്തിൽ വെള്ളം വലിച്ചെടുക്കുന്നതിനാൽ, കൂടുതൽ നേരം മുക്കിവെക്കുന്നത് ഒഴിവാക്കുകയും മൃദുവായി കൈകാര്യം ചെയ്യുകയും വേണം.2. മെഷ് സ്ക്രീനിലെ ചെവിക്കായം ബ്രഷ് ഉപയോഗിച്ച് നീക്കുകഇയർബഡ്‌സുകളുടെ ശബ്ദം മങ്ങാനുള്ള പ്രധാന കാരണം മെഷിൽ അഴുക്ക് അടിഞ്ഞുകൂടുന്നതാണ്. മെഷ് ഭാഗം താഴേക്ക് വരുന്ന രീതിയിൽ ഇയർബഡ്‌സ് പിടിക്കുക. ശേഷം ഉണങ്ങിയതും മൃദുവുമായ ബ്രഷ് ഉപയോഗിച്ച് മെല്ലെ തുടയ്ക്കുക. ഇത് അഴുക്കുകൾ പുറത്തേക്ക് പോകാൻ സഹായിക്കും. കട്ടിയുള്ള അഴുക്ക് നീക്കാൻ, അൽപം റബ്ബിംഗ് ആൽക്കഹോളിൽ മുക്കിയ കോട്ടൺ സ്വാബ് ഉപയോഗിച്ച് മെഷ് ഭാഗം ശ്രദ്ധയോടെ തുടയ്ക്കുക. മെഷിലേക്ക് ചെവിക്കായം കൂടുതൽ ഉള്ളിലേക്ക് പോകാതിരിക്കാൻ ശക്തമായി അമർത്തുന്നത് ഒഴിവാക്കുക.3. ഇയർബഡ്‌സിന്റെ പുറംഭാഗം തുടയ്ക്കുകഇയർബഡ്‌സിന്റെ പുറംഭാഗത്ത് നിങ്ങളുടെ ചർമ്മത്തിലെ എണ്ണമയം, വിയർപ്പ്, പോക്കറ്റിലെ അല്ലെങ്കിൽ ബാഗിലെ നാരുകൾ എന്നിവ പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്. ഇവ വൃത്തിയാക്കാൻ ഒരു മൈക്രോഫൈബർ തുണി ഉപയോഗിക്കുക. അണുവിമുക്തമാക്കാൻ, തുണിയോ കോട്ടൺ സ്വാബോ അൽപ്പം റബ്ബിംഗ് ആൽക്കഹോളിൽ മുക്കി പുറംഭാഗം തുടയ്ക്കുക. തുറന്ന ഭാഗങ്ങളിലൂടെ ദ്രാവകം ഉള്ളിലേക്ക് ഒഴുകുന്നില്ലെന്ന് ഉറപ്പാക്കുക.4. ചാർജിങ് കെയ്‌സ് വൃത്തിയാക്കുകനിങ്ങളുടെ ചാർജിങ് കെയ്‌സ് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഒരു ഉണങ്ങിയ തുണി ഉപയോഗിച്ച് ഉൾഭാഗവും പുറംഭാഗവും തുടയ്ക്കുക. മൂലകളിലും ചാർജിങ് പിന്നുകളിലും വൃത്തിയാക്കാൻ കോട്ടൺ സ്വാബ് ഉപയോഗിക്കുക. കട്ടിയുള്ള അഴുക്കുണ്ടെങ്കിൽ, സ്വാബ് റബ്ബിംഗ് ആൽക്കഹോളിൽ മുക്കി ശ്രദ്ധയോടെ വൃത്തിയാക്കുക. ഇയർബഡ്‌സുകൾ തിരികെ വെക്കുന്നതിനുമുമ്പ് കെയ്‌സ് പൂർണ്ണമായും കാറ്റിൽ ഉണങ്ങാൻ അനുവദിക്കുക.5. തുണികൊണ്ടുള്ള കവറോ പൗച്ചോ കഴുകുകനിങ്ങളുടെ ഇയർബഡ്‌സുകൾ സൂക്ഷിക്കുന്നതിനുള്ള തുണിസഞ്ചിയോ കവറോ ആണെങ്കിൽ അതിനും ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ചെറുചൂടുവെള്ളത്തിൽ ഏതാനും തുള്ളി സോപ്പ് ചേർത്ത് പൗച്ച് കുറച്ച് മിനിറ്റ് നേരം മുക്കിവെക്കുക. നന്നായി കഴുകി, തണലുള്ളതും കാറ്റുള്ളതുമായ സ്ഥലത്ത് ഉണങ്ങാൻ വെക്കുക. വൃത്തിയുള്ള പൗച്ച് പൊടിയും നാരുകളും വീണ്ടും ഇയർബഡ്‌സിൽ പറ്റുന്നത് തടയും.ഇയർബഡ്‌സുകൾ ചെറുതാണെങ്കിലും നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ അവയ്ക്ക് വലിയ പങ്കുണ്ട്. അവ വൃത്തിയായി സൂക്ഷിക്കുന്നത് ശബ്ദ നിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, ബാക്ടീരിയകളിൽ നിന്നും അസ്വസ്ഥതകളിൽ നിന്നും നിങ്ങളുടെ ചെവിയെ സംരക്ഷിക്കുകയും ചെയ്യും. ഈ അഞ്ച് ലളിതമായ രീതികൾ ഉപയോഗിച്ച് പണം ചെലവഴിക്കാതെ നിങ്ങൾക്ക് അവയെ പുതിയ രൂപത്തിൽ നിലനിർത്താനാകും. ആഴ്ചയിൽ ഒരിക്കലെങ്കിലും അവ വൃത്തിയാക്കുക, ഓരോ തവണ നിങ്ങൾ പ്ലേ ചെയ്യുമ്പോഴും വ്യത്യാസം നിങ്ങൾക്ക് അനുഭവപ്പെടും.