തൃശൂര്‍ | തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി കോണ്‍ഗ്രസ്. സുരേഷ് ഗോപിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. മണ്ഡലത്തില്‍ ആറ് മാസമായി സ്ഥിരതാമസമാണെന്ന വ്യാജസത്യവാങ്മൂലം നല്‍കിയാണ് സുരേഷ് ഗോപി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തതെന്ന് മുന്‍ എംപിയും പരാതിക്കാരനുമായ ടിഎന്‍ പ്രതാപന്‍ പറഞ്ഞു.ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തില്‍ വോട്ട് ചേര്‍ക്കാന്‍ സാധിക്കുകയുള്ളു. പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ശാസ്തമംഗലം ഡിവിഷനിലെ 22/1788 എന്ന വീട്ടുനമ്പറില്‍ സ്ഥിര താമസക്കാരാണ്. സുരേഷ് ഗോപി 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന്നു തൊട്ടു മുന്‍പായിട്ടാണ് 115 ആം നമ്പര്‍ ബൂത്തില്‍ ഏറ്റവും അവസാനമായി വോട്ട് ചേര്‍ത്തത്. ശാസ്തമംഗലം ഡിവിഷനില്‍ സ്ഥിര താമക്കാരനായ സുരേഷ് ഗോപി തൃശൂരില്‍ നല്‍കിയ സത്യ പ്രസ്താവനയും രേഖയും സത്യമല്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.ജനപ്രാതിനിധ്യ നിയമം അനുസരിച്ചും ഇന്ത്യന്‍ ശിക്ഷ നിയമം അനുസരിച്ചും സുരേഷ് ഗോപിയും കുടുംബവും ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. ഇക്കാര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് സംബന്ധിച്ചു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കും.