കോഴിക്കോട്ടെ വൃദ്ധസഹോദരിമാരുടെ കൊലപാതകം; രണ്ട് ദിവസമായിട്ടും സഹോദരനെ കണ്ടെത്താനായില്ല

Wait 5 sec.

കോഴിക്കോട്|കോഴിക്കോട് തടമ്പാട്ടുത്താഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ദിവസമായിട്ടും സഹോദരനെ കണ്ടെത്താനായില്ല. സഹോദരന്‍ പ്രമോദിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്. പ്രമോദിനായി ഇന്നലെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇരുവരെയും പരിചരിക്കാന്‍ കഴിയാത്തതിനാല്‍ സഹോദരന്‍ കൊലപാതകം നടത്തിയെന്നാണ് പോലീസിന്റെ നിഗമനം.കരിക്കാംകുളം ഫ്‌ലോറിക്കന്‍ റോഡില്‍ മൂന്നു വര്‍ഷമായി വാടകയ്ക്ക് താമസിക്കുന്ന ശ്രീജയ (72), പുഷ്പലളിത (68) എന്നിവരാണ്  കൊല്ലപ്പെട്ടത്. സഹോദരിമാരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ച സഹോദിമാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.  ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ പ്രമോദ് സഹോദരിമാര്‍ മരിച്ച വിവരം ബന്ധുക്കളെയും സുഹൃത്തിനെയും വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി നോക്കിയപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടത്. വെള്ള തുണി പുതപ്പിച്ച് തലമാത്രം പുറത്തു കാണുന്ന നിലയില്‍ രണ്ടു മുറികളിലായിരുന്നു മൃതശരീരങ്ങള്‍.തടമ്പാട്ടു താഴത്തെ വാടക വീട്ടിലാണ് പ്രമോദും വൃദ്ധ സഹോദരിമാരും താമസിച്ചിരുന്നത്. സഹോദരിമാരുടെ മരണശേഷം പ്രമോദിനെ കാണാതാവുകയായിരുന്നു. ഫറോക്ക് പാലം ജങ്ഷനിലാണ് പ്രമോദിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അവസാനമായി കണ്ടത്. ആ പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.