ഗസ്സ|ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ അല്‍ജസീറയുടെ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഗസ്സയുടെ നേര്‍ചിത്രം ലോകത്തിന് കാണിച്ചുക്കൊടുത്ത യുവ മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. അല്‍ ജസീറയുടെ റിപ്പോര്‍ട്ടറും കാമറാമാനും അടക്കം അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. റിപ്പോര്‍ട്ടര്‍മാരായ അനസ് അല്‍ ഷെറിഫ്, മുഹമ്മദ് ഖ്‌റേയ്ഖ്, കാമറാമാന്‍മാരായ ഇബ്രാഹിം സഹെര്‍, മൊഅമെന്‍ അലിവ, മുഹമ്മദ് നൗഫല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. അല്‍ ഷിഫാ ആശുപത്രി ഗേറ്റിന് സമീപം ഇവര്‍ കഴിഞ്ഞിരുന്ന ടെന്റിന് നേരെയാണ് ആക്രമണമുണ്ടായത്. ഗസ്സയില്‍ ഇതുവരെ 200ലേറെ മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.അതേസമയം ഹമാസിന്റെ ഭീകര സെല്ലിന്റെ തലവനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്‌റാഈല്‍ സൈന്യത്തിന്റെ പ്രതികരണം. ഗസ്സ പിടിച്ചടക്കാനുള്ള സൈനിക പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇപ്പോഴുമുള്ളത്.