പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഇയര്‍ ബാലന്‍സ് അഥവാ ശരീരത്തിന്‍റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നത്. കുനിയുമ്പോഴും തിരിയുമ്പോഴും പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോഴുമെല്ലാം തലകറക്കമായി അനുഭവപ്പെടുന്ന ഈ അവസ്ഥയെ അങ്ങനെ നിസാരമായി കാണാൻ കഴിയില്ല. തലകറക്കം എന്നത് ഒരു രോഗമല്ല, മറിച്ച് പല രോഗങ്ങളുടെയും ഒരു ലക്ഷണം മാത്രമാണെന്ന് ആണ് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി പ്രൊഫസറും കാഷ്വാലിറ്റി ഡെപ്യൂട്ടി സൂപ്രണ്ടുമായ ഡോ. എസ്. സുജാത പറയുന്നത്. ഡോക്ടറുടെ വാക്കുകൾ അറിയാം…എന്താണ് ഇയര്‍ ബാലന്‍സ്?നമ്മുടെ ശരീരത്തിന് സന്തുലിതാവസ്ഥ നല്‍കുന്നതില്‍ ചെവിക്ക് പ്രധാന പങ്കുണ്ട്. ആന്തരിക കര്‍ണത്തിലെ (inner ear) വെസ്റ്റിബ്യൂള്‍, സെമി സര്‍ക്കുലര്‍ കനാല്‍ തുടങ്ങിയ ഭാഗങ്ങളാണ് ഇത് നിയന്ത്രിക്കുന്നത്. ഇതിനകത്തുള്ള പെരിലിംഫ്, എന്‍ഡോലിംഫ് ദ്രാവകങ്ങളുടെയും ചെറിയ ഹെയര്‍ സെല്ലുകളുടെയും ചലനങ്ങള്‍ തലച്ചോറിലെത്തുമ്പോഴാണ് നമുക്ക് നേരെ നില്‍ക്കാനും നടക്കാനും സാധിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളില്‍ വരുന്ന ഏത് തകരാറും ഇയര്‍ ബാലന്‍സ് നഷ്ടപ്പെടുന്നതിനും തലകറക്കത്തിനും കാരണമാകാം.ALSO READ: എത്ര വിളിച്ചിട്ടും ഉറക്കം വരുന്നില്ലേ ? ഈ വിദ്യകൾ ഒന്ന് പരീക്ഷിക്കാംനമ്മുടെ കണ്ണുകള്‍, ചെവികള്‍, സന്ധികള്‍ എന്നിവയില്‍ നിന്നുള്ള സിഗ്നലുകള്‍ തലച്ചോറില്‍ ഒരുമിച്ച് എത്തുമ്പോഴാണ് ബാലന്‍സ് സാധ്യമാകുന്നത്. അതിനാല്‍ ഇവയിലേതിലെങ്കിലും വരുന്ന പ്രശ്നങ്ങളും തലകറക്കത്തിന് കാരണമായേക്കാം.പ്രധാന കാരണങ്ങള്‍ഇയര്‍ ബാലന്‍സ് പ്രശ്നങ്ങള്‍ക്ക് പല കാരണങ്ങളുണ്ട്. അവയെ പ്രധാനമായും രണ്ടായി തിരിക്കാം:പെരിഫറല്‍ കാരണങ്ങള്‍ (ചെവി സംബന്ധമായവ): ◦ വൈറല്‍ അണുബാധ: വൈറല്‍ പനിയെ തുടര്‍ന്ന് ആന്തരിക കര്‍ണത്തില്‍ അണുബാധയുണ്ടാകുന്നത് (വൈറല്‍ ലാബിരിന്തൈറ്റിസ്) തലകറക്കത്തിന് കാരണമാകാം.◦ കര്‍ണപടത്തിലെ ക്ഷതങ്ങള്‍: അപകടങ്ങളിലൂടെയോ അണുബാധയിലൂടെയോ കര്‍ണപടത്തിനുണ്ടാകുന്ന ക്ഷതങ്ങള്‍ പിന്നീട് അണുബാധയ്ക്ക് കാരണമാവുകയും അത് ആന്തരിക കര്‍ണത്തിലേക്ക് വ്യാപിക്കുകയും ചെയ്യാം.◦ മെനിയേഴ്സ് ഡിസീസ് (Meniere’s Disease): ആന്തരിക കര്‍ണത്തിലെ ദ്രാവകങ്ങളുടെ അളവില്‍ വ്യതിയാനം വരുന്നത് പെട്ടെന്നുള്ള തലകറക്കത്തിനും കേള്‍വിക്കുറവിനും കാരണമാകും. അമിതമായ ഉപ്പിന്റെ ഉപയോഗം, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവ ഇതിന് കാരണമാകാം.◦ ബിനൈന്‍ പരോക്സിസ്മല്‍ പൊസിഷണല്‍ വെര്‍ട്ടിഗോ (BPPV): ഏറ്റവും സാധാരണയായി കാണുന്ന കാരണങ്ങളിലൊന്നാണിത്. ആന്തരിക കര്‍ണത്തിലെ ചെറിയ ക്രിസ്റ്റലുകള്‍ക്ക് സ്ഥാനചലനം സംഭവിക്കുന്നതാണ് ഇതിന് കാരണം. രാത്രിയില്‍ ഉറക്കത്തില്‍ നിന്നെഴുന്നേല്‍ക്കുമ്പോള്‍ മുറിയോടൊപ്പം കറങ്ങുന്നതായി തോന്നുന്നതും ശക്തമായ ഛര്‍ദ്ദിയുമുണ്ടാകുന്നത് ഇതിന്‍റെ ലക്ഷണമാണ്.