മഴയത്ത് നാലുപേർ സ്കൂട്ടറിൽ പോകുന്നത് കണ്ടപ്പോൾ രത്തൻ ടാറ്റ കണ്ട സ്വപ്നം; ‘ലില്ലി’ എന്ന അവസാന നാനോയെക്കുറിച്ച് വൈകാരിക കുറിപ്പ്

Wait 5 sec.

സാധാരണക്കാരായ ഇന്ത്യക്കാരുടെ കാർ എന്ന സ്വപ്നം യാഥാർഥ്യമാക്കിയതിന് രത്തൻ ടാറ്റ എന്ന മനുഷ്യനോടാണ് നന്ദി പറയേണ്ടത്. ഒരു ദിവസം ഓഫീസിലേക്കുള്ള യാത്രയിൽ കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടപ്പോഴാണ് രത്തൻ ടാറ്റ ആ കാഴ്ച കാണുന്നത്. ഒരു സ്കൂട്ടറിൽ മഴ നനഞ്ഞുകൊണ്ട് നാലുപേർ പോകുന്നു. അങ്ങനെയാണ് ഒരു ലക്ഷം രൂപയ്ക്ക് കാർ പുറത്തിറക്കിയാൽ, നാല് പേർക്ക് മഴയും വെയിലും കൊള്ളാതെ സുരക്ഷിതമായി യാത്ര ചെയ്യാനാകുമല്ലോയെന്ന ചിന്തയിലേക്ക് അദ്ദേഹം എത്തുന്നത്. അന്ന് രത്തൻ ടാറ്റ കണ്ട സ്വപ്നം യാഥാർഥ്യമാകാൻ അധികസമയം വേണ്ടിവന്നില്ല. 2008-ൽ ഒരു ലക്ഷം രൂപയുടെ നാനോ കാർ ടാറ്റ പുറത്തിറക്കി. ഇന്ത്യൻ കാർ വിപണിയിൽ പുതു വിപ്ലവം സൃഷ്ടിക്കുകയായിരുന്നു ടാറ്റ മോട്ടോഴ്സ്.. നാനോയുടെ നിർമ്മാണം അവസാനിച്ചെങ്കിലും അതിനു പിന്നിലെ ആ സ്പിരിറ്റ് ഇപ്പോഴും ജീവിക്കുന്നു.ഇന്ത്യൻ നിരത്തുകളിൽ ചരിത്രംകുറിച്ച കുഞ്ഞൻ കാർ നാനോയുടെ, അവസാന യൂണിറ്റ് സ്വന്തമാക്കിയത് രത്തൻ ടാറ്റയുടെ മുൻ സഹായിയും ടാറ്റ മോട്ടോഴ്സിൻ്റെ ഇപ്പോഴത്തെ ജനറൽ മാനേജരുമായ ശാന്തനു നായിഡുവാണ്. ഒരു കുടുംബാംഗത്തെപോലെയാണ് ശാന്തനു നായിഡു ഈ കാറിനെ കൊണ്ടുനടന്നത്. നാനോ ഉൽപാദനം അവസാനിപ്പിച്ചിട്ട് ഇപ്പോൾ ആറ് വർഷമാകുന്നു. അതായത് നായിഡുവിന്‍റെ സ്വന്തം ലില്ലിയ്ക്ക് ആറ് വയസായി. അടുത്തിടെ, നായിഡു ലില്ലിയുമൊത്തുള്ള ഒരു ഹൃദയസ്പർശിയായ ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചു. ഈ ചെറിയ കാർ സൂക്ഷിക്കുന്ന ഓർമ്മകളെക്കുറിച്ചാണ് അദ്ദേഹം പോസ്റ്റിൽ കുറിച്ചത്.