കൊച്ചി | സ്വര്‍ണം ഗുളിക രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. കോഴിക്കോട് സ്വദേശിയായ കമറുദ്ദീനില്‍ നിന്ന് ഗുളിക രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1,078 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് കസ്റ്റംസ് പിടികൂടിയത്.വിദേശത്തുനിന്ന് കൊച്ചി വിമാനത്താവളത്തില്‍ എത്തിയ കമറുദ്ദീനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണ്ണം ഗുളിക രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ക്കായി കമറുദ്ദീനെ ചോദ്യം ചെയ്തുവരികയാണ്. സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നു കസ്റ്റംസിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ഈ കടത്ത് സംഘത്തിലെ മറ്റ് കണ്ണികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കസ്റ്റംസ്.വിമാനത്താവളങ്ങളിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് തടയുന്നതിനുള്ള പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. ഒരു ഇടവേളയ്ക്ക് ശേഷമാണ് കൊച്ചി വിമാനത്താവളത്തില്‍ ഇത്രയും വലിയ സ്വര്‍ണ്ണവേട്ട നടക്കുന്നത്.