സെന്‍ട്രല്‍ കാരണങ്ങള്‍ (തലച്ചോറുമായി ബന്ധപ്പെട്ടവ): ◦ തലച്ചോറിലെ മുഴകള്‍, രക്തസ്രാവം, രക്തയോട്ടത്തിലുണ്ടാകുന്ന കുറവ് തുടങ്ങിയവയും ബാലന്‍സ് നഷ്ടപ്പെടാന്‍ കാരണമാകാം. ഇത് കൂടുതല്‍ ഗൗരവമേറിയതും ന്യൂറോളജി വിഭാഗത്തിന്‍റെ സഹായം ആവശ്യമുള്ളതുമാണ്.എപ്പോള്‍ ഡോക്ടറെ കാണണം?രണ്ട് ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന തലകറക്കം, എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ, കാഴ്ച മങ്ങല്‍, ശക്തമായ ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. സ്വയം ചികിത്സ അപകടകരമാണ്, കാരണം തലകറക്കത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തേണ്ടത് പ്രധാനമാണ്. രോഗിയുടെ വിവരങ്ങള്‍ ചോദിച്ചറിയുന്നതിലൂടെയും (History Taking) രക്തപരിശോധന, ഓഡിയോഗ്രാം, വി.എന്‍.ജി, സി.ടി/എം.ആര്‍.ഐ സ്കാന്‍ തുടങ്ങിയ പരിശോധനകളിലൂടെയുമാണ് രോഗനിര്‍ണയം നടത്തുന്നത്.മരുന്ന് കൊണ്ടുമാത്രം ഇയര്‍ ബാലന്‍സ് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല. അതിനു ചില മാർഗങ്ങളുണ്ട്…എപ്ലി മെനുവര്‍ (Epley Maneuver): ബി.പി.പി.വി. പോലുള്ള പ്രശ്നങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായ ചികിത്സാരീതിയാണിത്. തലയും കഴുത്തും പ്രത്യേക രീതിയില്‍ ചലിപ്പിച്ച് സ്ഥാനചലനം സംഭവിച്ച ക്രിസ്റ്റലുകളെ തിരികെ യഥാസ്ഥാനത്ത് എത്തിക്കുന്ന ഈ രീതിക്ക് ശേഷം 48 മണിക്കൂര്‍ വിശ്രമം ആവശ്യമാണ്.വ്യായാമങ്ങള്‍: കഴുത്തിലെയും കണ്ണിലെയും പേശികള്‍ക്ക് ബലം നല്‍കുന്ന വ്യായാമങ്ങള്‍ ചെയ്യുന്നത് രോഗിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും രോഗം വീണ്ടും വരാതിരിക്കാനും സഹായിക്കും.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍കുനിഞ്ഞുനിന്ന് തല തോര്‍ത്തുന്നതും പെട്ടെന്ന് തല വെട്ടിത്തിരിക്കുന്നതും ഒഴിവാക്കുക.ഉറക്കത്തില്‍ നിന്നെഴുന്നേല്‍ക്കുമ്പോള്‍ അല്പസമയം ഇരുന്ന ശേഷം മാത്രം എഴുന്നേറ്റ് നടക്കുക.കംപ്യൂട്ടറിന് മുന്നില്‍ ഏറെ നേരം ജോലി ചെയ്യുന്നവര്‍ കഴുത്തിന് സപ്പോര്‍ട്ട് നല്‍കുന്ന കസേരകള്‍ ഉപയോഗിക്കുകയും ഇടവേളകള്‍ എടുക്കുകയും ചെയ്യുക.ശരീരത്തിലെ വൈറ്റമിന്‍ ഡി, കാല്‍സ്യം എന്നിവയുടെ അളവ് ശരിയായി നിലനിര്‍ത്തുക. വൈറ്റമിന്‍ ഡിയുടെ കുറവ് ഇയര്‍ ബാലന്‍സ് പ്രശ്നങ്ങള്‍ക്ക് ഒരു പ്രധാന കാരണമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുThe post നിന്നാലും ഇരുന്നാലും തലകറക്കം, ഇയര് ബാലന്സ് അത്ര വില്ലനോ ? കാരണങ്ങളും പരിഹാര മാര്ഗ്ഗങ്ങളും ഡോക്ടർ പറയുന്നത് അറിയാം appeared first on Kairali News | Kairali News Live.