നോളജ് സിറ്റി/കോട്ടയം | അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ ഓര്‍മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രമോഷന്‍ ഫോറം സംഘടിപ്പിച്ച അന്താരാഷ്ട്ര പ്രസംഗ മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച് മര്‍കസ് നോളജ് സിറ്റിയിലെ വിറാസ്-ലോ കോളജ് വിദ്യാര്‍ഥി മുഹമ്മദ് അല്‍ത്താഫ്.മൂന്ന് റൗണ്ടുകളിലായി 1,658 വിദ്യാര്‍ഥികള്‍ മാറ്റുരച്ച മത്സരത്തില്‍ നാലാം സ്ഥാനമാണ് അല്‍ത്താഫ് നേടിയത്. മലയാളികളുടെ കുട്ടികളായ, ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നുള്ളവര്‍ക്കും പങ്കെടുക്കാവുന്ന തരത്തിലാണ് മത്സരം സംഘടിപ്പിച്ചത്.കോട്ടയത്ത് നടന്ന ഫൈനല്‍ റൗണ്ടില്‍ മികച്ച പ്രകടനം നടത്തിയ അല്‍ത്താഫിന് 10,000 രൂപയും സര്‍ട്ടിഫിക്കറ്റും ഉപഹാരവുമാണ് സമ്മാനമായി ലഭിച്ചത്. ‘സാമൂഹിക സാംസ്‌കാരിക വൈവിധ്യങ്ങള്‍; ആഗോള പുരോഗതിയിലുള്ള പങ്കുകള്‍’ എന്ന വിഷയത്തിലാണ് അല്‍ത്താഫ് സംസാരിച്ചത്. മര്‍കസ് ലോ കോളജിലെ ബി ബി എ. എല്‍ എല്‍ ബി വിദ്യാര്‍ഥിയും വിറാസിലെ മുത്വവ്വല്‍ വിദ്യാര്‍ഥിയുമാണ് കൊല്ലം പള്ളിമുക്ക് സ്വദേശിയായ മുഹമ്മദ് അല്‍ത്താഫ്. ജേതാവിനെ മാനേജ്‌മെന്റും സ്റ്റാഫും അഭിനന്ദിച്ചു.