തിരുവനന്തപുരം | ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ദുരൂഹത തുടരുന്നു. 1998ല്‍ വ്യവസായി വിജയ് മല്യ സമര്‍പ്പിച്ച 30 കിലോയിലധികം സ്വര്‍ണത്തിന്റെ യഥാര്‍ഥ രേഖകള്‍ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് ദേവസ്വം വിജിലന്‍സ്. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസില്‍ നിന്നാണ് രേഖകള്‍ കാണാതായത്.വിജയ് മല്യ സ്വര്‍ണം സമര്‍പ്പിച്ചിരുന്നുവെന്ന കാര്യം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, എത്ര കിലോ സ്വര്‍ണമാണ് എന്നതുള്‍പ്പെടെയുള്ള വിവരങ്ങളടങ്ങിയ നിര്‍ണായക രജിസ്റ്ററുകളും അനുബന്ധ രേഖകളുമാണ് അപ്രത്യക്ഷമായിരിക്കുന്നത്. രേഖകള്‍ ബോധപൂര്‍വം മാറ്റിയതാണെന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്. 2019-ലുണ്ടായ വിവാദങ്ങള്‍ക്കു ശേഷമുള്ള രേഖകള്‍ മാത്രമാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിജിലന്‍സിന് കൈമാറിയിട്ടുള്ളത്.1998-ല്‍ സ്വര്‍ണം പൂശുന്ന ജോലികളുടെ മേല്‍നോട്ടം ദേവസ്വം മരാമത്ത് വിഭാഗത്തിലായിരുന്നു നിക്ഷിപ്തമായിരുന്നത്. അന്നത്തെ മരാമത്ത് ചീഫ് എന്‍ജിനീയര്‍ക്കും ഡിവിഷണല്‍ എന്‍ജിനീയര്‍ക്കുമായിരുന്നു ചുമതല. ഇത് കണക്കിലെടുത്ത് രേഖകള്‍ മരാമത്ത് വകുപ്പിന്റെ കൈവശമുണ്ടാകുമെന്ന പ്രതീക്ഷയില്‍ വകുപ്പിനോട് വിവരങ്ങള്‍ തേടി കാത്തിരിക്കുകയാണ് വിജിലന്‍സ്.