മാഞ്ചസ്റ്റര്‍ | ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ ജൂത സിനഗോഗില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സംഭവം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് പോലീസ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്.അക്രമിയെ തിരിച്ചറിഞ്ഞെന്നും ആയുധധാരികളായ ഉദ്യോഗസ്ഥര്‍ അക്രമിയെ വെടിവച്ച് കൊന്നതായും പോലീസ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച പ്രദേശിക സമയം ഒന്‍പതരയോടെയാണ് ആക്രമണമുണ്ടായത്.അക്രമിയുടെ ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചിരുന്നുവെന്നു പോലീസ് വ്യക്തമാക്കി. ആള്‍ക്കൂട്ടത്തിനിടെയിലേക്ക് കാര്‍ ഓടിച്ച് കയറ്റിയ ശേഷം ആരാധനാലയത്തിലേക്ക് കയറാന്‍ ശ്രമിച്ച അക്രമിയെ ആളുകള്‍ തടയുകയായിരുന്നു. ഇതിനിടെയാണ് ഒരാള്‍ക്ക് കുത്തേറ്റത്.ആക്രമണത്തെ അപലപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. യുകെയിലുടനീളമുള്ള സിനഗോഗുകളില്‍ കൂടുതല്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചതായും സ്റ്റാര്‍മര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് സ്റ്റാര്‍മര്‍ ഡെന്മാര്‍ക്ക് സന്ദര്‍ശനം അവസാനിപ്പിച്ചു.