റാഞ്ചി | ഝാര്‍ഖണ്ഡില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം രണ്ട് വൈദികരെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. പുരോഹിതരായ ഫാ. ഡീന്‍ തോമസ് സോറെംഗിനും ഫാ. ഇമ്മാനുവല്‍ ബാഗ്വാറിനുമാണ് പരിക്കേറ്റത്.പള്ളിയിലേക്ക് അതിക്രമിച്ച് കയറിയ മുഖംമൂടി ധാരികളായ 12 അംഗ സംഘം വൈദികരെ ഉപദ്രവിക്കുകയും ലക്ഷക്കണക്കിന് രൂപയും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും കവരുകയും ചെയ്തു.സിംഡെഗ ജില്ലയിലെ തുംഡെഗിയിലെ സെന്റ് ജോസഫ് പള്ളിയിലാണ് പുരോഹിതര്‍ക്ക് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ രണ്ടുവൈദികരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.ആക്രമണത്തിന്റെ ലക്ഷ്യം കവര്‍ച്ചയാണെന്ന് തോന്നുമെങ്കിലും ഒരു മതസ്ഥാപനത്തെ മനപൂര്‍വം ലക്ഷ്യംവച്ചുള്ള നീക്കമാണു നടന്നതെന്നു പള്ളി അധികൃതര്‍ പറഞ്ഞു. അക്രമത്തില്‍ പ്രാദേശിക കത്തോലിക്ക സമൂഹം ശക്തമായി അപലപിച്ചു.