ചെടിച്ചട്ടി ടെണ്ടറിന് കൈക്കൂലി; അറസ്റ്റിലായ കളിമണ്‍ പാത്ര നിര്‍മാണ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനെ സ്ഥാനത്തുനിന്ന് നീക്കി

Wait 5 sec.

തൃശൂര്‍| ചെടിച്ചട്ടി ടെണ്ടറിന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അറസ്റ്റിലായ കളിമണ്‍ പാത്ര നിര്‍മ്മാണ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനെ സ്ഥാനത്തുനിന്ന് നീക്കി. ചെയര്‍മാന്‍ ആയിരുന്ന കെഎന്‍ കുട്ടമണിക്കെതിരെയാണ് വിജിലന്‍സ് കേസെടുത്തത്. 3600 ചെടിച്ചട്ടി ഇറക്കുന്നതിന് പതിനായിരം രൂപ മണ്‍ചട്ടി നിര്‍മാതാക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിനാണ് കേസ്. ചിറ്റിശേരിയിലുള്ള ചെടിച്ചട്ടി നിര്‍മാതാക്കളില്‍ നിന്നാണ് കെഎന്‍ കുട്ടമണി കൈക്കൂലി വാങ്ങിയത്. വളാഞ്ചേരിയിലെ കൃഷിഭവന്‍ വഴി ചെടിച്ചട്ടി വിതരണം ചെയ്യുന്നതിനുള്ള ടെണ്ടര്‍ കൈകാര്യം ചെയ്യുന്നത് കുട്ടമണി ചെയര്‍മാനായ കോര്‍പ്പറേഷനായിരുന്നു. ചിറ്റിശേരി സ്വദേശികളും ടെണ്ടറില്‍ പങ്കെടുത്തിരുന്നു.ചട്ടി ഒന്നിന് 95 രൂപയ്ക്കാണ് ടെണ്ടര്‍ ലഭിച്ചത്. ആറായിരം ചട്ടി നിര്‍മ്മിക്കാമോയെന്ന് കോര്‍പ്പറേഷനില്‍ നിന്ന് വിളിച്ചു ചോദിച്ചതല്ലാതെ തുടര്‍ നടപടികളുണ്ടായില്ല. വളാഞ്ചേരിയിലെ കൃഷിഭവനിലന്വേഷിച്ചപ്പോള്‍ നൂറില്‍ താഴെ ചട്ടികള്‍ വെറൊരു കൂട്ടര്‍ ഇറക്കിവച്ചതായി വിവരവും ലഭിച്ചു. പരാതിയുമായി മുന്നോട്ട് പോകാന്‍ തുടങ്ങുന്നതിനിടെയാണ് 3642 ചെടിച്ചട്ടികള്‍ നല്‍കാനുള്ള ഓര്‍ഡര്‍ നല്‍കുന്നത്. കൂടുതല്‍ ഓര്‍ഡര്‍ വേണമെങ്കില്‍ ചട്ടി ഒന്നിന് മൂന്നു രൂപ കൈക്കൂലി നല്‍കണമെന്ന് കുട്ടമണി ഫോണില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നായിരുന്നു ചട്ടി നിര്‍മാണ യൂനിറ്റ് ഉടമകള്‍ വിജിലന്‍സിനെ സമീപിച്ചത്.കുട്ടമണി ആദ്യം 25000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പിന്നീട് അത് പതിനായിരമാക്കി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് കുട്ടമണി. തൃശൂര്‍ വടക്കേസ്റ്റാന്റിലുള്ള കോഫീ ഹൗസില്‍ പണം കൈമാറുന്നതിനിടെയാണ് വിജിലന്‍സ് കുട്ടമണിയെ പിടികൂടിയത്.