ശാന്തനു നായിഡുവിനെ സംബന്ധിച്ച് ലില്ലി ഒരു “ഓർമ്മ സൂക്ഷിപ്പുകാരി”യാണ്. ഇത് അനുകമ്പയിൽ നിന്ന് ഉണ്ടായ ഒരു സ്വപ്നത്തിനുള്ള ആദരവാണ്. മഴയത്ത് ഒരു സ്കൂട്ടറിൽ നാല് പേർ യാത്ര ചെയ്യുന്നത് കണ്ടപ്പോഴാണ് രത്തൻ ടാറ്റ പാവപ്പെട്ടവർക്കുവേണ്ടിയുള്ള കാറിനെപ്പറ്റി ചിന്തിച്ചത്. ആ നിമിഷമാണ് നാനോയുടെ പിറവിക്ക് കാരണമായത്.“ലില്ലിക്ക് ആറ് വയസ് തികയുന്നു. അവൾ ചെറുതാണെങ്കിലും എൻ്റെ ജീവിതത്തിലെ തകർച്ചയുടെയും മുന്നേറ്റത്തിൻ്റെയും സ്നേഹത്തിൻ്റെയും നഷ്ടങ്ങളുടെയും ഭാരം മുഴുവൻ അവൾ താങ്ങി. അവൾ ഒരു ഓർമ്മ സൂക്ഷിപ്പുകാരിയാണ്… വാക്ക് പാലിച്ചു എന്നതിൻ്റെ തെളിവാണ്… ലില്ലി, എല്ലാ പോരാട്ടങ്ങളുടെയും മുറിപ്പാടുകൾ ഉണ്ടായിരുന്നിട്ടും നിൻ്റെ വിശ്വസ്ഥതയ്ക്കും സ്നേഹത്തിനും നന്ദി.”Also Read- ഹിറ്റായി രോഹിതിന്റെ പുതിയ ആഡംബര കാര്‍; നമ്പറിലെ ബ്രില്യൻസ് ഡികോഡ് ചെയ്ത് ഫാൻസ്ഏറെ ഹൃദയസ്പർശിയായ ശാന്തനു നായിഡുവിന്‍റെ വാക്കുകൾ പലരുടെയും മനസ്സിനെ സ്പർശിച്ചു. ഈ പോസ്റ്റ് വൈറലായതോടെ, നാനോയെ ഒരു കാറായി മാത്രമല്ല, ഒരു കുടുംബാംഗത്തെപ്പോലെ സ്നേഹത്തോടെ ഓർക്കുന്ന ഇന്ത്യക്കാർക്കിടയിൽ ഒരു ഗൃഹാതുരത്വം ഉണർന്നു. View this post on Instagram A post shared by Sock Talks (@socktalks.tv)ശാന്തനുവിന്‍റെ പോസ്റ്റ് വൈറലായതോടെ, നിരവധിപേർ നാനോയോടുള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു സോഷ്യൽമീഡിയയിൽ പോസ്റ്റുകളും കമന്‍റുകളും ഇട്ടു. ചിലർ ടാറ്റ നാനോയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നതായി പോസ്റ്റ് ചെയ്തു. നിർമ്മിക്കപ്പെട്ട അവസാനത്തെ നാനോ കാർ ശാന്തനുവിന്‍റെ ലില്ലി ആയിരിക്കാം, പക്ഷേ സാധാരണക്കാരുടെ കാർ എന്ന സ്വപ്നം സഫലമാക്കിയതിന്‍റെ ഓർമ്മപ്പെടുത്തലായി നാനോയുടെ പാരമ്പര്യം എക്കാലവും നമുക്കിടയിൽ ഉണ്ടാകും.The post മഴയത്ത് നാലുപേർ സ്കൂട്ടറിൽ പോകുന്നത് കണ്ടപ്പോൾ രത്തൻ ടാറ്റ കണ്ട സ്വപ്നം; ‘ലില്ലി’ എന്ന അവസാന നാനോയെക്കുറിച്ച് വൈകാരിക കുറിപ്പ് appeared first on Kairali News | Kairali News Live.